Type Here to Get Search Results !

ഫുട്‌ബോള്‍ മാച്ചിനിടെ ആരാധക സംഘര്‍ഷം: ഇന്തോനേഷ്യയില്‍ 129 മരണം. സംഘര്‍ഷത്തിലും തിക്കിലും തിരക്കിലും 180 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മാച്ചിനിടെ ഇരുടീമുകളുടേയും ആരാധകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതിനേത്തുടര്‍ന്ന് 129 മരണം. സംഘര്‍ഷത്തിലും തിക്കിലും തിരക്കിലും 180 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ജാവ പ്രവിശ്യയിലെ മലാങ് കഞ്ചുരുഹാന്‍ സ്‌റ്റേഡിയത്തിലാണ് ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്.അരേമ എഫ്‌സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരം അവസാനിച്ചതിന് പിന്നാലെയാണ് സ്റ്റേഡിയം യുദ്ധക്കളമായത്.




മത്സരത്തില്‍ പെര്‍സെബയ 3-2ന് വിജയിച്ചിരുന്നു. തോറ്റ ടീമായ അരേമ എഫ്‌സിയുടെ ആരാധകര്‍ രോഷാകുലരായി മൈതാനത്തിറങ്ങിയതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. ആരാധകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചതെന്ന് ഈസ്റ്റ് ജാവ പൊലീസ് മേധാവി നിക്കോ അഫിന്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ണീര്‍വാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും പുറത്തേക്കുള്ള വാതിലിലേക്ക് ഓടി. തിരക്കില്‍ പെട്ട് 34ഓളം സംഭവസ്ഥലത്ത് തന്നെ മരിച്ചു.


അരേമ എഫ്‌സി ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണ് കഞ്ചുരുഹാന്‍. രണ്ട് പതിറ്റാണ്ടിലേറെയായി അരേമയും പെര്‍സബയും ബദ്ധ വൈരികളാണ്. ടീമുകളോടുള്ള ആരാധനയും കളിയാവേശവും അതിരുവിട്ടതിനേത്തുടര്‍ന്ന് മുന്‍പും ഇന്തൊനേഷ്യയില്‍ മരണങ്ങളുണ്ടായിട്ടുണ്ട്. കഞ്ചുരുഹാന്‍ ദുരന്തത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ ടോപ്പ് ലീഗ് ബിആര്‍ഐ ലീഗ് വണ്‍ മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായും സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad