Type Here to Get Search Results !

റോജര്‍ ഭരണം അവസാനിച്ചു

ലണ്ടന്‍ : അവസാന യുദ്ധത്തില്‍ വിജയിക്കാനായില്ലെങ്കിലും പിന്നിട്ട പടയോട്ടവിജയങ്ങളുടെ ഓര്‍മ്മകള്‍ തുളുമ്ബിയ രാവില്‍,സന്തോഷവും സങ്കടവും കൂടിക്കലര്‍ന്ന് കണ്ണീര്‍ക്കണങ്ങളായടര്‍ന്നുവീഴവേ കളിക്കളത്തില്‍ എതിരാളികളായിരുന്നപ്പോഴും ഹൃദയത്തിനുള്ളില്‍ സൗഹൃദം കാത്തുസൂക്ഷിച്ചവരുടെ തോളിലേറി റോജര്‍ ഫെഡറര്‍ എന്ന ഇതിഹാസം ടെന്നിസ് കോര്‍ട്ടിനോട് വിടചൊല്ലി.കഴിഞ്ഞരാത്രി ലണ്ടനില്‍ നടന്ന ലേവര്‍ കപ്പ് ടീം ടെന്നിസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സില്‍ ഒരേസമയം ചിരവൈരിയും ഉറ്റകൂട്ടുകാരനുമായിരുന്ന റാഫേല്‍ നദാലിനൊപ്പം ടീം യൂറോപ്പിനായി ഇറങ്ങിയ ഫെഡററെ അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോ-ജാക്ക് സോക്ക് സഖ്യമാണ് പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ -നദാല്‍ സഖ്യം 6-4, 6-7, 11-9 എന്ന സ്കോറിന് പരാജയം സമ്മതിച്ചതോടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് ലണ്ടനിലെ ഒളിമ്ബിക് അരീന സാക്ഷ്യം വഹിച്ചത്.


ഗ്രാന്‍സ്ളാം കിരീടവിജയവേദികളെപ്പോലും ആനന്ദാശ്രുക്കള്‍കൊണ്ട് തരളിതമാക്കുന്ന ഫെഡറര്‍ തന്റെ വിടവാങ്ങല്‍ വേദിയില്‍ പൊട്ടിക്കരഞ്ഞുപോയി. രണ്ടുപതിറ്റാണ്ടിലേറെ മാന്ത്രികവടിപോലെ റാക്കറ്റുചുഴറ്റി ഒന്നൊന്നായി 20 ഗ്രാന്‍സ്ളാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഇതിഹാസതാരം പതിവുപോലെ നിര്‍മലമനുഷ്യനായി മാറി. തന്റെ കരിയറില്‍ പിന്തുണനല്‍കിയവര്‍ക്ക് നന്ദി പറയുമ്ബോള്‍... ഒപ്പവും എതിരെയും കളിച്ചവരുമായി ഓര്‍മ്മകള്‍ പങ്കിടുമ്ബോള്‍...ആ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍ ഒഴുകിക്കൊണ്ടേയിരുന്നു. ആ വലിയ കളിക്കാരന്റെ ,മനുഷ്യന്റെ അവസാനമത്സരത്തില്‍ പങ്കെടുക്കകവഴി ഒരു യുഗാന്ത്യത്തിന് സാക്ഷിയാകുന്നതിന്റെ ഹൃദയഭാരവുമായി റാഫേല്‍ നദാലും നൊവാക്ക് ജോക്കോവിച്ചും ആന്‍ഡി മുറേയും സിസ്റ്റിപ്പാസുമൊക്കെയടങ്ങുന്ന സഹതാരങ്ങളും വേദിയില്‍ അണിനിരന്നു. നദാലിനൊപ്പം വീണ്ടും കളിക്കാനായതില്‍ സന്തോഷം പ്രകടിപ്പിച്ച ഫെഡറര്‍, നൊവാക്ക് ജോക്കോവിച്ച്‌ഉള്‍പ്പടെയുള്ള മറ്റ് ടീം അംഗങ്ങളോടും നന്ദി പറഞ്ഞു. ഫെഡററുടെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ ഗാലറിയിരുന്ന ആരാധകരെയും കണ്ണീരിലാഴ്ത്തി.


എന്റെ ഭാര്യയാണ് എന്റെ ശക്തി. അവളുടെ പിന്തുണകൊണ്ടുമാത്രമാണ് ഇത്രയും നാള്‍ എനിക്ക് കോര്‍ട്ടില്‍ തിളങ്ങാനായത്. നേരത്തേ എനിക്ക് വിരമിക്കാമായിരുന്നു. പക്ഷേ മിര്‍ക്ക അതിന് അനുവദിച്ചില്ല. എന്നോട് ടെന്നീസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവള്‍ ആവശ്യപ്പെട്ടു. അതുപോലെതന്നെ എന്റെ അമ്മയും. അമ്മയില്ലായിരുന്നുവെങ്കില്‍ ഞാനിവിടെയുണ്ടാകുമായിരുന്നില്ല. അച്ഛന്റെ പിന്തുണയും പറഞ്ഞറിയിക്കാനാവില്ല. അച്ഛനും അമ്മയ്ക്കും ഒരുപാട് നന്ദി. ദൈവത്തിന് നന്ദി എല്ലാവര്‍ക്കും നന്ദി.


- റോജര്‍ ഫെഡററുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നിന്ന്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad