Type Here to Get Search Results !

മത്തി ലഭ്യത വൻതോതിൽ കൂടി; വിലയിൽ ഇടിവ്



കോഴിക്കോട്: ഇത്തവണ ട്രോളിങ് കഴിഞ്ഞ ശേഷം കടലിലിറങ്ങിയ തൊഴിലാളികൾക്ക് കിട്ടുന്നത് ടൺകണക്കിന് മത്തി. കഴിഞ്ഞ ഏതാനുംവർഷങ്ങളായി മത്തികിട്ടുന്നതു തന്നെ വിരളമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തവണ വൻതോതിൽ കിട്ടുന്നത്. ഇടത്തരം മത്തിയും വലുതുമെല്ലാം എത്തുന്നുണ്ട്.


മത്തിക്ക് വിലയും കുറയുന്നുണ്ട്. ഇപ്പോൾ കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിൽ നൂറുരൂപയ്ക്ക് രണ്ട് കിലോ മത്തിവരെ കിട്ടുന്നുണ്ട്. കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ ചൊവ്വാഴ്ച ഇടത്തരം മത്തി കിലോയ്ക്ക് 60 രൂപയായിരുന്നു. പക്ഷേ ബുധനാഴ്ച ഇരട്ടിയായി. അയലയ്ക്ക് 140 രൂപയാണ്. ആവോലി (350-400 രൂപ), അയക്കൂറ (600-800 രൂപ) എന്നിങ്ങനെയാണ് വില. ഓണക്കാലമാകുന്നതോടെ വിലയിൽ ഇനിയും മാറ്റമുണ്ടായേക്കും. പച്ചക്കറിക്ക് നിലവിൽ വില നേരിയതോതിലുയരുന്നുണ്ട്.


''കഴിഞ്ഞവർഷം ട്രോളിങ്ങിനുശേഷം മത്തി ഒന്നോ രണ്ടോ ദിവസമാണ് കിട്ടിയത്. എന്നാൽ ഇത്തവണ ഇടത്തരം മത്തിമുതൽ വലിയത് വരെയുണ്ട്. എന്തുകൊണ്ടാണ് ഇത്രയേറെ മത്തി ലഭിക്കുന്നതെന്ന് വ്യക്തമല്ല''- പുതിയാപ്പയിലെ എ. ഉമേശൻ പറഞ്ഞു. 20 മത്തിയൊക്കെ ഉണ്ടെങ്കിൽ ഒരു കിലോയാകും. കുറച്ചുകൂടി ചെറുതാണെങ്കിൽ 30-40 ഒക്കെ ഉണ്ടാവും. ഒരു പെട്ടിയിൽ 50 കിലോ മീനൊക്കെയുണ്ടാവും. ഇത്തരത്തിൽ 200 പെട്ടിയൊക്കെ ഒരു ലോറിയിൽ കൊള്ളും. ഇത്തരത്തിലുള്ള പത്തും പതിനഞ്ചും ലോറികളിലൊക്കെയാണ് ഹാർബറുകളിൽ നിന്ന് മീൻ പുറത്തേക്കുപോകുന്നത്. തീറ്റയ്ക്കും വളത്തിനുമായാണ് ഇതുപയോഗിക്കുന്നത്.


പൊടിമീനിനെ പിടിക്കുന്നതിന് നിരോധനമുണ്ട്. എന്നാൽ ചിലപ്പോൾ ചെറിയ മീനുകളെത്തുന്നുണ്ടെന്ന് കച്ചവടക്കാർതന്നെ പറയുന്നുണ്ട്. ചെറുമത്തി പിടിക്കുന്നത് തടയാൻ സമുദ്രഗവേഷണകേന്ദ്രവും ഫിഷറീസ് അധികൃതരും നടപടിയെടുത്തിരുന്നു. 2014-ന് ശേഷം മത്തികിട്ടുന്നത് വളരെ കുറവാണ്. അതിനുശേഷം ഇപ്പോഴാണ് മത്തികിട്ടാൻ തുടങ്ങിയത്. പലഭാഗത്തും അയലയും ഉണ്ട്. നമ്മുടെ കാലാവസ്ഥ പൊതുവെ മത്തിക്ക് അനുയോജ്യമാണെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad