Type Here to Get Search Results !

പാളത്തിൽവീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുമ്പോൾ ട്രെയിനിടിച്ചു; കൊല്ലത്ത് 2 മരണം

കൊല്ലം ∙ ചെങ്കോട്ട ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് രണ്ടു പേർ മരിച്ചു. വിളക്കുടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് അംഗവുമായ എം.റഹീംകുട്ടി (59), ആവണീശ്വരം കാവല്‍പുര പുത്തന്‍വീട് ഷാഹുല്‍ ഹമീദിന്റെ മകള്‍ സജീന (40) എന്നിവരാണ് മരിച്ചത്. പാളത്തിൽ വീണ മൊബൈൽ ഫോൺ എടുക്കാനുള്ള ശ്രമത്തിനിടെയാണ് റഹിംകുട്ടി അപകടത്തിൽപ്പെട്ടത്. റഹിംകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാളത്തിൽ വീണ സജീനയെയും ട്രെയിൻ ഇടിക്കുകയായിരുന്നു.



ഇരുവരും ട്രെയിൻ കയറാനായി ആവണീശ്വരം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുമ്പോഴാണ് അപകടമുണ്ടായത്. ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കൊല്ലത്തേക്കു പോകാനായി ട്രെയിൻ കാത്തു നിൽക്കുമ്പോൾ റഹിംകുട്ടിയുടെ പോക്കറ്റിൽനിന്നും മൊബൈൽ ഫോൺ താഴെ വീണു. ഇതെടുക്കാനായി റഹിംകുട്ടി പാളത്തിൽ ഇറങ്ങിയ സമയത്താണ് ചെങ്കോട്ട – കൊല്ലം പാസഞ്ചർ വന്നത്. പാളത്തിൽനിന്ന് പ്ലാറ്റ്ഫോമിലേക്കു ചാടിക്കയറാൻ ശ്രമിച്ച റഹിംകുട്ടിയെ പ്ലാറ്റ്ഫോമിൽനിന്ന സജീന സഹായിക്കാൻ ശ്രമിച്ചു.



വലിച്ചുകയറ്റാനുള്ള ശ്രമത്തിൽ സജീന പാളത്തിൽ വീണു. കയറാൻ ശ്രമിച്ച റഹിംകുട്ടിക്ക് പൂർണമായും മുകളിലെത്താനുമായില്ല. ഇതോടെ സജീന, പാഞ്ഞെത്തിയ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങി. സജീന തൽക്ഷണം മരിച്ചു. ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങി റഹിംകുട്ടിയുടെ കാൽ അറ്റുപോയി. ഗുരുതരമായി പരുക്കേറ്റ റഹിംകുട്ടിയെ ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല..

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad