അറ്റ്ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന പരസ്യവാചകം മറക്കാനാകില്ല മലയാളികള്‍ക്ക്. ആ ശബ്ദത്തിനൊപ്പം എംഎം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് ഗ്രൂപ്പിന്റെ ചെയര്‍മാന്റെ മുഖം കൂടി ഒപ്പം മനസിലേക്കെത്തും. അതാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന മനുഷ്യസ്‌നേഹി ബാക്കിവച്ചുപോയത്.
1942 ജൂലൈ 31ന് തൃശൂര്‍ ജില്ലയില്‍ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടെയും മകനായി ജനിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍, വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം ബാങ്കിങ് മേഖലയിലേക്കെത്തി. കനറാ ബാങ്കിലും എസ്ബിടിയിലും ജോലി ചെയ്തു. പിന്നീട് നാട്ടിലെ ജോലി രാജിവച്ച് കുവൈത്തിലേക്ക്. അവിടെയും ബാങ്ക് ജോലി. വര്‍ഷങ്ങള്‍ക്ക് ശേഷം ബിസിനസ് രംഗത്തേക്ക്.
കേരളവര്‍മ്മ കോളേജില്‍ നിന്നും ബികോം പാസ്സായശേഷം ഇന്ത്യയില്‍ ബാങ്കുദ്യോഗസ്ഥനായിരിക്കെയാണ്കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി ചേര്‍ന്നത്. .പിന്നീട് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജരായി സ്ഥാനകയറ്റം നേടി. തുടര്‍ന്നാണ് സ്വര്‍ണ വ്യാപാരത്തിലേക്ക് കടക്കുന്നത്. കുവൈറ്റില്‍ ആറ് ഷോറൂമുകള്‍ വരെയായി വ്യാപാരം വ്യാപിപ്പിച്ചു. എന്നാല്‍ 1990 ഓഗസ്റ്റ് 2 നാണ് സദാം ഹുസൈന്‍ കുവൈറ്റില്‍ അധിനി
എന്നാല്‍ 1990 ഓഗസ്റ്റ് 2 നാണ് സദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതോടെ എല്ലാം കൊള്ളയടിക്കപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം ദുബായിലെത്തുന്നത്.
വെറും രണ്ട് കിലോ സ്വര്‍ണത്തില്‍ തുടങ്ങി, പിന്നീട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലായി അറ്റ്‌ലസ് വ്യവസായ ഗ്രൂപ്പിന്റേതായി ഉണ്ടായിരുന്നത് 50 ഷോറൂമുകളാണ്. അതില്‍ 20 എണ്ണം യുഎഇയില്‍ മാത്രം. സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും വ്യവസായമായിരുന്നു അറ്റ്‌ലസ് ജ്വല്ലറിയുടേത്. താന്‍ പടുത്തുയര്‍ത്തിയ വലിയ സാമ്രാജ്യം, ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി മാറിയ സാമ്രാജ്യം, തകര്‍ന്നടിഞ്ഞത് ജയിലറകളില്‍ ഇരുന്ന് രാമചന്ദ്രന്‍ അറിഞ്ഞു. ആയിരത്തില്‍ പരം ദിവസങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനായി തിരികെ എത്തുമ്പോള്‍ സ്‌നേഹമുള്ള ഒരുപറ്റം മനുഷ്യരല്ലാതെ ആ മനുഷ്യന് മറ്റൊന്നുമുണ്ടായിരുന്നില്ല.
2018 ജൂണ്‍ 9നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍മോചിതനായത്. അതിന് ശേഷവും രാമചന്ദ്രനെ വെളിച്ചത്തുകാണാന്‍ ഏറെ കാലതാമസമെടുത്തു. ബിസിനസ് വീണ്ടും പുനരാരംഭിച്ച് ജീവിതം തിരിച്ചുപിടിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ആ തീരുമാനവും നീക്കങ്ങളും പൂര്‍ത്തിയാക്കാന്‍ പക്ഷേ അദ്ദേഹത്തിനായില്ല.
ദുബായിലെ ബാങ്കില്‍ നിന്ന് എടുത്തിരുന്ന വായ്പാ തിരിച്ചടവിന് നേരിയ കാലതാമസം നേരിട്ടതോടെയാണ് അറ്റ്‌ലസ് രാമചന്ദ്രന് ബിസിനസില്‍ തിരിച്ചടികളുണ്ടായത്. പെട്ടന്ന് തന്നെ മുഴുവന്‍ തുകയും തിരികെ അടയ്ക്കണമെന്നായിരുന്നു ആവശ്യം. അതനുസരിച്ച് അവര്‍ നടപടികളുമായി മുന്നോട്ടുപോയി. കേസും കോടതിയുമായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയെങ്കിലും അപ്പീല്‍ കോര്‍ട്ടാണ് രാമചന്ദ്രനെ വിട്ടയച്ചത്… പക്ഷേ അപ്പൊഴേക്കും സമയം ഏറെ വൈകിയിരുന്നു. ബിസിനസ് പൂര്‍ണമായും തകരാന്‍ ആ കാലതാമസം ധാരാളമായിരുന്നു.
സ്വര്‍ണാഭരണങ്ങള്‍ മാത്രമായിരുന്നു കയ്യിലുണ്ടായിരുന്ന ഏക ആസ്തി. ജയിലിലായിരുന്ന സമയത്ത് വിശ്വസിച്ചവരും മാനേജര്‍മാരുമെല്ലാം വരെ സ്വന്തം കാര്യം നോക്കി പോയി. അവരൊന്നും എവിടെയാണെന്ന് പോലും കണ്ടെത്താനായില്ല. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. വാടക കുടിശ്ശികയും വലിയ ബാധ്യതയായി. പക്ഷേ ആ പ്രതിസന്ധികള്‍ക്കിടയിലും മുഴുവന്‍ ജീവനക്കാര്‍ക്കും കൊടുക്കാനുള്ളത് മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ അദ്ദേഹത്തിനായി എന്നത് എക്കാലത്തും സ്വന്തം സംതൃപ്തിയായി കണ്ടു അറ്റ്‌ലസ് രാമചന്ദ്രന്‍.
തകര്‍ന്നിട്ടും തളരാത്ത അറ്റ്‌ലസ് രാമചന്ദ്രന്‍….ഭര്‍ത്താവിന് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ ഇന്ദിര
പനപോലെ വളര്‍ന്ന ബിസിനസ് സാമ്രാജ്യം കൈവിട്ടുപോയപ്പോള്‍ എംഎം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ തളര്‍ന്നില്ലെന്ന് മാത്രമല്ല, ജീവിതത്തില്‍ തകര്‍ന്നവര്‍ക്കുള്ള പ്രചോദനം കൂടിയായിരുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും തിരിച്ചുപിടിക്കുമെന്ന, തിരികെ വരുമെന്ന ആത്മവിശ്വാസം ആ മനുഷ്യന് മുതല്‍ക്കൂട്ടായി ഉണ്ടായിരുന്നു…
ദുബായ് ജയിലില്‍ കഴിയുന്ന സമയത്ത് അറ്റ്ലസ് രാമചന്ദ്രന് വേണ്ടി ഒരാള്‍ ഒറ്റയ്ക്ക് പൊരുതി. അതായിരുന്നു അദ്ദേഹത്തിന്റെ പ്രിയസഹധര്‍മ്മിണി ഇന്ദിരാ രാമചന്ദ്രന്‍. ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് രാമചന്ദ്രന്‍ ജയിലിലായത്. അസുഖബാധിതനായ രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചത് വീല്‍ചെയറിലാണ്.
തന്റെ ഭര്‍ത്താവിന്റെ ബിസിനസ് രംഗത്തേക്ക് ഒരിക്കല്‍പ്പോലും കടന്നുവന്നിട്ടില്ലാത്ത ഇന്ദിര, വാടക നല്‍കാന്‍പോലും നിവര്‍ത്തിയില്ലാതെ ഭര്‍ത്താവിന് വേണ്ടി പോരാടിയ കഥയ്ക്ക് കയ്പ്പും മധുരവുമുണ്ട്. ഇതിനിടെ മകളും മരുമകനും മറ്റൊരു കേസില്‍ ജയിലിലാവുകയും ചെയ്തതോടെ എല്ലാ അര്‍ത്ഥത്തിലും ഇന്ദിര ഒറ്റയ്ക്കാകുകയായിരുന്നു.
2015 ഓഗസ്റ്റ് 23നാണ് 34 ബില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസിലാണ് ദുബായ് പൊലീസ് അറ്റ്‌ലസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. അന്ന് താല്‍ക്കാലികമായായിരിക്കും അദ്ദേഹത്തെ കൊണ്ടുപോകുന്നതെന്നാണ് കരുതിയത്. എന്നാല്‍ അത് ജീവിതത്തില്‍ ഇത്ര വലിയ ദുരന്തമായിരിക്കും നല്‍കുക എന്ന് ഒരിക്കലും കരുതിയില്ലെന്ന് ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദിര ഒരിക്കല്‍ പറഞ്ഞു.
ഇത് വാര്‍ത്തയായതോടെ കൂടുതല്‍ ബാങ്കുകള്‍ ചെക്കുകള്‍ സമര്‍പ്പിച്ചു. ആ ബാങ്കുകളുടെയെല്ലാം വാതിലുകളില്‍ നിരന്തരം മുട്ടികക്കൊണ്ടിരുന്നു ഇന്ദിര, തന്റെ ഭര്‍ത്താവിന്റെ മോചനത്തിനായി.
തകര്‍ച്ചയ്ക്ക് മുന്നെ 3.5 മില്യണ്‍ ദിര്‍ഹമായിരുന്നു അറ്റ്ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം. സാമ്പത്തിക തകര്‍ച്ചയില്‍ പെട്ടതോടെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചുപൂട്ടി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാകാതെ ഷോറൂമിലെ 5 മില്യണ്‍ വില വരുന്ന വജ്രങ്ങള്‍മില്യണ്‍ ദിര്‍ഹത്തിനാണ് വിറ്റതെന്നും ഇന്ദിര അന്ന് ഓര്‍മിച്ചു…..