Type Here to Get Search Results !

വെള്ളക്കെട്ടില്‍ വലഞ്ഞ് കൊച്ചി; കാരണം മേഘവിസ്ഫോടനമെന്ന് മേയര്‍ എം അനില്‍ കുമാര്‍



കൊച്ചി: മേഘവിസ്ഫോടനമാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. വേലിയേറ്റമാണ് വെള്ളം ഇറങ്ങാന്‍ വൈകിയതിന് പിന്നിലെന്നും മേയര്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനം ഉള്‍ക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെയേ വെള്ളക്കെട്ട് ഒഴിവാക്കാനാകൂ എന്ന് അനില്‍ കുമാര്‍ പറഞ്ഞു.


തോടുകളെല്ലാം നിറഞ്ഞ് നില്‍ക്കുന്നതില്‍ വീടുകളില്‍ ഒരിക്കല്‍ കയറിയ വെള്ളം ഇറങ്ങി പോകാത്ത ദുഃഖകരമായ അവസ്ഥയാണ്. സംവിധാനങ്ങളുടെ പരാജയങ്ങള്‍ 'ഓപ്പറേഷന് ബ്രേക്ക് ത്രൂവി'ന് തടസമായി എന്നും എം അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അശാസ്ത്രീയമായ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 'ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ' കാര്യക്ഷമമായി നടപ്പാക്കിയില്ലെന്ന് കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിന്‍ കുറ്റപ്പെടുത്തി. 2019ല്‍ കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ അനാവശ്യമെന്ന് തെളിഞ്ഞു എന്നാണ് സൗമിനി ജെയിന്‍ പറയുന്നത്. നഗരത്തിലെ കാനകള്‍ അടച്ചുകെട്ടിയുള്ള അശാസ്ത്രീയ നിര്‍മാണങ്ങളാണ് വെള്ളക്കെട്ടിന് പിന്നില്‍. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നുവെന്നും സൗമിനി ജെയിന്‍ പറഞ്ഞു.


കോര്‍പ്പറേഷന്‍്റെ 'ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ' പദ്ധതി പരാജയമെന്ന് ഹൈബി ഈഡനും വിമര്‍ശിച്ചു. എന്താണ് പകരമെന്ന് സംസ്ഥാന സര്‍ക്കാര്‍ എല്ലാവരുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കനാല്‍ നവീകരണവും മുന്നോട്ട് കൊണ്ടുപോയില്ല. സംസ്ഥാന സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന് ആവശ്യപ്പെട്ട ഹൈബി ഈഡന്‍ എം പി, കോര്‍പ്പറേഷന് ഒറ്റക്ക് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്നും പറഞ്ഞു.


ഇന്നലെ രാവിലെ പെയ്ത തീവ്രമഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കലൂര്‍ സ്റ്റേഡിയം റോഡ് വെള്ളത്തില്‍ മുങ്ങി. കലൂര്‍ അടക്കമുള്ള സ്ഥലങ്ങളിലും ഹൈക്കോടതിക്ക് മുന്നിലും വെള്ളക്കെട്ട് ഉണ്ടായി. നിരവധി വീടുകളില്‍ വെള്ളം കയറി. വെള്ളക്കെട്ട് കാരണം കലൂര്‍ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. എന്നാല്‍, പെരിയാര്‍ അടക്കമുള്ള പുഴകളില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല.


എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളമെത്തിയത് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറാക്കി. സിഗ്നലിംഗിന് സംഭവിച്ച തകരാര്‍ ഭാഗികമായി പരിഹരിച്ചെങ്കിലും ദീര്‍ഘദൂര ട്രെയിനുകളടക്കം വൈകിയോടുന്നത് തുടരുകയാണ്. അതേസമയം, നഗരത്തിലെ കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടതോടെ കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ കൂടി. ഇന്നലെ 96,916 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad