Type Here to Get Search Results !

സായാഹ്ന വാർത്തകൾ◼️സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 92.71 ശതമാനം വിജയം. 98.83 ശതമാനം പേരെ വിജയിപ്പിച്ച് തിരുവനന്തപുരം മേഖലയാണ് മുന്നില്‍. പത്താം ക്ലാസില്‍ 94.40 ശതമാനം വിജയം. 99.68 ശതമാനമാണു തിരുവനന്തപുരം മേഖലയുടെ വിജയം. പ്ലസ് വണ്‍ പ്രവേശനത്തിനു മാര്‍ക്കു രേഖപ്പെടുത്താനുള്ള അവസാന തീയതി ഹൈക്കോടതി ഇന്നുവരെ നീട്ടിയിരിക്കേയാണ് പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.


◼️കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. ഇന്നലെ രാത്രി വാഹനാപകടത്തിന്റെ പേരില്‍ പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മര്‍ദ്ദിച്ചെന്നാണ് ആരോപണം. സംഭവം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ് അന്വേഷിക്കുമെന്നു പോലീസ്. മര്‍ദനമേറ്റു കുഴഞ്ഞുവീണെന്നും സജീവനെ യഥാസമയം ആശുപത്രിയില്‍ എത്തിച്ചില്ലെന്നുമാണ് സജീവന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. കസ്റ്റഡി മരണത്തിനെതിരേ പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.


◼️സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കെട്ടിട നമ്പര്‍ തട്ടിപ്പുകള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ ട്രൂ ഹൗസ് എന്ന പേരിലാണ് പരിശോധന. ഐക്യം സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് കെട്ടിടനമ്പര്‍ നല്‍കുന്നത്. കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ വന്‍തോതില്‍ തട്ടിപ്പു കണ്ടെത്തിയ സാഹചര്യത്തിലാണ് എല്ലാ നഗരസഭകളിലും പരിശോധന നടത്തുന്നത്.


*


◼️സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.


◼️ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ രമയ്ക്കു വധ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ഭരണം പോകുമെന്നൊന്നും നോക്കില്ല 'തീരുമാനം' എടുത്തുകളയുമെന്നാണ് കത്തിലെ ഭീഷണി. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ എംഎല്‍എ ഹോസ്റ്റലിലേക്കാണ് ഭീഷണിക്കത്ത് വന്നത്. രമ ഡിജിപിക്കു പരാതി നല്കി.


◼️എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്കു ചട്ടങ്ങള്‍ മറികടന്ന് പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റ് നല്‍കിയെന്ന് ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. പരീക്ഷ എഴുതാനുള്ള ഹാജര്‍ എസ്എഫ്ഐ നേതാവിനില്ലെന്നും നാല്‍പ്പതോളം കേസുകളില്‍ പ്രതിയായ ആര്‍ഷോയ്ക്ക് കോളജ് അധികൃതര്‍ വ്യാജരേഖ ചമച്ചാണ് പരീക്ഷ എഴുതാന്‍ ഹാള്‍ ടിക്കറ്റ് നല്‍കിയതെന്നുമാണ് പരാതി. പരീക്ഷ എഴുതാന്‍ അര്‍ഷോയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. നാളെ മുതല്‍ ഓഗസ്റ്റ് മൂന്നുവരെയാണു ജാമ്യം.
◼️നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കും പോലീസിനും ഹൈക്കോടതിയുടെ വിമര്‍ശനം. ശരിയായ അന്വേഷണം നടത്താതെ ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. പോലീസ് പറഞ്ഞ വിവരങ്ങളനുസരിച്ചാണു തങ്ങള്‍ പരാതി നല്‍കിയതെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്‍കി. പോലീസ് വിവരങ്ങള്‍ ചോര്‍ത്തിത്തന്നോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു. കോടതി ദിലീപിനെകൂടി കക്ഷിചേര്‍ത്ത് കേസ് മാറ്റിവച്ചു.


◼️നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ കാവ്യ മാധവനും മഞ്ജു വാര്യരും സാക്ഷികള്‍. ദിലീപിനെതിരെ തെളിവു നശിപ്പിച്ചെന്ന കുറ്റംകൂടി ചുമത്തി. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ഏക പ്രതി. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്റെ കൈയ്യിലുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത്.


◼️സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനു മേല്‍ക്കൈ. തെരഞ്ഞെടുപ്പു നടന്ന വാര്‍ഡുകളില്‍ പത്തിടത്ത് എല്‍ഡിഎഫ് ജയിച്ചു. യുഡിഎഫ് ഏഴു സീറ്റ് നേടി. ബിജെപി ഒരിടത്ത് ജയിച്ചു. അഞ്ച് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് നടന്ന കാസര്‍കോട് ജില്ലയില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി.


◼️രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ടു ചോര്‍ന്നതില്‍ ഞെട്ടി ഇരു മുന്നണികളും. വോട്ടു മറിച്ചത് ആരെന്നറിയാന്‍ ഇരു മുന്നണികളിലേയും നേതാക്കള്‍ തലപുകയ്ക്കുകയാണ്. എന്നാല്‍ ഒരു വോട്ടു കിട്ടിയത് 139 വോട്ടിനേക്കാള്‍ മൂല്യമുള്ളതാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്.


◼️വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ്പി സസ്പെന്‍ഡ് ചെയ്ത പൊലീസുകാരനെ ഐജി അന്നുതന്നെ തിരിച്ചെടുത്തു. ടെലികമ്യൂണിക്കേഷന്‍സ് എസ്പി നവനീത് ശര്‍മയാണ് ആളില്ലാത്ത സമയം വീട്ടില്‍ കയറിയെന്ന് ആരോപിച്ച് ഗണ്‍മാനെ സസ്പെന്‍ഡു ചെയ്തത്. ഐജി അനൂപ് കുരുവിള ജോണാണ് എസ്പിയുടെ നടപടി തിരുത്തിയത്.


◼️സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിശ്വാസ്യത വര്‍ധിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സ്വപ്നയുടെത് വെറും ആരോപണങ്ങള്‍ അല്ലെന്നു തെളിയുകയാണ്. മുന്‍മന്ത്രി കെ.ടി. ജലീല്‍ മാധ്യമം പത്രത്തിനെതിരെ നല്‍കിയ കത്ത് പുറത്തുവന്നത് ഇതിനു തെളിവാണെന്നും സതീശന്‍ പറഞ്ഞു.


◼️അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനാറാം സാക്ഷിയായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ വനംവകുപ്പ് വാച്ചര്‍ റസാഖ് ആണ് കോടതിയില്‍ മൊഴി മാറ്റിയത്. ഇതോടെ കേസില്‍ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. മൊഴി മാറ്റി പറഞ്ഞവരെല്ലാം നേരത്തെ മജിസ്ട്രേട്ടിനു മുന്നില്‍ മൊഴി നല്‍കിയവരാണ്. കൂറുമാറിയ താത്കാലിക വാച്ചറായ അനില്‍ കുമാറിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിരിച്ചുവിട്ടിരുന്നു.


◼️യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്ട്സ് ആപ് ഗ്രൂപ്പിലെ ചാറ്റ് ചോര്‍ന്നത് എങ്ങനെയെന്നു കണ്ടെത്തണമെന്ന് സസ്പെന്‍ഷനിലായ വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍. അന്വേഷണ കമ്മീഷന്‍ വന്നാല്‍ തെളിവ് കൈമാറും. അഖിലേന്ത്യാ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ കാര്യങ്ങള്‍ നേതൃത്വത്തെ അറിയിക്കുമെന്നും എന്‍.എസ് നുസൂര്‍ പറഞ്ഞു.


◼️എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന ഹര്‍ജിയില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അര്‍ധസത്യങ്ങളാണെന്ന് ആരോപിച്ച് സെര്‍വ് കളക്ടീവ്സ് എന്ന സംഘടന രംഗത്ത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ന്യൂറോളജിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ നടപ്പിലാക്കിയെന്ന അവകാശവാദം തെറ്റാണെന്ന് കോടതിയെ ധരിപ്പിക്കുമെന്ന് സെര്‍വ് കളക്ടീവ്സ്.


◼️ഒറ്റ ദിവസംകൊണ്ട് എല്ലാ സ്‌കൂളും മിക്സഡാക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 18 സ്‌കൂളുകള്‍ മിക്സഡ് സ്‌കൂള്‍ ആക്കി. സ്‌കൂളുകള്‍ മിക്സഡാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണം. ബാലാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോയെന്നും മന്ത്രി.


◼️സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ പീഡന പരാതിയില്‍ പൊലീസ് അന്വേഷണം വൈകിപ്പിക്കുകയാണെന്ന് പരാതിക്കാരി. പ്രതിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. വിശദമായി മൊഴി നല്‍കുകയും സംഭവ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തതാണ്. വീണ്ടും അതേ കാര്യങ്ങള്‍ ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നു പരാതിക്കാരി കുറ്റപ്പെടുത്തി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരിയായതിനാലാണ് തന്റെ പരാതിയെ പൊലീസ് അവഗണിക്കുന്നതെന്നും പരാതിക്കാരി ആരോപിച്ചു.


◼️സംഗീത സംവിധായകന്‍ ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ തുടരന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ വിധി 29 ന്. ബാലഭാസ്‌ക്കറിന്റേത് അപകടമരണമെന്നാണ് സിബിഐ റിപ്പോര്‍ട്ടു നല്‍കിയിരുന്നത്.


◼️പത്തനംതിട്ടയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ പോലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ സിപിഒ സിന്‍സി പി. ആസീസാണ് (35) മരിച്ചത്.


◼️ആറന്മുള ഉതൃട്ടാതി വള്ളംകളിയും വള്ളസദ്യയും ഈ വര്‍ഷം വിപുലമായി നടത്തും. സര്‍ക്കാര്‍ വകുപ്പുകളുടെയും പള്ളിയോട സേവ സംഘത്തിന്റെയും സംയുക്ത യോഗത്തിലാണ് തീരുമാനം. പള്ളിയോടങ്ങളുടെ കടവുകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാനുള്ള ജോലികള്‍ ഉടന്‍ തുടങ്ങാനും ധാരണയായി.


◼️എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായവര്‍ക്ക് ജപ്തി നോട്ടീസ്. ചെങ്ങന്നൂര്‍ യൂണിയനു കീഴില്‍ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്കാണ് പത്തു ദിവസത്തിനകം കുടിശിക അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്.


◼️തളിപ്പറമ്പില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിനു തളിപ്പറമ്പ് കോടതിക്ക് സമീപം പവിത്രം ഹൗസില്‍ പി പവിത്രകുമാറിനെ അറസ്റ്റ് ചെയ്തു.


◼️ഇന്ത്യ 760 ലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നു. വൈദ്യുതി ഉല്‍പാദനത്തിന് ആവശ്യത്തിനു കല്‍ക്കരി ഇല്ലാത്തതിനാലാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി കല്‍ക്കരി വരുന്നതോടെ വൈദ്യുതിക്കു വില വര്‍ധിപ്പിക്കാനാണ് നീക്കം.


◼️കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുടെ മകള്‍ ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരില്‍ ഗോവയില്‍ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്നു പരാതി. എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചു. മകള്‍ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാറിനെതിരെയാണ് നോട്ടീസ്.


◼️ആകാശ എയര്‍ ബുക്കിംഗ് ആരംഭിച്ചു. ഓഹരി വിപണിയിലെ താരമായ രാകേഷ് ജുന്‍ജുന്‍വാല സാരഥ്യമേകുന്ന ആകാശ എയര്‍ അടുത്തമാസം ഏഴിനു യാത്രക്കാരുമായി പറക്കും. കൊച്ചി- ബംഗളുരു, മുംബൈ അഹമ്മദാബാദ് റൂട്ടുകളില്‍ ബോയിംഗ് 737 മാക്സ് വിമാനം ഉപയോഗിച്ചാണ് ആകാശ എയര്‍ യാത്ര ആരംഭിക്കുക. ബംഗളൂരു ടിക്കറ്റിന് 3,282 രൂപ മാത്രം.


◼️യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്ന വിമാനത്താനവളത്തിലാണ് വിമാനം തിരിച്ചിറക്കിയത്. തന്റെ ബാഗില്‍ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.


◼️ഡല്‍ഹിയിലെ ജോഹ്റിപൂരിലെ ജെയിന്‍ കോളനിയില്‍ 45 കാരന്‍ ഭാര്യയെയും പെണ്‍മക്കളെയും ജനല്‍ പാളി ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തില്‍ 18 കാരിയായ മകള്‍ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.


◼️ശ്രീലങ്കയില്‍ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവര്‍ധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.


◼️ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിറകേ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ സൈനിക നടപടി. പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും ഔദ്യോഗിക വസതികള്‍ കൈയേറിയവരെ വിരട്ടിയോടിച്ചു. സെക്രട്ടേറിയേറ്റിനു മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകള്‍ തകര്‍ത്തു. പുലര്‍ച്ചെ നിരവധിപേരെ അറസ്റ്റു ചെയ്തു. പ്രതിഷേധിച്ച പ്രക്ഷോഭകരെ ലാത്തിചാര്‍ജു ചെയ്തു.


◼️ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈയിനത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും എല്‍ദോസ് സ്വന്തമാക്കി.


◼️ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്കായ 83.50 മീറ്റര്‍ നീരജ് മറികടക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ഫൈനല്‍.


◼️ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 100 മീറ്ററിനു പിന്നാലെ 200 മീറ്ററിലും അമേരിക്കയുടെ ആധിപത്യം. ഇന്ന് നടന്ന 200 മീറ്റര്‍ ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും അമേരിക്കന്‍ താരങ്ങള്‍ സ്വന്തമാക്കി. 19.31 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ നോവ ലൈല്‍സ് സ്വര്‍ണം നിലനിര്‍ത്തി. കെന്നെത് ബെഡ്‌നാരെക്ക് വെള്ളിയും എറിയോണ്‍ നൈട്ടണ്‍ വെങ്കലവും നേടി.


◼️ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 200 മീറ്ററില്‍ ജമൈക്കയുടെ ഷെരിക്ക ജാക്സണ് സ്വര്‍ണം. 21.45 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ട ഷെരിക്ക ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ചു. കഴിഞ്ഞ ദിവസം 100 മീറ്ററില്‍ സ്വര്‍ണം നേടിയ ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് വെള്ളിയും ബ്രിട്ടന്റെ ഡിന ആഷര്‍ സ്മിത്ത് വെങ്കലവും നേടി.


◼️ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ സെനഗല്‍ മുന്നേറ്റനിര താരം സാദിയോ മാനെയ്ക്ക്. വോട്ടിങ്ങില്‍ ലിവര്‍പൂളിന്റെ മുന്‍ സഹതാരം ഈജിപ്തിന്റെ മുഹമ്മദ് സലാ, സെനഗലിലെ സഹതാരം എഡ്വേര്‍ഡ് മെന്‍ഡി എന്നിവരെ മറികടന്നാണ് മാനെയുടെ നേട്ടം.


◼️സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപ. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4640 ആയി. തുടര്‍ച്ചയായി രണ്ടു ദിവസം വര്‍ധിച്ച സ്വര്‍ണ വില ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. ഇതാണ് ഇന്നു തിരിച്ചുകയറിയത്. ചൊവ്വയും ബുധനും സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് എണ്‍പതു രൂപ വീതമായിരുന്നു വര്‍ധന.


◼️രാജ്യത്തെ പുതിയ വിമാന കമ്പനിയായ അകാസ എയര്‍ അടുത്ത മാസം ഏഴിനു പ്രവര്‍ത്തനം തുടങ്ങും. മുംബൈ- അഹമ്മദാബാദ് റൂട്ടില്‍ ആയിരിക്കും ആദ്യ സര്‍വീസ്. ബുക്കിങ് തുടങ്ങിയതായി കമ്പനി അറിയിച്ചു. ബോയിങ് 737 മാക്‌സ് വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ബംഗളൂരു-കൊച്ചി റൂട്ടില്‍ ഓഗസ്റ്റ് 13ന് സര്‍വീസ് തുടങ്ങുമെന്നും അകാസ എയര്‍ അറിയിച്ചു. ആദ്യ വര്‍ഷം ഓരോ മാസവും രണ്ടു വിമാനം വച്ച് വാങ്ങും. ഇതിന് ബോയിങ്ങുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ മാസം ഏഴിനാണ് ഡിജിസിഎ കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.


◼️അമലാ പോള്‍ നായികയാകുന്ന ചിത്രമാണ് 'കാടവെര്‍'. അനൂപ് പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് വൈകിയ ചിത്രമാണ് 'കാടെവര്‍'. ഇപ്പോഴിതാ ഡയറക്ട് ഒടിടി റിലീസായി ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. എന്നാല്‍ റിലീസ് തീയ്യതി പുറത്തുവിട്ടിട്ടില്ല. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൊലീസ് സര്‍ജന്‍ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്.


◼️പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ്. 'പാല്‍വര്‍ണ്ണ കുതിരമേല്‍' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രവും കലാഭവന്‍ ഷാജോണിന്റെ കഥാപാത്രവും തമ്മിലുള്ള പൊലീസ് സ്റ്റേഷന്‍ സീനാണ് പുറത്തുവിട്ടിരിക്കുന്നത്. ബോക്സ് ഓഫീസില്‍ 'കടുവ'യുടെ കളക്ഷന്‍ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്.  


◼️ജര്‍മ്മന്‍ അത്യാഡംബര, ഹൈ-പെര്‍ഫോമന്‍സ് സ്പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയ്ക്ക് ഇന്ത്യയില്‍ മികച്ച വില്പനനേട്ടം. 2022 ജനുവരി-ജൂണില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തെ 173 യൂണിറ്റുകളില്‍ നിന്ന് വില്പന 378 യൂണിറ്റുകളിലേക്ക് മെച്ചപ്പെട്ടെന്ന് കമ്പനി വ്യക്തമാക്കി. ഇരട്ടിയിലേറെയാണ് വളര്‍ച്ച. പോര്‍ഷ ഇന്ത്യയിലെത്തിയതിന്റെ പത്താംവര്‍ഷമാണിത്. സമ്പൂര്‍ണ ഇലക്ട്രിക് മോഡലായ ടെയ്കാന്റെ വരവും എസ്.യു.വികളോട് ഇന്ത്യക്കാര്‍ക്കുള്ള പ്രിയവും 2022ന്റെ ആദ്യപകുതിയില്‍ വില്പനക്കുതിപ്പിന് നേട്ടമായെന്ന് പോര്‍ഷ കരുതുന്നു. കമ്പനിയുടെ ഇന്ത്യയിലെ എക്കാലത്തെയും ഉയര്‍ന്ന ആദ്യ അര്‍ദ്ധവര്‍ഷ വില്പനയാണിത്.


◼️മധു എന്ന യുവാവിന്റെ ദാരുണമായ അന്ത്യമാണ് ഈ കവിതകള്‍ സമാഹരിക്കാന്‍ പ്രേരകമായത്. മധുവിന്റെ നിഷ്‌കളങ്കമായ മുഖം മായുന്നില്ല. അവന്റെ പെങ്ങന്മാര്‍ അവന് കൊടുക്കാന്‍ ആഹാരവുമായിപ്പോയ ദിവസങ്ങളും അതു കൊടുക്കാന്‍ പറ്റാതെ മടങ്ങിയ വൈകിയ വേളകളും അവര്‍ വിശദീകരിച്ചത് മറക്കാന്‍ ആവുന്നില്ല. ഇരുളും ദുഃഖവും നിറഞ്ഞ കഥനഭാരങ്ങള്‍ ആണവ. അവന്റെ അമ്മ കുറുമ്പ വിഭാഗം. അച്ഛന്‍ മുഡുഗ വിഭാഗം. അവന്‍ കരുത്തുറ്റ ശരീരത്തിനുടമയായിരുന്നു. അങ്ങനെയല്ലാതായി. കാരണം വീട്ടുകാര്‍ക്കും അറിയില്ലത്രേ. 'മെലെ കാവുളു'. എഡിറ്റേഴ്‌സ് - എസ് ജോസഫ് , അന്‍വര്‍ അലി , സന്ദീപ് കെ. രാജ്. ഡിസി ബുക്സ്. വില 228 രൂപ.


◼️മസ്തിഷ്‌കം ശരിയായി പ്രവര്‍ത്തിക്കാനും ആരോഗ്യകരമായി നിലനില്‍ക്കാനും സഹായിക്കുന്നതിന് ധാരാളം പോഷകങ്ങളും നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ പങ്ക് വഹിക്കുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ളാവനോള്‍, പോളിഫെനോള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ തലച്ചോറിനെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മെമ്മറി, ഏകാഗ്രത, മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താന്‍ അവ സഹായിക്കും. മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പിന്തുടരുന്നത് അല്‍ഷിമേഴ്‌സ് രോഗത്തിനും ഡിമെന്‍ഷ്യയ്ക്കും ഉള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, നട്സുകള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ന്യൂട്രീഷന്‍ ഹെല്‍ത്ത് ആന്‍ഡ് ഏജിങ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയവരുടെ ഓര്‍മ ശക്തിയും ബുദ്ധിശക്തിയും തലച്ചോറിന്റെ മൊത്തം പ്രവര്‍ത്തനവും വിലയിരുത്തിയാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 79.90, പൗണ്ട് - 95.32, യൂറോ - 81.05, സ്വിസ് ഫ്രാങ്ക് - 82.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.18, ബഹറിന്‍ ദിനാര്‍ - 211.89, കുവൈത്ത് ദിനാര്‍ -259.65, ഒമാനി റിയാല്‍ - 207.54, സൗദി റിയാല്‍ - 21.27, യു.എ.ഇ ദിര്‍ഹം - 21.75, ഖത്തര്‍ റിയാല്‍ - 21.95, കനേഡിയന്‍ ഡോളര്‍ - 62.01.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad