Type Here to Get Search Results !

തൃശൂരിൽ സ്വത്തിനായി അമ്മയെ കൊന്ന മകൾ അച്ഛനും വിഷം നൽകി; ‘രുചിമാറ്റം തോന്നി, കുടിച്ചില്ല



കുന്നംകുളം ∙ ചായയിൽ എലിവിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ തൃശൂരിൽ അറസ്റ്റിലായ മകൾ, പിതാവ് ചന്ദ്രനും വിഷം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി നൽകുകയായിരുന്നു. രുചിമാറ്റം തോന്നിയതിനാൽ ചന്ദ്രൻ ചായ കുടിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തൽ. രുഗ്മിണിയുടെ മരണത്തിൽ മകൾ ഇന്ദുലേഖയെ (39) പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. ഇവർ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു.


പൊലീസ് പറയുന്നത് ഇങ്ങനെ: ഭർത്താവ് അറിയാതെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവിന് വിദേശത്താണ് ജോലി. കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാട്ടിൽ എത്തിയിരുന്നു. ഇയാൾ ആഭരണം എവിടെയെന്നു തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇവരുടെ പിതാവ് ചന്ദ്രൻ ഉത്സവ പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ്. രോഗിയായ ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റു ബാധ്യത തീർക്കാൻ ഇന്ദുലേഖ പദ്ധതിയിട്ടു. ഇവരുടെ 2 മക്കളിൽ മൂത്തവളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശിയായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന.



അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത് ഇന്ദുലേഖയും ചേർന്നായിരുന്നു. വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സൂചന നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷാംശം ഉണ്ടെന്ന് തെളിഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് ബുധനാഴ്ച വൈകിട്ട് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇന്ദുലേഖയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. മകൾ അമ്മയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചന്ദ്രനും പൊലീസിനോടു പറഞ്ഞിരുന്നു.



തുടർന്നു ഇന്ദുലേഖയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് വിഷം നൽകുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിൽ തിരഞ്ഞത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇന്ദുലേഖ കുറ്റം സമ്മതിക്കുകയും ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad