Type Here to Get Search Results !

നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാത അടഞ്ഞ അധ്യായമാകുമോ?

നിലമ്പൂർ: നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാതയ്ക്കുമുകളിൽ വീണ്ടും കരിനിഴൽ. കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ പാരിസ്ഥിതികപ്രശ്‌നം ഉന്നയിച്ച് കർണാടക പദ്ധതി തള്ളുകയായിരുന്നു.



നിലമ്പൂർ നഞ്ചൻകോട് റെയിൽപ്പാതയുടെ ഡി.പി.ആർ. തയ്യാറാക്കുന്ന പ്രവൃത്തി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ആർ.ഡി.സി.) ഏറ്റെടുത്തിട്ടുണ്ടെന്നും നിലമ്പൂർ-നഞ്ചൻകോട്, തലശ്ശേരി-മൈസൂരു പാതകളുടെ നിർമാണം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ആരംഭിക്കാൻ കഴിയുമെന്നും വയനാട്ടിലെ വികസനപദ്ധതികൾ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ഇരു പാതകളുടെയും സർവേയ്ക്കായി സർക്കാർ 100 കോടി രൂപയും അനുവദിച്ചു. സർവേ ഉടൻ തുടങ്ങുമെന്ന് അന്നത്തെ എം.എൽ.എ. സി.കെ. ശശീന്ദ്രനും കൽപ്പറ്റയിൽ വ്യക്തമാക്കിയിരുന്നു. കർണാടകയുടെ അനുമതിയില്ലാതെതന്നെ കേരളത്തിലെ സർവേ പൂർത്തിയാക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ ശുഭമല്ല.


തലശ്ശേരിപ്പാത വന്നാൽ തലശ്ശേരി-മൈസൂരു പാതകൂടി വരുന്നതോടെ നിലമ്പൂർ-നഞ്ചൻകോട് പാതയുടെ ചെലവ് കുറയ്ക്കാനാകുമെന്നായിരുന്നു സർക്കാർ കരുതിയിരുന്നത്. നിലമ്പൂർ മുതൽ നഞ്ചൻകോട് വരെ പുതിയ പാത നിർമിച്ച് മൈസൂരുമായി ബന്ധപ്പെടുത്താനായിരുന്നു നേരത്തേ നീക്കമിട്ടിരുന്നത്.


എന്നാൽ തലശ്ശേരി പാത വരുന്നതോടെ നിലമ്പൂർ മുതൽ കൽപ്പറ്റ വരെ മാത്രം റെയിൽപ്പാത നിർമിച്ചാൽ മതിയാകും. നഞ്ചൻകോടുനിന്ന് കൽപ്പറ്റ വരെയുള്ള പാത ഇരു പാതകൾക്കുമായി പൊതുവായി ഉപയോഗിക്കാം.


നിലമ്പൂർ-നഞ്ചൻകോട് നിർദിഷ്ട പാത നിലമ്പൂർ, അകമ്പാടം, പോത്തുകല്ല്, പരിയൽപ്പാറ, പെട്ടമുടി, ചൂരൽമല, മേപ്പാടി വഴി കൽപ്പറ്റയിലെത്തും.


തലശ്ശേരിയിൽനിന്ന് മൈസൂരുവിലേക്കുള്ള പാതയും കൽപ്പറ്റ വരെയെത്തും. തുടർന്ന് മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുര, ഹെഗ്ഗഡെ, ദേവനകോട്ടെ, മർക്കഹള്ളി, ബദിരഗുഡ്, കടക്കോള വഴി മൈസൂരുവിലെത്താം. ഇതോടെ നിലമ്പൂർ-നഞ്ചൻകോട് പാത 176 കീലോമീറ്റർ എന്നത് നിലമ്പൂർ-കൽപ്പറ്റ പാതയായി ചുരുങ്ങുകയും 80-85 കിലോമീറ്ററിൽ തീർക്കാനാകുകയും ചെയ്യും.


പാത യാഥാർഥ്യമായിരുന്നെങ്കിൽ കൊച്ചിയിൽനിന്ന് എഴുമണിക്കൂർകൊണ്ട് ബെംഗളൂരുവിലെത്താൻ സാധിക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad