Type Here to Get Search Results !

കൊച്ചിയിലെ നരബലി കേസില്‍ വഴിത്തിരിവായത് കടവന്ത്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതി

കൊച്ചി: നരബലി കേസില്‍ വഴിത്തിരിവായത് കടവന്ത്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതി.



 50 കാരിയായ ലോട്ടറി കച്ചവടം നടത്തിവരുന്ന പത്മയെന്ന യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയിലേക്ക് എത്തിച്ചതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. വളരെ സെന്‍സേഷണല്‍ ആയ കേസാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകുന്നേരത്തോടെ മാധ്യമങ്ങള്‍ക്ക് കൈമാറാമെന്നും നാഗരാജു പറഞ്ഞു. നിലവില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരും മലയാളികള്‍ ആണെന്നും കമ്മീഷണര്‍ അറിയിച്ചു.യുവതിയുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പത്തനംതിട്ടയിലെ തിരുവല്ലയില്‍ ഉണ്ടെന്ന സൂചന ലഭിച്ചത്. യുവതിയെ വഞ്ചിച്ച് തിരുവല്ലയില്‍ എത്തിക്കുകയായിരുന്നുവെന്നും നാഗരാജു പറഞ്ഞു. തിരുവല്ലയിലെ ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് യുവതിയെ ബലി കഴിപ്പിച്ചത്. മുഖ്യകണ്ണി ആരാണ്, എന്തിനാണ് ഇത് ചെയതത് എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും നാഗരാജു പറഞ്ഞു.തിരുവല്ല സ്വദേശികളായ ദമ്പതികള്‍, ഏജന്റ് എന്നിവരെയാണ് നിലവില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ദമ്പതികളുടെ വീട്ടില്‍ വെച്ചാണ് കൊല നടത്തിയത്. ആദ്യത്തെ സംഭവം നടന്നത് ജൂണ്‍ മാസത്തിലാണ്. കാലടി സ്വദേശിയായ 50 കാരി റോസ്ലിയാണ് ഇര. വളരെ ക്രൂരമായിട്ടാണ് രണ്ട് കൊലപാതകം നടന്നത്. മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും നാഗരാജു പറഞ്ഞു. ദമ്പതികളില്‍ ഭര്‍ത്താവ് വൈദ്യനാണ്. ഏജന്റായ റഷീദ്/ ശിഹാബിന്റെ പശ്ചാത്തലം പരിശോധിച്ചുവരികയാണെന്നും നാഗരാജു പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad