Type Here to Get Search Results !

ശ്രീ കൈലാസത്തില്‍ ചികിത്സാ സൌകര്യം കുറവ്, നില ഗുരുതരം'; ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടി നിത്യാനന്ദ



കൊളംബോ: ബലാത്സംഗക്കേസില്‍ പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്. തന്റെ ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടി കത്ത് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്. നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും അതിനാല്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് കത്തിന്‍റെ ഉള്ളടക്കം.


'ശ്രീ നിത്യാനന്ദ പരമശിവത്തിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. കൈലാസത്തില്‍ നിലവില്‍ ലഭ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉപയോ​ഗിച്ച്‌ ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും അടിസ്ഥാന രോഗനിര്‍ണയം നടത്താന്‍ കഴിയുന്നില്ല. നിത്യാനന്ദയുടെ ആരോഗ്യം മനസ്സില്‍ വച്ചുകൊണ്ട് രാഷ്ട്രീയ അഭയം ഉടന്‍ നല്‍കണമെന്ന് ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു'. നിത്യാനന്ദയെ എയര്‍ ആംബുലന്‍സ് വഴി എയര്‍ലിഫ്റ്റ് ചെയ്യാനും ശ്രീലങ്കയില്‍ സുരക്ഷിതമായി വൈദ്യസഹായം നല്‍കാനും കഴിയുമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.


തന്റെ രാജ്യവുമായി നയതന്ത്ര ബന്ധം ആരംഭിക്കണമെന്നും നിത്യാനന്ദ ശ്രീലങ്കയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചികില്‍സയുടെയും ഉപകരണങ്ങളുടെയും ചെലവ് ശ്രീകൈലാസം വഹിക്കുമെന്നും രാഷ്ട്രീയ അഭയം നല്‍കിയാല്‍ ശ്രീലങ്കയില്‍ നിക്ഷേപം നടത്താമെന്നും കത്തില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിത്യാന്ദയ്ക്കിടെ അടുത്തിടെ പീഡനക്കേസില്‍ ബെംഗളൂരു രാമനഗര സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. തെന്നിന്ത്യന്‍ നടിയായ രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്നുള്ള കേസിലാണ് നടപടി. നിത്യാനന്ദയുടെ മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ ആണ് 2010 മാര്‍ച്ച്‌ രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്. കേസില്‍ നിത്യാനന്ദയ്ക്കെതിരെ കോടതി ഒട്ടേറെ സമന്‍സുകള്‍ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ് പുറത്തിറക്കിയത്.


അതേസമയം യുഎസില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയെ 5 വര്‍ഷം ബിഡദി ആശ്രമത്തില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസിലും നിത്യാനന്ദയ്ക്കെതിരെ കര്‍ണാടക പൊലീസിന്റെ സിഐഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഇതിനെല്ലാം പുറമേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ നേരത്തേ ഇന്റര്‍പോള്‍ നിത്യാനന്ദയ്ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. ഗുജറാത്തില്‍ നിന്നാണ് നിത്യാനന്ദ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന പരാതി ഉയര്‍ന്നത്. ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ. സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും പുറത്തിറക്കി കൈലാസത്തെ രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad