Type Here to Get Search Results !

ഒടുവില്‍ മത്സരം 22 വര്‍ഷം മുന്‍പ്; അന്ന് സോണിയ: ഇനിയാര്? വോട്ട് ആര്‍ക്കൊക്കെ?



തിരുവനന്തപുരം ∙ കോൺഗ്രസ് പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള സംഘടനാ തിരഞ്ഞെടുപ്പിനു കളമൊരുങ്ങവെ, കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തേക്കു വരുമെന്ന് നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരുത്തൽവാദി സംഘത്തിന് (ജി 23) സ്ഥാനാർഥിയുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. രാഹുൽ ഗാന്ധി മത്സരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസിഡന്റാകണമെന്നാണ് ഗാന്ധി കുടുംബത്തിന്റെ നിലപാട്.


പ്രസിഡന്റ് സ്ഥാനാർഥിയെ വൈകാതെ നിശ്ചയിക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ശശി തരൂർ മത്സരിക്കുമെന്നും പ്രചാരണമുണ്ട്. അതേസമയം, താൻ മത്സരിക്കണോയെന്ന കാര്യം നേതാക്കളും പ്രവർത്തകരുമായി ആലോചിച്ചു തീരുമാനിക്കുമെന്നാണ് തരൂർ പറഞ്ഞത്. തരൂർ മത്സരിക്കുന്നതിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പിന്തുണ അറിയിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിലെ 10 പേർ പിന്തുണയ്ക്കുന്നവർക്കേ മത്സരിക്കാൻ കഴിയൂ. 


തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയെച്ചൊല്ലി പാർട്ടിയിൽ കലഹം ആരംഭിച്ചിട്ടുണ്ട്. പട്ടിക പരസ്യപ്പെടുത്തണമെന്നാണ് തിരുത്തൽവാദി സംഘത്തിന്റെ ആവശ്യം. പട്ടിക പൊതുസമൂഹത്തിൽ പരസ്യപ്പെടുത്താനാകില്ലെന്നും പിസിസികളിൽ പരിശോധിക്കാമെന്നുമാണ് സംഘടനാ ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്. 


പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടത്തുന്നതിനു പുറമേ 3 ആവശ്യങ്ങൾ ജി 23 മുന്നോട്ടുവച്ചിട്ടുണ്ട്. പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം, കോൺഗ്രസ് പാർലമെന്ററി പാർട്ടി ബോർഡ് പുനസ്ഥാപിക്കണം, സംസ്ഥാന പിസിസികൾക്കു കൂടുതൽ അധികാരങ്ങൾ നൽകണം. ഇവ അംഗീകരിച്ചാൽ മത്സരത്തിൽനിന്ന് ജി 23 സംഘം പിൻമാറിയേക്കും.


 *∙ വോട്ടവകാശം ആര്‍ക്കൊക്കെ?*


സംഘടനയിലെ ഓരോ ബ്ലോക്കിൽനിന്നുള്ള പിസിസി (പ്രദേശ് കോൺഗ്രസ് കമ്മിറ്റി) അംഗങ്ങൾക്കാണ് വോട്ടിങ് അവകാശം. കേരളത്തില്‍ 280 ബ്ലോക്കുകളുണ്ട്. മുന്നൂറിനടുത്ത് വോട്ടുകളും. ബൂത്തുകളിൽ പ്രവർത്തക യോഗം ചേർന്നു മുകളിലെ ഘടകങ്ങളിലേക്ക് ആളെ തിരഞ്ഞെടുക്കും. ബ്ലോക്കിൽ തിരഞ്ഞെടുക്കപ്പെടുന്നവരാണ് പിസിസി അംഗങ്ങളാകുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 9531 ബ്ലോക്കുകളുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നിൽ കൂടുതൽ സ്ഥാനാർഥികളുണ്ടെങ്കിൽ അതതു പിസിസി ആസ്ഥാനത്ത് രാവിലെ 10 മുതൽ വൈകിട്ടു 4 വരെ വോട്ടെടുപ്പ് നടത്തും.


കേരളത്തിൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലായിരിക്കും വോട്ടിങ്. ഇലക്‌ഷൻ അതോറിറ്റി ചെയർമാനാണ് തിരഞ്ഞെടുപ്പിന്റെ മേൽനോട്ടം. മധുസൂദൻ മിസ്ത്രി ആണ് ഇപ്പോൾ ചെയർമാൻ. അദ്ദേഹം ഓരോ സംസ്ഥാനങ്ങളിലും പിആർ‌ഒമാരെ (പ്രദേശ് റിട്ടേണിങ് ഓഫിസർ) നിയമിച്ചിട്ടുണ്ട്. ഇവർക്കാണ് തിരഞ്ഞെടുപ്പ് നടത്തേണ്ട ചുമതല. സ്ഥാനാർഥികൾ ആരാണെന്ന് അറിഞ്ഞാൽ ബാലറ്റു പേപ്പറുകൾ അച്ചടിച്ച് സീൽവച്ച കവറിൽ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കും. വോട്ടെണ്ണൽ കഴിഞ്ഞാൽ ബാലറ്റു പെട്ടികൾ മുദ്രവച്ച് ഡൽഹിയിലേക്കു കൊണ്ടുപോകും.


എഐസിസി പ്രസിഡന്റാണ് ഇലക്‌ഷൻ അതോറിറ്റി ചെയർമാനെ നോമിനേറ്റ് ചെയ്യുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ ഇലക്‌ഷൻ അതോറിറ്റി ചെയർമാനായിരുന്നു. മുല്ലപ്പള്ളി രണ്ടുതവണ ഈ ചുമതല വഹിച്ചു. 2014ൽ ഇലക്‌ഷൻ അതോറിറ്റി ചെയർമാനായി തിരഞ്ഞെടുത്തെങ്കിലും തിരഞ്ഞെടുപ്പ് നീണ്ടുപോയി. 2017ൽ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. മുല്ലപ്പള്ളിയാണ് രാഹുൽ ഗാന്ധിയെ പ്രസിഡന്റായി തിരഞ്ഞെടുത്ത തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കു നേതൃത്വം നൽകിയത്.


‘കൃത്യമായ ഷെഡ്യൂൾ അനുസരിച്ച് തിരഞ്ഞെടുപ്പ് സുതാര്യമായി നടന്നു. സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച ചെയ്തു സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകുകയായിരുന്നു’ – മുല്ലപ്പള്ളി മനോരമ ഓൺലൈനോട് പറഞ്ഞു. തർക്കങ്ങൾ ഉള്ള സംസ്ഥാനങ്ങളിൽ മുല്ലപ്പള്ളി നേരിട്ടുപോയി ചർച്ചകൾ നടത്തി. 2017ൽ രാഹുൽ ഗാന്ധി മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്കു നോമിനേഷൻ കൊടുക്കാൻ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഇന്നത്തെപോലെ പ്രശ്നങ്ങൾ ഉണ്ടായില്ല.


സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പിആർഒമാർ ചാർജുള്ള ജനറൽ സെക്രട്ടറിക്ക് വോട്ടർപട്ടിക കൈമാറും. ഡൽഹിയിൽ ഇലക്‌ഷൻ അതോറിറ്റി ചെയർമാൻ പരിശോധിച്ച് ബന്ധപ്പെട്ട പിആർഒമാർക്കും പിസിസിക്കും എഐസിസിക്കും അയയ്ക്കും. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടാൽ ഇലക്‌ഷൻ അതോറിറ്റിക്കു പരാതി കൊടുക്കാം. 


പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 22ന് പുറപ്പെടുവിക്കും. 24ന് നോമിനേഷൻ സമർപ്പിച്ചു തുടങ്ങാം. ഒക്ടോബർ 8–ാം തീയതിയാണ് നോമിനേഷൻ പിൻവലിക്കേണ്ട അവസാന തീയതി. 17ന് തിരഞ്ഞെടുപ്പ് നടന്നാൽ 19ന് വോട്ടെണ്ണൽ നടത്തി ഫലം പ്രഖ്യാപിക്കും.


22 വർഷം മുൻപാണ് ഏറ്റവും ഒടുവിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരം നടന്നത്. അന്ന് സോണിയാ ഗാന്ധിക്കെതിരെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ജിതേന്ദ്ര പ്രസാദയാണ് മത്സരിച്ചത്. സോണിയാ ഗാന്ധിക്ക് 7771 വോട്ടുകളിൽ‌ 7448 വോട്ടുകൾ ലഭിച്ചപ്പോൾ‌ ജിതേന്ദ്ര പ്രസാദയ്ക്ക് 94 വോട്ടുകളാണ് ലഭിച്ചത്. സോണിയ ഗാന്ധിയുടെ പേരെഴുതിയ 229 വോട്ടുകൾ അസാധുവായി. 300 വോട്ടെങ്കിലും ലഭിക്കുമെന്നായിരുന്നു ജിതേന്ദ്ര പ്രസാദ ക്യാംപിന്റെ കണക്കുകൂട്ടൽ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad