Type Here to Get Search Results !

ധാർമികത

 


ഇക്കഴിഞ്ഞ ചൊവ്വാഴ്ച യാത്രയ്ക്കിടെ രോഗം കലശലായതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദ്രോഗബാധിതയായി ഇന്ത്യക്കാരി യുവതി മരണപ്പെട്ടത്. പോര്‍ച്ചുഗലില്‍ ഇപ്പോള്‍ വേനലവധി കാരണം പല ആശുപത്രികളിലും വേണ്ടത്ര സ്റ്റാഫ് ഇല്ല. തിരക്കു കുറഞ്ഞ ആശുപത്രികളില്‍ പലതും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നുമില്ല. ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോയുടെ അനുമതിയോടെയാണ് ഈ പരിഷ്കാരം നടപ്പായത്. അതുകൊണ്ടാകണം ചികിത്സ ലഭിക്കാതെ ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റിന്റെ മരണം വലിയ ഒച്ചപ്പാട് സൃഷ്ടിച്ചത്. യുവതി മരിച്ച്‌ അഞ്ചുമണിക്കൂറിനകം മാര്‍ത്ത മന്ത്രിസ്ഥാനം രാജിവച്ച്‌ വിമര്‍ശകരുടെ വായടയ്ക്കുകയായിരുന്നു.


ഇത്തരം സംഭവങ്ങളില്‍ ധാര്‍മ്മികതയുടെ പേരില്‍ സ്ഥാനം രാജിവച്ചൊഴിയുകയെന്നത് പൊതുവേ അത്യപൂര്‍വമായ സംഗതിയാണ്. നമ്മുടെ രാജ്യത്ത് പ്രത്യേകിച്ചും. അഞ്ചു പതിറ്റാണ്ടിനു മുന്‍പ് തമിഴ്‌നാട്ടിലെ അരിയനല്ലൂരിലുണ്ടായ ഒരു ട്രെയിനപകടത്തിന്റെ പേരില്‍ വകുപ്പുമന്ത്രിയായിരുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി മന്ത്രിസ്ഥാനം രാജിവച്ചതാണ് രാജ്യം ഒന്നടങ്കം ഓര്‍ക്കുന്ന ഒരു സംഭവം. അതിനുശേഷവും രാജ്യത്ത് അനേകം ട്രെയിന്‍ അപകടങ്ങളുണ്ടായി. വിമാനാപകടങ്ങള്‍ ഒട്ടധികം പേരുടെ ജീവന്‍ അപഹരിച്ചു. ധാര്‍മ്മികതയുടെ പേരില്‍ ഒരാളും അധികാരമൊഴിഞ്ഞില്ല. അഴിമതികളിലും ലൈംഗികാപവാദ കേസുകളിലും ഉള്‍പ്പെട്ടിട്ടുപോലും അധികാരം ഉപേക്ഷിക്കാന്‍ മടിക്കുന്നവരാണ് അധികവും.


ചികിത്സാ പിഴവിന്റെ പേരില്‍ ആശുപത്രികളും ഡോക്ടര്‍മാരും പഴി കേള്‍ക്കേണ്ടിവരുന്നത് ലോകത്ത് എല്ലായിടത്തും പതിവാണ്. വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ഉണ്ടായെന്നുവരാം. അതിനപ്പുറം വലിയ ഭൂകമ്ബങ്ങളൊന്നും സാധാരണഗതിയില്‍ ഉണ്ടാകാറില്ല. വകുപ്പുമന്ത്രിയുടെ രാജിയില്‍ വരെ കലാശിച്ച സാഹചര്യം ഇല്ലെന്നുതന്നെ പറയാം. പോര്‍ച്ചുഗീസ് ആരോഗ്യമന്ത്രി മാര്‍ത്തയുടെ രാജി ശ്രദ്ധേയമാകുന്നതും അതുകൊണ്ടാണ്. മാര്‍ത്തയുടെ രാജി വാര്‍ത്ത പുറത്തുവന്ന ദിവസം തന്നെ ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ആശുപത്രി മുറ്റത്ത് അമ്മയുടെ മടിയില്‍ കിടന്ന് മരിക്കേണ്ടിവന്ന അഞ്ചുവയസുകാരന്റെ ദാരുണകഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഒരു ഡോക്ടര്‍ പോലും കുട്ടിയെ പരിശോധിക്കുകയോ മരുന്നു നല്‍കുകയോ ചെയ്തില്ല. മദ്ധ്യപ്രദേശിലെ ആരോഗ്യവകുപ്പോ മന്ത്രി ഈ സംഭവം അറിഞ്ഞുപോലും കാണില്ല. രാജ്യത്തെ നൂറുകണക്കിന് ആശുപത്രികളില്‍ ദിവസേന പാവപ്പെട്ട രോഗികള്‍ നേരിടേണ്ടിവരുന്ന അവഗണനയുടെയും തിരസ്കാരത്തിന്റെയും ഉദാഹരണമാണിത്.


ആരോഗ്യമേഖലയില്‍ സുവര്‍ണ നേട്ടങ്ങളുമായി നിലകൊള്ളുന്ന കേരളത്തിലെ വലിയ ആശുപത്രികളിലും ചികിത്സാ പിഴവും രോഗിയുടെ മരണവും അപൂര്‍വ സംഭവമൊന്നുമല്ല. വീഴ്ചകള്‍ അന്വേഷിച്ച്‌ കണ്ടുപിടിക്കാന്‍ വിദഗ്ദ്ധ സമിതികളെ ഏല്പിക്കുന്നതിനപ്പുറം മറ്റൊന്നും നടക്കാറില്ല. ഈ അടുത്ത കാലത്ത് മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവയ്ക്കുന്നതിനുവേണ്ടി പ്രവേശിപ്പിക്കപ്പെട്ട രോഗിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ അന്വേഷിച്ച സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് അധിക ദിവസങ്ങളായില്ല. ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച രോഗിക്ക് യഥാസമയം വേണ്ട പരിചരണം പോലും ലഭിച്ചിരുന്നില്ല. ഇത്തരം സംഭവങ്ങളുടെ പേരില്‍ മന്ത്രിയുടെ രാജിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും തുടരെത്തുടരെ ഉണ്ടാകുന്ന വീഴ്ചകളുടെ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമമെങ്കിലും നടത്തിക്കൂടേ എന്നു ചോദിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്താനാകും?

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad