Type Here to Get Search Results !

റോഡിലെ കുഴിയിൽ വീണ് ഒരുവർഷം മരിച്ചത് 2300 പേർ



ന്യൂഡൽഹി: റോഡിലെ കുഴികളിൽവീണ് 2016 മുതൽ 2020 വരെ ഓരോവർഷവും രാജ്യത്ത് ശരാശരി 2300 പേർ മരിച്ചതായി കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇക്കാലയളവിൽ വാഹനങ്ങൾ കുഴികളിൽവീണ് പ്രതിവർഷം 5800-ലേറെ അപകടങ്ങളാണുണ്ടായത്. കോവിഡ് നിയന്ത്രണമുണ്ടായിരുന്ന 2020-ൽ 1471 പേരാണ് മരിച്ചതെങ്കിൽ 2016, 2017, 2018, 2019 വർഷങ്ങളിൽ യഥാക്രമം 2324, 3597, 2015, 2140 പേരാണ് മരിച്ചത്. കേരളത്തിൽ മൂന്നരവർഷത്തിനിടെ വാഹനങ്ങൾ കുഴിയിൽവീണ് 15 പേരാണ് മരിച്ചത്. സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ സ്ഥിതി ചൂണ്ടിക്കാട്ടി ഹൈക്കോടതി നിരന്തരം സർക്കാരിനെ വിമർശിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ പരിഹാരനടപടിയൊന്നും ഉണ്ടാകുന്നില്ല. കുഴികളെ മനുഷ്യനിർമിത ദുരന്തമെന്നാണ് ഒടുവിൽ കോടതി വിശേഷിപ്പിച്ചത്. കുഴികളിൽ വീണുണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് നിർദേശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇനി കുഴിയിൽവീണുണ്ടാകുന്ന ഓരോ അപകടത്തിനും കളക്ടർമാർ വിശദീകരണം നൽകണമെന്നും പറഞ്ഞിരുന്നു.


കുഴികളെപ്പറ്റി ജനങ്ങൾക്ക് പരാതിപ്പെടാൻ ദേശീയപാതാ അതോറിറ്റി ഓൺലൈൻ സംവിധാനം തയ്യാറാക്കുന്നുണ്ട്. ഇതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പരാതികളുടെ പരിഹാരനടപടി സമയബന്ധിതമായി നടപ്പാക്കും. ഇത് പാലിക്കാത്ത അധികൃതർക്കെതിരേ കർശന നടപടിയെടുക്കുമെന്നും അതോറിറ്റി അറിയിച്ചു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad