തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഓരോ ദിവസവും ഒഴുകുന്നത് കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്ന്. ഒരു ദിവസം ശരാശരി 77 കേസുകൾ സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് വിവരം. എംഡിഎംഎ, ഹാഷിഷ് ഓയിൽ പോലുള്ള അതീവ ഗുരുതരമായ മയക്കുമരുന്നുകളാണ് വിപണനം നടത്തുന്നതിൽ ഏറെയും. സ്കൂൾ കുട്ടികൾ ഉൾപ്പെടെയാണ് ലഹരി മാഫിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ വർഷം ഒക്ടോബർ വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 20,857 കേസുകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
2022ൽ വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെത്തിയ ലഹരിമരുന്നുകളുടെ കണക്കുകൾ ഇങ്ങനെ..
കഞ്ചാവ് – 3,203.8 കിലോ ഗ്രാം
ഹാഷിഷ് – 33,230.4 ഗ്രാം
ബ്രൗൺഷുഗർ – 103.7 ഗ്രാം
ഹെറോയിൻ – 129. 9 ഗ്രാം
എംഡിഎംഎ -6,489.5 ഗ്രാം
സ്കൂൾ പരിസരത്ത് ലഹരി വിൽപന നടത്തിയതിന് 1,254 പേർ അറസ്റ്റിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലഹരി മാഫിയയ്ക്കെതിരായ നടപടി കർശനമാക്കാൻ എക്സൈസ് വകുപ്പ് നീക്കങ്ങൾ ആരംഭിച്ചു. ലഹരി വിൽപ്പനക്കാർക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന വിധം നിയമം കർശനമാക്കും. ഇതിനായി എൻഡിപിഎസ് ആക്ടിൽ നിയമഭേദഗതി നടത്തുന്നതിനുള്ള നിർദ്ദേശം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.