തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി.ക്കുണ്ടായ നഷ്ടം ഇനിയും കൂടും. ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത 71 ബസുകളുടെ നഷ്ടം 50 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നതെങ്കിലും ഈ ബസുകള്‍ സര്‍വീസ് നടത്താത്തതുമൂലമുള്ള നഷ്ടവും ഹര്‍ത്താല്‍ദിന നഷ്ടമായി കണക്കാക്കും. ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി. ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്.
71 ബസുകള്‍ക്കാണ് നാശം സംഭവിച്ചത്. ഇതില്‍ ഭൂരിഭാഗം ബസുകളുടെയും മുന്‍വശത്തെ ചില്ലുകളാണ് തകര്‍ന്നത്. പല ബസുകളുടെയും പിന്‍വശത്തെ ചില്ലിനും ബോഡിയിലും കേടുപാടുകള്‍ സംഭവിച്ചു. ഇവയെല്ലാം കണക്കിലെടുത്തായിരുന്നു 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയത്. 71 ബസുകളും കേടുപാടുകള്‍ തീര്‍ക്കുംവരെ നിരത്തിലിറക്കാനാകില്ല. ഇങ്ങനെ സര്‍വീസ് മുടങ്ങിയുള്ള നഷ്ടംകൂടി കണക്കാക്കിയാകും അന്തിമനഷ്ടം കണക്കാക്കുകയെന്നാണ് വിവരം.
മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ പിടിപ്പിക്കുംവരെ ചില്ല് തകര്‍ന്ന ബസുകളുടെ സര്‍വീസ് മുടങ്ങും. ഇത്രയും ദിവസത്തെ വരുമാനനഷ്ടംകൂടി കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനനഷ്ടമായി കണക്കാക്കും.