Type Here to Get Search Results !

Right to repair | ഉപകരണങ്ങള്‍ ഇഷ്ടമുള്ളിടത്ത് നന്നാക്കാം; 'റൈറ്റ് ടു റിപ്പയര്‍' നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം; പ്രയോജനങ്ങള്‍ എന്തെല്ലാം?

 


നിങ്ങളുടെ ഫോണും (phone) ലാപ്‌ടോപ്പുമൊക്കെ (laptop) കേടാകുമ്ബോള്‍ അത് നന്നാക്കിയെടുക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ടോ?

പലരും ഉപകരണങ്ങള്‍ നന്നാക്കി കിട്ടാത്തത് കൊണ്ട് കാത്തിരുന്ന് മടുത്ത്, അവസാനം പുതിയവ (new gadgets) വാങ്ങുന്ന സ്ഥിതി പോലും ഉണ്ടാകാറുണ്ട്.


റൈറ്റ് ടു റിപ്പയര്‍ (right to repair) എന്ന വിഷയത്തില്‍ സമഗ്രമായ നിയമങ്ങള്‍ രൂപീകരിക്കുന്നതിനായി അഡീഷണല്‍ സെക്രട്ടറി നിധി ഖാരെ അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിച്ചതായി ഉപഭോക്തൃ കാര്യ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു,


എന്താണ് കേടുപാടുകള്‍ നന്നാക്കാനുള്ള അവകാശം അഥവാ റൈറ്റ് ടു റിപ്പയര്‍? എന്തിനാണ് കേന്ദ്രം ഇത്തരത്തിലുള്ള ഒരു കമ്മറ്റി രൂപീകരിച്ചിരിക്കുന്നത് എന്ന് നോക്കാം,


എന്താണ് റൈറ്റ് ടു റിപ്പയര്‍?


ഉല്‍പ്പന്നങ്ങളും അവയുടെ സ്‌പെയര്‍പാര്‍ട്ട്‌സും രൂപകല്‍പ്പന ചെയ്യുന്നതില്‍ നിര്‍മ്മാതാക്കള്‍ക്കാണ് പൂര്‍ണ്ണ അവകാശം ഉള്ളത്. നിര്‍മ്മാതാക്കളുടെ അംഗീകാരമില്ലാത്ത ആളുകളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച്‌ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ ഉത്പന്നത്തിന്റെ വാറന്റി നഷ്ടപ്പെടുമെന്നാണ് ടിവി, കാറുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങളുടെ വാറന്റി കാര്‍ഡുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.


കേന്ദ്രത്തിന്റെ വാദമനുസരിച്ച്‌, ഉപഭോക്താവ് ഒരു സാധനം വാങ്ങുമ്ബോള്‍ അതിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം വാങ്ങിയ ആള്‍ക്കായിരിക്കും. അതുകൊണ്ട് തന്നെ, ന്യായമായ ചെലവില്‍ വാങ്ങിയ സാധനം പരിഷ്‌ക്കരിക്കാനും മാറ്റങ്ങള്‍ വരുത്താനും ഉപഭോക്താവിന് കഴിയണം. അതില്‍ നിര്‍മ്മാതാക്കളുടെ അമിത ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ല.


കാറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ നിര്‍മ്മാണ കമ്ബനികള്‍ സ്‌പെയര്‍പാര്‍ട്ട്‌സ് രംഗത്തെ തങ്ങളുടെ കുത്തക അവസാനിപ്പിച്ച്‌ ഉപഭോക്താവിന് അത് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.


ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, വില്‍പ്പന സമയത്ത് ഉല്‍പ്പന്നങ്ങളുടെ വിശദമായ ഡ്രോയിംഗുകള്‍ ഉപഭോക്താവിന് ലഭ്യമാക്കേണ്ടി വരും.


പലപ്പോഴും ഒരു ഉല്‍പ്പന്നം അറ്റകുറ്റപ്പണികള്‍ നടത്താന്‍ വളരെയധികം സമയം എടുക്കുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാത്രമല്ല, വളരെ ഉയര്‍ന്ന നിരക്കിനാണ് റിപ്പയര്‍ ചെയ്ത് കൊടുക്കുന്നത്. പലപ്പോഴും സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ ലഭ്യമല്ലാത്ത സാഹചര്യവും നിലവിലുണ്ട്.


നിയമത്തിന്റെ ലക്ഷ്യം


ഉപഭോക്താക്കളെ ശാക്തീകരിക്കുക എന്നതാണ് പുതിയ നിയമത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. സൗഹാര്‍ദ്ദപരമായ വ്യാപാരം സാധ്യമാക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഒപ്പം ഇ-വേസ്റ്റ് ഇല്ലാതാക്കുക എന്ന ലക്ഷ്യവും നിയമത്തിന് പിന്നിലുണ്ട്.


സുസ്ഥിര ഉപഭോഗം എന്ന പ്രധാനമന്ത്രിയുടെ ആശയത്തെ പിന്തുണയ്ക്കുന്ന നടപടിയാണ് ഇപ്പോള്‍ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.


കമ്മറ്റിയുടെ പ്രാധാന്യം


അറ്റകുറ്റപ്പണികള്‍ക്കുള്ള അവകാശം എന്ന വിഷയത്തില്‍ പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കമ്മറ്റി കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. കാര്‍ഷിക ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ടാബുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മേഖലയായി കമ്മറ്റി കണ്ടെത്തിയത്.


അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ഉപഭോക്താവിന്റെ അവകാശം പല വിദേശ രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. യുഎസ്‌എ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെല്ലാം ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഫെയര്‍ റിപെയര്‍ ആക്‌ട് അടുത്തിടെ അമേരിക്ക പാസ്സാക്കിയിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad