Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◾ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയില്‍. ജുഡീഷ്യറിയുടെ അധികാരം മുഖ്യമന്ത്രി അടക്കമുള്ള എക്സിക്യൂട്ടീവ് കവര്‍ന്നെടുക്കുന്ന ഭേദഗതി നിയമവിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജൂഡീഷ്യല്‍ അധികാരത്തെ കവര്‍ന്നെടുക്കുന്ന അപ്പലേറ്റ് അതോറിട്ടിയായി എക്‌സിക്യുറ്റീവ് മാറുന്നു. സുപ്രീം കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണിത്. സതീശന്‍ കുറ്റപ്പെടുത്തി. നിയമമന്ത്രി പി. രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.


◾വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമരത്തെ പരിഹസിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തുറമുഖ പദ്ധതി കാരണം തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സമര്‍ക്കാര്‍ എല്ലാവരും വിഴിഞ്ഞത്തുകാരല്ല. കടല്‍ തീരത്തെ വിഴുങ്ങിയതുമൂലം സ്ഥലവും വീടുകളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും. വീടു നിര്‍മ്മിക്കുംവരെ വാടക സര്‍ക്കാര്‍ നല്‍കും. വാടക നിശ്ചയിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തി. പദ്ധതി നിര്‍ത്തിവയ്ക്കില്ല, എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾വിഴിഞ്ഞം പദ്ധതി മൂന്നിലൊന്നു പൂര്‍ത്തിയായപ്പോള്‍ 600 കിലോമീറ്റര്‍ കടലെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തീര ശോഷണത്തില്‍ അദാനിയുടെയും സര്‍ക്കാരിന്റേയും നിലപാട് ഒന്നാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. മൂവായിരത്തോളം വീടുകള്‍ നഷ്ടപ്പെടും. അതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ വിപുലമായ പുനരധിവാസ പദ്ധതി തയാറാക്കിയത്. നാലു വര്‍ഷമായി ഇരുന്നൂറോളം മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ സിമന്റ് ഗോഡൗണിലും സ്‌കൂളുകളിലുമായാണു കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



◾വിഴിഞ്ഞത്ത് വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പദ്ധതി പരിഗണനയിലാണെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിയമസഭയില്‍. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ അടിയന്തരമായി വാടകവീട്ടിലേക്കു മാറ്റും. എട്ടാം ദിവസത്തിലേക്കു കടന്ന മത്സ്യത്തൊഴിലാളി സമരത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ എം വിന്‍സന്റാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. മത്സ്യ തൊഴിലാളികളെ സിമന്റ് ഗോഡൗണിലാണു പാര്‍പ്പിച്ചിരിക്കുന്നതെന്ന് വിന്‍സന്റ് കുറ്റപ്പെടുത്തി. ക്ലിഫ് ഹൗസില്‍ 41 ലക്ഷത്തിന്റെ കാലി തൊഴുത്തു നിര്‍മ്മിക്കുന്നതിന്റെ തിരക്കില്‍ പാവങ്ങളുടെ സങ്കടം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.


◾സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതി ചില പ്രത്യേക സ്വാധീനങ്ങള്‍ക്കു വഴങ്ങി കേന്ദ്ര സര്‍ക്കാര്‍ അനുമതി വൈകിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


◾എല്ലാ ജില്ലകളേയും ബന്ധിപ്പിച്ച് വിമാന സര്‍വീസ് വേണമെന്ന് പ്രതിപക്ഷ എംഎല്‍എ മഞ്ഞളാംകുഴി അലി. ചോദ്യോത്തരവേളയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കിടെയാണ് മഞ്ഞളാം കുഴി അലി ഈ ആവശ്യം ഉന്നയിച്ചത്. ഇത്ര വലിയ അബദ്ധം പറയുമെന്ന് കരുതിയില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.


◾ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ മൊഴി നല്‍കും. ഫര്‍സിന്‍ മജീദും നവിന്‍ കുമാറും കൊല്ലം പോലീസ് ക്ലബിലാണ് മൊഴി നല്‍കുക. യാത്രയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും ഡി.ജി.പിക്ക് അപേക്ഷ നല്‍കി.


◾കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധവുമായി സ്ഥലമുടമകള്‍. നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത ഇല്ലെന്നാണ് പരാതി. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയായ റിസയുടെ നീളം കൂട്ടാന്‍ പള്ളിക്കല്‍ പഞ്ചായത്തിലെ 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.


◾വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമരത്തെ പരിഹസിച്ച മുഖ്യമന്ത്രിയെ നികൃഷ്ട ജീവിയെന്ന് ആക്ഷേപിച്ചും മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം അറിയുന്നില്ലെന്നു വിമര്‍ശിച്ചും വിഴിഞ്ഞം സമര നേതൃത്വം. അദാനിയുടെ കൈയില്‍നിന്ന് കൈക്കൂലി വാങ്ങിയവര്‍ അതു തിരിച്ചു കൊടുക്കണം. തുറമുഖ നിര്‍മാണംമൂലം ജീവിതവും വീടും ഇല്ലാതായ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ കണ്ണുതുറന്നു കാണണം. ജീവിക്കാനുള്ള സമരത്തെ വര്‍ഗീയ സമരമെന്ന് ആക്ഷേപിച്ചവരുണ്ട്. ഈ സമരത്തില്‍ മുസ്ലിംകളുമുണ്ട്. നികൃഷ്ടജീവിയുടെ കീഴിലാണ് സംസ്ഥാന മന്ത്രിസഭ. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കള്ളം പറയുന്നു. ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. നാന്നൂറോളം വീടുകള്‍ കടലെടുത്തു. ഇരുന്നൂറോളം കുടുംബങ്ങള്‍ സിമന്റ് ഗോഡൗണിലും സ്‌കൂളിലുമായാണു താമസിക്കുന്നത്. വീടുകള്‍ മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഡോമെസ്റ്റിക് ടെര്‍മിനല്‍ ഏതു നിമിഷവും കടലെടുക്കും. അദ്ദേഹം വിശദീകരിച്ചു.


◾അട്ടപ്പാടി മധു കൊലക്കേസ് നാടിന്റെ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കും. കേസിലെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.


◾ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ ശക്തമായ നിയമ ഭേദഗതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാ രംഗത്തെ പ്രമുഖര്‍ ഇക്കൂട്ടരുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിം നിരോധിക്കാനുള്ള നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.


◾സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന വിപുലമായ ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളും ഈ പരിപാടിയുടെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു.


◾സര്‍ക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ പങ്കെട്ടുടുക്കാന്‍ മുന്നണിയിലെ ഘടകക്ഷികളെല്ലാം ബാധ്യസ്ഥരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകായുക്ത ഭേദഗതി ബില്ലില്‍ പിണറായി വിജയന്റെ സമ്മര്‍ദ്ദത്തിന് സിപിഐ വഴങ്ങിയെന്ന ആക്ഷേപങ്ങള്‍ക്കിടെ സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് കാനം ഇങ്ങനെ പ്രസംഗിച്ചത്.


◾സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം. രണ്ടു ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യം, തുല്യ ബോണ്ട്, പരാതിക്കാരിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തിലൂടെ പരാമര്‍ശങ്ങള്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.


◾തിരുവനന്തപുരം ജില്ലയിലെ കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി. തമ്പാനൂരില്‍ ഡീസല്‍ അടിക്കാന്‍ ബസുകളുടെ നീണ്ട നിരയാണു റോഡരികില്‍. നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ്. നിരവധി സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുയാണ്.


◾മണ്ണൂത്തി -ഇടപ്പള്ളി ദേശീയ പാതയിലെ അറ്റകുറ്റപണികളും മുടങ്ങിയ നിര്‍മാണങ്ങളും നടത്താന്‍ പുതിയ ടെന്‍ഡറിനു താല്‍പര്യം പ്രകടിപ്പിച്ച് മൂന്ന് കമ്പനികള്‍. നിലവിലെ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് വീഴ്ച വരുത്തിയതോടെയാണ് നാഷണല്‍ ഹൈവേ അതോറിറ്റി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്.


◾ഐടി വകുപ്പിലെ ജോലിക്കുവേണ്ടി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ പഞ്ചാബ് സ്വദേശി അറസ്റ്റില്‍. സച്ചിന്‍ ദാസ് എന്നയാളെ അമൃത്സറില്‍ നിന്നാണ് പിടികൂടിയത്. മുംബൈയിലെ ബാബാ സാഹിബ് അംബേദ്ക്കര്‍ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ സ്വപ്നക്കു വ്യാജമായി തയാറാക്കിക്കൊടുത്തത്.


◾ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന കൊല്ലം അറയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സസ്പെന്‍ഡു ചെയ്തിരുന്ന അക്കൗണ്ടന്റ് സജീവിനെ ബാങ്ക് ഭരണസമിതി തിരിച്ചെടുത്തു. വ്യാജ വിലാസമുണ്ടാക്കി ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പാസ്വേഡ് കൈക്കലാക്കിയായിരുന്നു സജീവന്‍ തട്ടിപ്പ് നടത്തിയത്. സിപിഎമ്മും സിപിഐയും ചേര്‍ന്നാണു ബാങ്ക് ഭരണസമിതി ഭരിക്കുന്നത്.


◾വിവാഹവാഗ്ദാനം നല്‍കി പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ പതിനെട്ടുകാരന്‍ പിടിയില്‍. തിരുവനന്തപുരം കരമന ആറമട ലക്ഷ്മിഭവനില്‍ സച്ചു എന്നുവിളിക്കുന്ന സൂരജ് (18) ആണ് പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസിന്റെ പിടിയിലായത്.


◾കൂടെ ആരുമില്ലെങ്കിലും മോദി സര്‍ക്കാറിനെതിരെ ഒറ്റയ്ക്ക് പോരാടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാറിനെതിരായ പോരാട്ടത്തിന് ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റമ്പതിലേറെ സിവില്‍ സൊസൈറ്റി സംഘടനകളും പ്രസ്ഥാനങ്ങളും പ്രൊഫഷണലുകളും യൂണിയനുകളും കോണ്‍ക്ലേവില്‍ പങ്കെടുത്തു.


◾ആംആദ്മി പാര്‍ട്ടി പിളര്‍ത്തിയാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തെന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണം വിവാദമായി. ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി. എന്നാല്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വിടാനൊരുങ്ങുകയാണ് സിസോദിയ. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കളമൊരുക്കുന്ന തിരക്കിലാണ് സിസോദിയ.


◾ബിജെപി നേതാവും ടെലിവിഷന്‍ താരവുമായ സോനാലി ഫോഗട്ട് 42 ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. രാത്രി ഗോവയില്‍ വച്ചാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിഗ് ബോസ് സീസണ്‍ 14 ലെ മത്സരാര്‍ഥിയായിരുന്നു സൊനാലി ഫോഗട്ട്.


◾ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ പീഡനക്കേസില്‍ ജാമ്യമില്ലാ വാറന്റ്. ബംഗളൂരു രാമനഗര സെഷന്‍സ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. തെന്നിന്ത്യന്‍ നടിയായ രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെത്തുടര്‍ന്നുള്ള കേസിലാണ് നടപടി. നിത്യാനന്ദയുടെ മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ ആണ് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്.


◾പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയതിന് തെലങ്കാനയിലെ ബിജെപി എംഎല്‍എ ടി രാജ സിങ്ങിനെ അറസ്റ്റുചെയ്തു. ഹൈദരാബാദില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് അറസ്റ്റ്.


◾'നരവംശശാസ്ത്രപരമായി' ദൈവങ്ങള്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവരല്ലെന്നു ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. 'ഒരു ദൈവവും ബ്രാഹ്‌മണനല്ല. ശ്മശാനത്തില്‍ പാമ്പിനൊപ്പം ഇരിക്കുന്ന പരമശിവന്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരനാകണമെന്നും അവര്‍ പറഞ്ഞു.


◾ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗവും കൂട്ടകൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലില്‍ നിന്നു വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. സിപിഎം നേതാവ് സുഭാഷിണി അലിയും വേറെ രണ്ടു പേരുമാണ് കോടതിയെ സമീപിച്ചത്.


◾മുംബൈയില്‍ ഭാര്യയെ യുവാവ് ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ട് കൊന്നു. വസായി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ എഴുന്നേല്‍പിച്ച് ട്രെയിന്‍ എത്തിയപ്പോള്‍ ട്രാക്കിലേക്കു തള്ളിയിടുകയായിരുന്നു. സംഭവം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടും അഞ്ചും വയസുള്ള മക്കളുമായി പ്രതി ഒളിവില്‍ പോയി.


◾പഠിക്കാതിരിക്കാനും ജയിലില്‍ പോകാനും വേണ്ടി പതിമൂന്നുകാരനായ ദളിത് ബാലനെ കഴുത്തു ഞെരിച്ചു കൊന്ന പതിനാറുകാരന്‍ അറസ്റ്റില്‍. ഗാസിയാബാദ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇരുവരും അയല്‍വാസികളാണ്.


◾എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തറുത്തു കൊന്ന ഇറച്ചിവെട്ടുകാരനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. സെന്‍ട്രല്‍ ദില്ലിയിലെ യമുന ഖാദര്‍ വനമേഖലയിലാണ് 36 കാരനായ ബാദ്ഷാ എന്ന റിസ്വാനെ പൊലീസ് അറസ്റ്റ് ചെയ്തത്.


◾റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ആറു മാസം. മൂന്നു ദിവസംകൊണ്ട് യുക്രെയിനെ പിടിച്ചടക്കാമെന്നു മോഹിച്ച റഷ്യയുടെ തകര്‍ന്ന ടാങ്കുകള്‍ നിരത്തിയിട്ടാണ് യുക്രെയിന്‍ യുദ്ധത്തിന്റെ ആറാം മാസം ആചരിക്കുന്നത്. റഷ്യക്കുണ്ടായ ഭീമമായ നഷ്ടം പ്രകടമാക്കുന്നതാണ് ഈ ടാങ്ക് പ്രദര്‍ശനം.


◾സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഇന്നലെ മൂന്ന് തവണയായി സ്വര്‍ണവില 560 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന് ഇന്ന് പത്തുരൂപയാണ് കുറഞ്ഞത്. 4700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. 13ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520ലേക്ക് സ്വര്‍ണവില കുതിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 920 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. ഇന്ന് രാവിലെ 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ ആകെ 70 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ട്. 10 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,880 രൂപയാണ്.


◾വായ്പാ പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) 0.20 ശതമാനം ഉയര്‍ത്തി എസ്.ബി.ഐ. പുതിയനിരക്ക് ആഗസ്റ്റ് 15ന് പ്രാബല്യത്തില്‍ വന്നതിനാല്‍ എം.സി.എല്‍.ആറുമായി ബന്ധിപ്പിച്ച വായ്പകളുള്ളവരുടെ പ്രതിമാസതിരിച്ചടവ് (ഇ.എം.ഐ) ഉയരും. 7.50 ശതമാനത്തില്‍ നിന്ന് 7.70 ശതമാനമായാണ് ഒരുവര്‍ഷ എം.സി.എല്‍.ആര്‍ വര്‍ദ്ധിപ്പിച്ചത്. ഓവര്‍നൈറ്റ്, ഒരുമാസം, മൂന്നുമാസ കാലാവധികളുള്ള വായ്പകള്‍ക്ക് പുതിയനിരക്ക് 7.35 ശതമാനം. ആറുമാസ കാലാവധിക്ക് 7.65 ശതമാനം. രണ്ടുവര്‍ഷക്കാലാവധിക്ക് 7.90 ശതമാനവും മൂന്നുവര്‍ഷത്തിന് എട്ടുശതമാനവുമാണ് പുതിയനിരക്ക്.


◾പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പി'ലെ തീം സോംഗ് റിലീസ് ചെയ്തു. 'രാവില്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. സയനോര ഫിലിപ് ആണ് ഗാനം ആലപിച്ചത്. ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളില്‍ എത്തും. പ്രതികാരത്തിന്റെയും പകയുടെ ധ്വനി ഉയര്‍ത്തുന്നതാണ് ഗാനം. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ പാട്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കോര്‍ത്തിണക്കി കൊണ്ടാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്. അബ്ദുള്ള മരക്കാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.


◾മണി രത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്നു. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് ആണ് എത്തുക. ചിത്രത്തിന്റെ ഒരു പുതിയ അപ്ഡേറ്റും ഇപ്പോള്‍ എത്തിയിരിക്കുകയാണ്. കേരള റിലീസിനെ സംബന്ധിച്ചാണ് അത്. കേരളത്തിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിനാണ് പിഎസ് 1 ന്റെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ്. കേരളത്തില്‍ 250 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് ത്തുക. 500 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം.


◾ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ സിബി300എഫിന്റെ അഖിലേന്ത്യാ തലത്തിലുള്ള വിതരണം ആരംഭിച്ചു. ഹോണ്ടയുടെ 300-500സിസി വിഭാഗത്തിലെ നാലാമത്തെ എന്‍ട്രിയാണ് സിബി300എഫ്. മറ്റു സവിശേഷതകള്‍ക്കൊപ്പം 293സിസി ഓയില്‍-കൂള്‍ഡ് 4-വാല്‍വ് എസ്ഒഎച്ച്സി എഞ്ചിനുമായാണ് പുതിയ മോട്ടോര്‍ സൈക്കിള്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. ഡീലക്സ്, ഡീലക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലായി മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, സ്പോര്‍ട്സ് റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ സിബി300എഫ് ലഭ്യമാവും. 2.25 ലക്ഷം രൂപയാണ് ന്യൂഡല്‍ഹി എക്സ് ഷോറൂം വില.


◾സ്വന്ത ബന്ധങ്ങളോടൊപ്പം ചേര്‍ന്നു ജീവിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. നാടു വിട്ടു പോകേണ്ടി വരുന്ന ഒരു കര്‍ഷക കുടുംബത്തിന്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം. 'ആളണ്ടാപ്പക്ഷി'. പെരുമാള്‍ മുരുകന്‍. വിവര്‍ത്തനം - ഇടമണ്‍ രാജന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 342 രൂപ.


◾കൊറോണ വൈറസിന്റെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാകുമെന്ന് ലോകാരോഗ്യ സംഘടന. പരിശോധനകളും നിരീക്ഷണവും ജനിതക സീക്വന്‍സിങ്ങും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒമിക്രോണ്‍ ആണ് കൊറോണ വൈറസിന്റെ പ്രബല വകഭേദം. ഇതിന് തന്നെ ബിഎ1, ബിഎ2, ബിഎ3, ബിഎ4, ബിഎ5 എന്നിങ്ങനെ പല വകഭേദങ്ങളുണ്ടായി. ബിഎ5 വകഭേദം 121 രാജ്യങ്ങളിലും ബിഎ4 വകഭേദം 103 രാജ്യങ്ങളിലും ഇപ്പോള്‍ പ്രബല കോവിഡ് വകഭേദമാണ്. 2020 ല്‍ കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിങ്ങനെ ആശങ്ക പരത്തുന്ന നിരവധി വകഭേദങ്ങള്‍ കൊറോണ വൈറസിനുണ്ടായി. ഇതില്‍ ഇന്ത്യയില്‍ ഏറ്റവും മാരകമായ കോവിഡ് തരംഗത്തിന് കാരണമായത് ഡെല്‍റ്റ വകഭേദമാണ്. ഇനിയും ഇത്തരത്തിലുള്ള മാരക വകഭേദങ്ങള്‍ കൊറോണ വൈറസിന് ഉണ്ടാകാമെന്നാണ് ഡോ. മരിയ മുന്നറിയിപ്പ് നല്‍കുന്നത്. ഭാവി വകഭേദങ്ങള്‍ക്ക് കൂടുതല്‍ വ്യാപനശേഷിയും മനുഷ്യരുടെ പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാനുള്ള കഴിവും ഉണ്ടാകാമെന്നും അവയുടെ തീവ്രത കൂടുതലോ കുറവോ ആകാമെന്നും പ്രവചിക്കുന്നു. ഇതുവരെ കണ്ടെത്തിയതിലും വച്ച് ഏറ്റവുമധികം വ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദം ഒമിക്രോണ്‍ ആണെങ്കിലും ഈ വൈറസ് മൂലമുള്ള രോഗതീവ്രത വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ കണ്ടെത്തുന്നതില്‍ പരിശോധനയും സാംപിളുകളുടെ സീക്വന്‍സിങ്ങും നിര്‍ണായകമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 79.84, പൗണ്ട് - 93.88, യൂറോ - 79.29, സ്വിസ് ഫ്രാങ്ക് - 82.71, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.96, ബഹറിന്‍ ദിനാര്‍ - 211.80, കുവൈത്ത് ദിനാര്‍ -259.36, ഒമാനി റിയാല്‍ - 207.66, സൗദി റിയാല്‍ - 21.26, യു.എ.ഇ ദിര്‍ഹം - 21.74, ഖത്തര്‍ റിയാല്‍ - 21.93, കനേഡിയന്‍ ഡോളര്‍ - 61.36.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad