Type Here to Get Search Results !

കടകൾ നിർബന്ധപൂർവം അടപ്പിച്ചാൽ ഉടനടി അറസ്റ്റ്; ഹർത്താൽ നേരിടാൻ പൊലീസ്

തിരുവനന്തപുരം∙ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്.



സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡിഐജിമാര്‍, സോണല്‍ ഐജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.



∙ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി


ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെഎസ്ആർടിസി സാധാരണ പോലെ സർവീസ് നടത്താൻ എല്ലാ യൂണിറ്റ് അധികാരികൾക്കും സിഎംഡി നിർദേശം നൽകി. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് സഹായം തേടാനും മുൻകൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിനു രേഖാമൂലം അപേക്ഷ നൽകാനും നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad