കണ്ണൂർ: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കാൻ 14 ഇടത്ത് സൗകര്യം ഒരുക്കും. തിരക്ക് കുറയ്ക്കാനാണ് വിലാപയാത്രയ്ക്കിടയിൽ 14 ഇടത്ത് ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യം ഒരുക്കുന്നതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അറിയിച്ചു. തലശേരി ടൗൺഹാളിൽ രാത്രി 12 മണി വരെ പൊതുദർശനമുണ്ടാകും. തിരക്ക് നീണ്ടാൽ പൊതുദർശനം അതിനനുസരിച്ച് ക്രമീകരിക്കും.
നാളെ തലശ്ശേരി, ധർമടം, ന്യൂമാഹി, കണ്ണൂർ ടൗൺ എന്നിവിടങ്ങളിൽ ഹർത്താലുണ്ടാകുമെന്നും ജയരാജൻ അറിയിച്ചു. ഹർത്താലിൽ നിന്ന് വാഹനങ്ങളെയും ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്. നാളെ വീട്ടിൽ നിന്ന് പാർട്ടി ഓഫിസിലേക്കുള്ള വിലാപയാത്രയ്ക്കിടയിലും വാഹനത്തിൽ പൊതുദർശന സൗകര്യം ഒരുക്കും.
പയ്യാമ്പലത്തെ സംസ്‌കാര ചടങ്ങിൽ ബന്ധുക്കളും മുതിർന്ന പാർട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക. ഏറ്റവും പുതിയ വിവരം അനുസരിച്ച് ചെന്നൈ എയർപോർട്ടിൽ നിന്നും 11.30 ഓടെ കണ്ണൂരിലേക്ക് പുറപ്പെടും. കോടിയേരിക്ക് ആദരം അർപ്പിക്കാനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരട്ടും നാളെ രാവിലെ കേരളത്തിലെത്തും.
പാർട്ടിക്ക് കനത്ത നഷ്ടമാണ് കോടിയേരിയുടെ വിയോഗമെന്ന് പ്രകാശ് കാരാട്ട് അനുസ്മരിച്ചു. വിദ്യാർഥി കാലഘട്ടം മുതൽ നേതൃപാടവം തെളിയിച്ച വ്യക്തിയാണ് കോടിയേരി എന്നും അദ്ദേഹം പറഞ്ഞു. അർബുദ ബാധിതനായി ചെന്നൈയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് കോടിയേരി അന്തരിച്ചത്. നിരവധി രാഷ്ട്രീയ സാംസ്കാരിക നേതാക്കാള്‍ കോടിയേരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.