Type Here to Get Search Results !

ഒരു ലക്ഷം മെൻസ്ട്രൽ കപ് വിതരണം; ശ്രദ്ധ നേടി െഹെബി ഇഡന്റെ പദ്ധതി



കൊച്ചി ∙ 24 മണിക്കൂറിനുള്ളിൽ 118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം. ആർത്തവ ശുചിത്വ രംഗത്തു വലിയ മാറ്റവും ഏറെ സുരക്ഷിതത്വ ബോധവും സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന യജ്ഞത്തിനു നേതൃത്വം നൽകുന്നത് എറണാകുളം എംപി ഹൈബി ഈഡൻ. 

മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ ഫണ്ടായി ലഭിക്കുന്ന 1.5 കോടി രൂപ ഉപയോഗിച്ചു ജില്ലാ ഭരണകൂടത്തിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചി ശാഖയുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതി എറണാകുളം പാർലമെന്റ് മണ്ഡല പരിധിയിലാണു പ്രാവർത്തികമാക്കുന്നതെങ്കിലും പുറത്തും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 30, 31 തീയതികളിലാണു വിതരണം. മെൻസ്ട്രൽ കപ്പുകളുടെ പ്രചാരണത്തിനായി ലോകത്തെ ഏറ്റവും വലിയ ക്യാംപെയ്നാണ് ഇതെന്നു ഹൈബി പറയുന്നു. പദ്ധതി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കുമെന്നാണു പ്രതീക്ഷ. 



30നു വൈകിട്ട് രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അതതു വേദികളിലേക്കുള്ള കപ്പുകൾ കൈമാറും. 31നു രാവിലെ മുതൽ വൈകിട്ടു 4 വരെ കപ്പുകൾ വിതരണം ചെയ്യും. സമാപന ചടങ്ങ് വൈകിട്ട് 5നു ലുലു മാൾ ഏട്രിയത്തിലെ പ്രത്യേക വേദിയിൽ.


കണ്ണു തുറപ്പിച്ചത് പ്രളയ ദുരിതം 


2018 ലെ പ്രളയകാലത്താണു സാനിറ്ററി പാഡുകളുടെ ക്ഷാമവും സംസ്കരണവും സ്ത്രീകളെ എത്രത്തോളം ബാധിക്കുന്നുവെന്നു തിരിച്ചറിഞ്ഞതെന്നു ഹൈബി പറയുന്നു. കൂടുതൽ പഠിച്ചപ്പോഴാണു മെൻസ്ട്രൽ കപ്പിന്റെ ഗുണത്തെക്കുറിച്ച് അറിഞ്ഞത്. കുമ്പളങ്ങി ഗ്രാമപ്പഞ്ചായത്തിലാണു പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചത്. 4000 മെൻസ്ട്രൽ കപ്പുകളാണു വിതരണം ചെയ്തത്. ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്കിൻ രഹിത പഞ്ചായത്ത് എന്ന പദവിയും കുമ്പളങ്ങിക്കു ലഭിച്ചു. പൈലറ്റ് പദ്ധതി വിജയിച്ചതോടെയാണ് എറണാകുളം പാർലമെന്റ് മണ്ഡലത്തിലാകെ നടപ്പാക്കാൻ തീരുമാനിച്ചത്. 


ഗുണങ്ങൾ ഏറെ


ആർത്തവ രക്തം ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഉൽപന്നമാണു മെൻസ്ട്രൽ കപ്പ്. പാഡ് ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നതു മൂലമുള്ള അസ്വസ്ഥത, അണുബാധ തുടങ്ങിയവ ഒഴിവാകുമെന്നതാണു കപ്പിന്റെ പ്രസക്തി. ഒരു കപ്പ് ചുരുങ്ങിയതു നാലോ അഞ്ചോ വർഷം ഉപയോഗിക്കാമെന്നതിനാൽ സാമ്പത്തിക ലാഭമുണ്ട്. ഗുണനിലവാരം ഉറപ്പാക്കുന്നത് ഐഎംഎയിലെ ഡോക്ടർമാരാണ്. ശരീരവുമായും രക്തവുമായും ഒരു പ്രതിപ്രവർത്തനവും നടത്താത്ത ഫ്ലക്സിബിൾ‍ മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ചാണു കപ്പ് നിർമിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad