Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◾ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് പാര്‍ട്ടി വിട്ടത്. ജമ്മു കാഷ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് രണ്ടാഴ്ച മുമ്പാണു രാജിവച്ചത്.


◾യുഎഇ കോണ്‍സുല്‍ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടു തള്ളി കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യത്തിന്റെ പ്രതിനിധികളുമായുള്ള കൂടികാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത്. ഇതോടെ ക്ളിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലെ ദുരൂഹത വര്‍ധിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.


◾സുപ്രീംകോടതി നടപടികള്‍ ചരിത്രത്തില്‍ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിരമിക്കുന്ന ദിവസമായ ഇന്ന് അദ്ദേഹത്തിന്റെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി പൊതുജനങ്ങള്‍ക്കു തത്സമയം കാണാന്‍ അവസരമൊരുക്കിയത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക.




◾ലൈംഗിക ചൂഷണവും ദുരുപയോഗവും തടയാന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസാണ് ഉത്തരവിട്ടത്.


◾മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. തുറമുഖ കവാടത്തിലെ മത്സ്യതൊഴിലാളികളുടെ ഉപരോധസമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിനു കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്. വിഴിഞ്ഞം പോലീസ് ക്രമസമാധന പ്രശ്നം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സമരത്തിനെതിരേ പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണനിക്കവേയാണ് കോടതി ഇങ്ങനെ നിര്‍ദേശിച്ചത്.


◾വിഴിഞ്ഞത്തെ അതിജീവന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ്. തങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല. പോലീസ് സൃഷ്ടിക്കാതിരുന്നാല്‍ മതി. കിടപ്പാടവും സ്വന്തം ഭൂമിയും തൊഴിലുമെല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ കോടതികളും കാണണമെന്നും അദ്ദേഹം പറഞ്ഞു.



◾തലശേരി നഗരസഭാ അധികൃതര്‍ വ്യവസായം അടച്ചുപൂട്ടിച്ചതിനു നാടുവിട്ട രാജ് കബിറിനേയും ഭാര്യയേയും പൊലീസ് കോയമ്പത്തൂരില്‍ കണ്ടെത്തി തിരിച്ചെത്തിച്ചു. നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാനും നാണംകെടുത്താനുമാണ് വ്യവസായി രാജ് കബീറും ഭാര്യ ദിവ്യയും നാടുവിട്ടതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ജമുനാ റാണി ആരോപിച്ചു. സ്ഥാപനത്തിന് മുന്നില്‍ ഷീറ്റ് ഇട്ടതിനു നാലര ലക്ഷം രൂപ പിഴയിട്ട നഗരസഭാ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. മന്ത്രി ഇടപെട്ടിട്ടും നഗരസഭാ അധികൃതര്‍ വഴങ്ങിയില്ലെന്നാണ് ആരോപണം.


◾തലശേരി നഗരസഭ അടച്ചുപൂട്ടിച്ച രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ വ്യവസായം തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടികെളെടുത്തെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടാതിരിക്കാന്‍ ജില്ലകളില്‍ വിദഗ്ധര്‍ അടങ്ങുന്ന ക്ലിനിക്കുകള്‍ തുടങ്ങും. തദ്ദേശ സ്ഥാപനങ്ങള്‍ സംരംഭകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രി രാജീവ് പറഞ്ഞു.


◾തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടപ്പാക്കുന്ന ഡൗണ്‍ ടൗണ്‍ പ്രോജക്റ്റിനു പിന്നില്‍ വന്‍ അഴിമതിയെന്ന് ജനപക്ഷം നേതാവ് പി.സിജോര്‍ജ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അഴിമതിയുടെ വ്യാപ്തി മനസിലാകുമെന്നും ജോര്‍ജ്. തണ്ണീര്‍തടങ്ങള്‍ ഉള്‍പ്പെടെ 19.73 ഏക്കര്‍ ഭൂമി തരം മാറ്റാന്‍ കമ്പനിക്ക് അനുമതി നല്‍കിയത് വെറും 35 ദിവസം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.


◾ഇ - പോസ് മെഷീനുകളും സെര്‍വറും തകരാറായതുമൂലം പലയിടത്തും ഓണക്കിറ്റ്, റേഷന്‍ വിതരണം മുടങ്ങി. പിങ്ക് കാര്‍ഡുള്ളവര്‍ക്കാണ് ഇന്ന് ഓണക്കിറ്റ് നല്‍കുന്നത്.


◾കന്യാസ്ത്രീ മഠത്തോടു ചേര്‍ന്നുള്ള കോണ്‍വെന്റ് ഹോസ്റ്റലില്‍ രാത്രി അതിക്രമിച്ചു കടന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച നാലു യുവാക്കളെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം കഠിനംകുളത്ത് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് അവരുടെ ആണ്‍സുഹൃത്തുക്കള്‍ മദ്യം നല്‍കി പീഡിപ്പിച്ചത്. രാത്രി റോഡരികില്‍ സംശയകരമായ നിലയില്‍ കണ്ടെത്തിയ ബൈക്ക് പോലിസ് നിരീക്ഷിക്കുന്നതിനിടെ ഹോസ്റ്റലിന്റെ മതില്‍ചാടിയെത്തിയ യുവാക്കള്‍ പിടിയിലാകുകയായിരുന്നു.


◾അഞ്ചു മാസമായി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. പെന്‍ഷന്‍ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ ദുരിതത്തിലാണ്.


◾വനം വകുപ്പിലെ ദിവസ വേതനക്കാര്‍ക്കു നാല് മാസമായി ശമ്പളമില്ല. ആദിവാസികളായ പ്രൊട്ടക്ഷന്‍ വാച്ചര്‍മാര്‍ അടക്കം മൂവായിരത്തിലേറെ പേര്‍ക്കാണു ശമ്പളം ലഭിക്കാത്തത്. ധനകാര്യ വകുപ്പില്‍നിന്ന് പണം അനുവദിച്ചില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.


◾കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് അന്തരിച്ചു. 68 വയസായിരുന്നു. സംസ്‌കാരം നാളെ രണ്ടിനു ചങ്ങനാശേരിയില്‍. ചങ്ങനാശേരി നഗരസഭ മുന്‍ ചെയര്‍മാനായിരുന്നു. മുന്‍ മന്ത്രി സി.എഫ്. തോമസിന്റെ സഹോദരനാണ്.


◾കോളേജ് വിദ്യാര്‍ത്ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേരെ അറസ്റ്റുചെയ്തു. കുന്നുംപുറത്ത് വീട്ടില്‍ രാഹുല്‍ (31) ചെമ്പഴന്തി ഉദയഗിരി കൃഷ്ണ നിവാസില്‍ അജിതന്‍ (37) ചെമ്പഴന്തി കണ്ണങ്കര ഷൈലജ ഭവനില്‍ ശ്രീജിത്ത് (34) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.


◾കൊല്ലത്ത് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി നവദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. കിളികൊല്ലൂര്‍ സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖില്‍, പേരൂര്‍ സ്വദേശി അജു , ഭാര്യ ബിന്‍ഷ എന്നിവരെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്നു നല്‍കുന്ന സംഘമാണ് അറസ്റ്റിലായതെന്നു പോലീസ്.


◾പാലക്കാട് തത്തമംഗലം സ്വദേശി സുവീഷിനെ (20) കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ ആറു പേര്‍ കസ്റ്റഡിയില്‍. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.


◾പാലക്കാട് ജില്ലയില്‍ 73 ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയിലായി. മലമ്പുഴ മന്ദക്കാട് സ്വദേശി കണ്ണനാണ് പിടിയിലായത്. ഗോപാലപുരം ചെക്പോസ്റ്റ് വഴി പണവുമായി വരുന്നതിനിടെയാണ് വാഹനം സഹിതം പിടിയിലായത്.


◾തിരുവനന്തപുരത്തു തോക്കു ചൂണ്ടി മോഷണത്തിനു ശ്രമിച്ച സംഘം സ്വന്തം നാടായ ഉത്തര്‍ പ്രദേശിലെത്തി. കൊല്ലത്തെത്തിയാണ് ഉത്തര്‍പ്രദേശിലേക്കു ട്രെയിന്‍ കയറി രക്ഷപ്പെട്ടത്.


◾ഇടുക്കിയില്‍ പതിനാറുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത പ്രതി വാഴത്തോപ്പ് സ്വദേശി ജിന്റോയ്ക്ക് 12 വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ. പെണ്‍കുട്ടിയുടെ വീടിനരികില്‍ റോഡു പണിക്കു ഹിറ്റാച്ചി ഓപ്പറേറ്ററായി എത്തിയതായിരുന്നു ജിന്റോ.


◾ബാറില്‍ യുവാവിന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. മുളന്തുരുത്തി കാരിക്കോട് പേയ്ക്കല്‍ വീട്ടില്‍ സാജന്‍ (44), മുളന്തുരുത്തി കണ്ടന്‍ചിറയില്‍ വീട്ടില്‍ വിനോദ് (40 )എന്നിവരെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.


◾മലപ്പുറം താനൂര്‍ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില്‍ ശിവപ്രസാദിനെ(24)യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റു ചെയ്തു.


◾ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്തതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്ന് ബംഗളൂരുവിലെ മലയാളി ട്രാന്‍സ് വുമണ്‍ റിഹാന കര്‍ണാടക കൂര്‍ഗ് ജില്ലാ ഭരണകൂടത്തിനു കത്തു നല്‍കി. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഹാന എട്ടു വര്‍ഷം മുമ്പാണ് കര്‍ണാടകയിലെത്തിയത്. രണ്ടു ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായി. പലരുടെയും സാമ്പത്തിക സഹായത്തോടെയാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. ഒരിടത്തും ജോലി കിട്ടിയില്ലെന്നാണു പരാതി.


◾തെരഞ്ഞെടുപ്പു സമയത്ത് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നത് വിലക്കണമെന്ന ഹര്‍ജി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. ഹര്‍ജികള്‍ നാല് ആഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.


◾രാഹുല്‍ഗാന്ധിയുടെ അപക്വമായ ഇടപെടലുകളാണു പാര്‍ട്ടിയെ നശിപ്പിച്ചതെന്ന് കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഗുലാം നബി ആസാദ്. 2013 ല്‍ എഐസിസി വൈസ് പ്രസിഡന്റായി ചുമതലയേറ്റതുമുതല്‍ സീനിയര്‍ നേതാക്കളുമായുള്ള കൂടിയാലോചനകള്‍ ഇല്ലാതായി. സ്തുതിപാഠകരുടെയും ഉപജാപ സംഘത്തിന്റേയും പിടിയിലായി പാര്‍ട്ടി. എഐസിസി അധ്യക്ഷ സോണിയാഗാന്ധിക്കുപോലും റോളില്ലാതായി. അദ്ദേഹം കുറ്റപ്പെടുത്തി.


◾ഗുലാം നബി ആസാദിന്റെ രാജി ദുഖകരമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിലക്കയറ്റം ഉള്‍പ്പെടെയുള വിഷയങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമ്പോഴാണ് രാജി. ഭാരത് ജോഡോ യാത്രക്കായി പാര്‍ട്ടി ഒരുങ്ങുന്നു. ഈ സമയത്തുള്ള രാജി ദൗര്‍ഭാഗ്യകരവും ദുഃഖകരവുമാണെന്ന് നേതാക്കളായ അജയ് മാക്കനും ജയറാം രമേശും പറഞ്ഞു.


◾തുടര്‍ പഠനത്തിനു സൗകര്യം ആവശ്യപ്പെട്ട് യുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍. വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.


◾ഒക്ടോബറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ ഇരട്ടിയാകും. ദസറ, ദീപാവലി ആഘോഷങ്ങള്‍ക്കു യാത്രക്കാരുടെ തിരക്കു വര്‍ധിക്കുന്നതാണ് നിരക്കു വര്‍ധനയ്ക്കു കാരണം.


◾ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കേ, നിയമപരമായി നേരിടുമെന്നു ജെഎംഎം. ഗവര്‍ണറുടെ ഉത്തരവ് പ്രതികൂലമായാല്‍ കോടതിയെ സമീപിക്കാനാണു തീരുമാനം.


◾പെഗാസസില്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയോടു കേന്ദ്ര സര്‍ക്കാര്‍ നിസഹകരിച്ചത് കുറ്റബോധം മൂലമാണെന്ന് കപില്‍ സിബല്‍. അഞ്ചു ഫോണില്‍ അനധികൃത സോഫ്‌റ്റ്വെയര്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ തെളിയിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു


◾ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് അടുത്ത വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. പടക്കപ്പലില്‍ അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്.  


◾ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയി ചൈനയുടെ ജുന്‍പെങ്ങിനോട് പൊരുതി തോറ്റു. അതേസമയം ഡബിള്‍സില്‍ ജപ്പാന്‍ സഖ്യത്തെ തോല്‍പ്പിച്ച് ഇന്ത്യയുടെ സാത്വിക്-ചിരാഗ് ജോഡി സെമിയിലെത്തി.


◾ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 15-ാമത് എഡിഷന് നാളെ യുഎഇയില്‍ തുടക്കമാകും. രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ഇക്കുറി മുഖാമുഖം വരുന്നത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാല്‍ ടി20 ഫോര്‍മാറ്റിലാണ് ഇക്കുറി ഏഷ്യാ കപ്പ് മത്സരങ്ങള്‍. ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ് എന്നീ ടീമുകള്‍ ഗ്രൂപ്പ്- 1 ലും ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ്- 2 ലും മാറ്റുരക്കും. എല്ലാ ദിവസവും ഇന്ത്യന്‍സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെയാണ് നാളെ ടൂര്‍ണമെന്റിന് തിരശ്ശീല ഉയരുക. ഓഗസ്റ്റ് 28-ാം തിയതി പാകിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം.


◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. നേരിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 38120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4765 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,930 രൂപയാണ്.


◾ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്ക 2022ലെ രണ്ടാംപാദമായ ഏപ്രില്‍-ജൂണിലും കുറിച്ചത് നെഗറ്റീവ് വളര്‍ച്ച. തുടര്‍ച്ചയായ രണ്ടാംപാദത്തിലും ജി.ഡി.പി നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതോടെ, രാജ്യം 'സാങ്കേതിക സാമ്പത്തികമാന്ദ്യത്തില്‍' അകപ്പെട്ടുവെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഒന്നാംപാദമായ ജനുവരി-മാര്‍ച്ചില്‍ നെഗറ്റീവ് 1.6 ശതമാനവും ജൂണ്‍പാദത്തില്‍ നെഗറ്റീവ് 0.6 ശതമാനവുമാണ് വളര്‍ച്ച. നാണയപ്പെരുപ്പം 40 വര്‍ഷത്തെ ഉയരമായ, ജൂണിലെ 9.1 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 8.5 ശതമാനത്തിലേക്ക് താഴ്ന്നതും ശുഭസൂചനയാണ്.


◾രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ സിനിമയാണ് 'ബ്രഹ്‌മാസ്ത്ര'. 'ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പുതിയൊരു ഗാനം 'ഡാന്‍സ് ക ഭൂത്' പുറത്തുവിട്ടു. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‌മാസ്ത്ര' എത്തുക. അമിതാഭ് ബച്ചനും നാഗാര്‍ജുനയും ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിലുണ്ട്. ഹുസൈന്‍ ദലാലും അയന്‍ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ 'ബ്രഹ്‌മാസ്ത്ര' അവതരിപ്പിക്കുക. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നു.


◾പാന്‍ ഇന്ത്യന്‍ ശ്രദ്ധ ലഭിച്ച ഏറ്റവും പുതിയ ചിത്രമാണ് വിജയം ദേവരകൊണ്ട നായകനായ ലൈഗര്‍. . ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ഒരു കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 13.50 കോടിയാണെന്നാണ് പിങ്ക് വില്ലയുടെ കണക്ക്. ഹിന്ദി ബെല്‍റ്റില്‍ നിന്ന് 1.25 കോടിയും തമിഴ്നാട്, കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് 2 കോടിയും ചിത്രം നേടി. അങ്ങനെ ആകെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 16.75 കോടി. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആദ്യദിനം 10 കോടിയും ഹിന്ദി പതിപ്പ് 5- 6 കോടിയും തമിഴ് പതിപ്പ് 3 കോടിയും മലയാളം പതിപ്പ് 1.5 കോടിയുമാണ് ആദ്യദിനം നേടിയിരിക്കുന്നത്. ആദ്യ ദിനത്തിലെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 20 കോടിയും. ന്ത്യയില്‍ മാത്രം 2500 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തെ സംബന്ധിച്ച് പ്രതീക്ഷിച്ചതിലും ഏറെ താഴെയുള്ള ഓപണിംഗ് ആണിത്.


◾രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന 125 സിസി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ബജാജ് സിടി110എക്സ്നോട് വളരെ സാമ്യമുള്ള ഈ ബൈക്കിന്റെ പേര് സിടി125എക്സ് എന്നാണ്. 71,354 രൂപ എക്സ്-ഷോറൂം വിലയിലാണ് ബജാജ് സിടി125എക്സ് എത്തുന്നത്. സിടി125എക്സില്‍ മൂന്ന് ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമുകളിലാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. കറുപ്പിനൊപ്പം നീലയും കറുപ്പിനൊപ്പം ചുവപ്പും കറുപ്പിനൊപ്പം പച്ചയും ആണ് നിറങ്ങള്‍. എയര്‍ കൂള്‍ഡ് 124.4 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്ട്രോക്ക് എന്‍ജിനാണ് ഈ ബൈക്കിന്റെ ഹൃദയം. എഞ്ചിന്‍ 8,000 ആര്‍പിഎമ്മില്‍ 10.9 പിഎസ് പരമാവധി കരുത്തും 5,500 ആര്‍പിഎമ്മില്‍ 11 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.


◾തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ നിഷ്‌കളങ്കയും സമര്‍ത്ഥയുമായ സേതുലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കുന്ന നോവലാണ് 'നിയോഗസ്മൃതി'. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നോവല്‍ ആത്മാംശം തുളുമ്പുന്ന രചനാശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. മല്ലിക വേണുകുമാര്‍. ഗ്രീന്‍ ബുക്സ്. വില 280 രൂപ.


◾മുട്ടുവേദന ഇല്ലാത്തവരില്ല എന്നു തന്നെ പറയാം. എന്നാല്‍ ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ ഈ വേദന കുറയ്ക്കാന്‍ സാധിക്കും. രാവിലെ എഴുന്നേറ്റാലുടനെ മുട്ടുകള്‍ക്ക് ബലം ലഭിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.ശരിയായ രീതിയില്‍ ശരീരം ക്രമീകരിക്കാത്തതാണ് മുട്ടുവേദനയുണ്ടാക്കുന്നത്. ഇരിക്കുമ്പോള്‍ രണ്ടു കാല്‍പ്പാദങ്ങളും നിലത്ത് ഉറപ്പിച്ച് വയ്ക്കാന്‍ ശ്രദ്ധിക്കണം. ഉയരം ക്രമീകരിക്കാന്‍ കഴിയുന്ന കസേരയാണ് കുറേ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അനുയോജ്യമായിട്ടുള്ളത്. ഉയരം ക്രമീകരിക്കുമ്പോള്‍ കാലുകള്‍ നിലത്ത് ഉറപ്പിച്ച് വയ്ക്കാന്‍ കഴിയുന്നില്ല എങ്കില്‍ കാലുകള്‍ വയ്ക്കാന്‍ ഒരു സ്റ്റാന്‍ഡ് വയ്ക്കുന്നതാണ് നല്ലത്. കാല്‍മുട്ടുകള്‍ ഇടുപ്പിന് നേരെയോ അല്ലെങ്കില്‍ ഒരല്‍പ്പം ഉയര്‍ന്നോ ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാല്‍മുട്ടുകള്‍ താഴ്ന്ന നിലയിലോ കാല്‍ മുന്നോട്ട് നീട്ടിയ നിലയിലോ പിന്നോട്ട് മടക്കിയ നിലയിലോ വയ്ക്കരുത്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 79.90, പൗണ്ട് - 94.17, യൂറോ - 79.66, സ്വിസ് ഫ്രാങ്ക് - 82.86, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.60, ബഹറിന്‍ ദിനാര്‍ - 211.93, കുവൈത്ത് ദിനാര്‍ -259.49, ഒമാനി റിയാല്‍ - 207.52, സൗദി റിയാല്‍ - 21.27, യു.എ.ഇ ദിര്‍ഹം - 21.75, ഖത്തര്‍ റിയാല്‍ - 21.94, കനേഡിയന്‍ ഡോളര്‍ - 61.70.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad