Type Here to Get Search Results !

അരി വില കുതിച്ചുയരുന്നു; രണ്ടു മാസത്തിനിടെ ശരാശരി 10 രൂപയിലധികം ഉയർന്നു

ദിനംപ്രതി അരി വില കുതിച്ചുയരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതാണ് വില കൂടാൻ പ്രധാന കാരണം. രണ്ടു മാസത്തിനിടെ, എല്ലായിനങ്ങളുടെയും വില ശരാശരി 10 രൂപയിലധികം ഉയർന്നു. കൂടുതൽ പേർ ഉപയോഗിക്കുന്ന ജയ, ജ്യോതി എന്നിവയുടെ വില കുത്തനെ ഉയരുകയാണ്. ഉമ, സുരേഖ, സോണാമസൂരി, ക്രാന്തി എന്നീ ഇനങ്ങൾക്കും 10 രൂപയോളം ഉയർന്നു. ഉണ്ട, മട്ട ഇനങ്ങളുടെ വിലക്കയറ്റം കിലോഗ്രാമിന് ആറു രൂപയോളമാണ്.



ആന്ധ്ര ജയ അരിക്കാണ് ഏറ്റവും വിലവർധനയുണ്ടായത്. മൊത്തവിപണിയിൽ 55- 56 രൂപയാണ് വില. ചില്ലറ വിപണിയിൽ അതിന് 62 - 63 രൂപവരെ. കർണാടക ജയക്കും വില കൂടി. 45 - 46 രൂപയായി ചില്ലറ വില. എല്ലാ സംസ്ഥാനങ്ങളിലെയും അരി വിപണി പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ആന്ധ്ര ജയക്ക് വില കൂടിയതോടെ ആളുകൾ വിലകുറഞ്ഞ മറ്റ് സംസ്ഥാനങ്ങളുടെ അരി വാങ്ങാൻ തുടങ്ങി. അതോടെ അവക്ക് ഡിമാൻഡ് കൂടി. അവസരം മുതലെടുത്ത് അവരും വിലകൂട്ടി. മഹാരാഷ്ട്രയിൽനിന്ന് എത്തുന്ന ക്രാന്തിക്ക് ചില്ലറ വിപണിയിൽ 50 രൂപവരെയായി. ജയയെക്കാൾ 12 രൂപയോളം കിലോക്ക് കുറവുള്ളതിനാൽ ക്രാന്തിയാണ് കൂടുതൽ ചെലവാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. സുരേഖക്കും ചില്ലറവില കൂടി 41 രൂപവരെയായി. കർണാടക ജയയുടെ വില മൊത്ത വിപണിയിൽ 37 - 37.50 രൂപയാണ്. മധ്യപ്രദേശിൽനിന്ന് എത്തുന്ന ജയ 39ന് ലഭിക്കും. ബംഗാളിൽനിന്ന് എത്തുന്ന സ്വർണ 31 - 31.50 ആണ് മൊത്തവിപണിയിലെ വില.


ആന്ധ്രയിൽ ജയയുടെ കൃഷി ഇത്തവണ 40 ശതമാനം കുറഞ്ഞു. അതാണ് വില വർധനക്ക് കാരണമായത്. അവിടെ സർക്കാർ നെല്ല് സംഭരണം തുടങ്ങിയതിനാൽ സർക്കാർ നിഷ്കർഷിക്കുന്ന ഇനങ്ങൾ കൃഷി ചെയ്യുന്നതിലേക്ക് കർഷകർ ചുവടുമാറ്റി.


പൊതുവിപണിയിൽ അരി വിൽപന 60 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഗുണനിലവാരമുള്ള റേഷനരി ലഭിക്കുന്നതിനാൽ ആളുകൾ അതിനെ ആശ്രയിക്കുന്നു. മാർക്കറ്റ് വിലയെക്കാൾ അഞ്ചിരട്ടിയിലേറെ വിലകുറച്ച് റേഷൻകടയിൽ അരി ലഭിക്കുന്നുണ്ട്. അതില്ലായിരുന്നുവെങ്കിൽ ഇപ്പോൾ അരിവില അതിശയിക്കുന്ന നിലയിലേക്ക് ഉയർന്നേനെയെന്നും വ്യാപാരികൾ പറയുന്നു.


തമിഴ്നാട്ടിൽ ആഭ്യന്തര വിപണിയിൽ അരി വിൽപന കൂടിയിട്ടുണ്ട്. അവിടെ റേഷനരി ഗുണനിലവാരമില്ലാത്തതായതിനാൽ ജനങ്ങൾ പൊതുവിപണിയെ കൂടുതൽ ആശ്രയിക്കുന്നു. അതാണ് തമിഴ്നാട്ടിൽനിന്നുള്ള അരിവില കൂടാൻ കാരണമായത്. അതേസമയം, പച്ചരിക്ക് വില കുറഞ്ഞിട്ടുണ്ട്. കർണാടക സൂപ്പർ ഫൈൻ പച്ചരിക്ക് മൊത്ത വിപണിയിൽ കിലോക്ക് 25ൽനിന്ന് 22.50 ആയി കുറഞ്ഞു. യു.പി ജയ പച്ചരി 29 - 29.50 എന്ന നിലയിലേക്ക് താഴ്ന്നു. നേരത്തേ 31 വരെ എത്തിയിരുന്നു. നവംബർ എത്തുന്നതോടെ അരിവില കുറയുമെന്നാണ് പ്രതീക്ഷ. നവംബർ എത്തുന്നതോടെ യു.പി, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ വിളവെടുപ്പ് തുടങ്ങും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad