Type Here to Get Search Results !

പ്രഭാത വാർത്തകൾ



◼️അപര്‍ണ ബാലമുരളി മികച്ച നടി. ബിജു മേനോന്‍ സഹനടന്‍. സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍. അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിലൂടെയാണ് അപര്‍ണ മികച്ച നടിയായത്. 'അയ്യപ്പനും കോശിയു'മാണ് ബിജു മേനോനെ മികച്ച സഹനടനാക്കിയത്. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അയ്യപ്പനും കോശിയും സംവിധാനം ചെയ്ത അന്തരിച്ച സംവിധായകന്‍ സച്ചി മികച്ച സംവിധായകന്‍. മികച്ച സംഘട്ടനത്തിനു മാഫിയ ശശി അടക്കം നാല് അവര്‍ഡുകള്‍ അയ്യപ്പനും കോശിയും നേടി. 'തനാജി'യിലെ അഭിനയത്തിന് അജയ് ദേവ്ഗണും 'സൂരറൈ പോട്രി'ലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി. മികച്ച സംഗീത സംവിധായകന്‍- ജി.വി പ്രകാശ് കുമാര്‍ (സൂരറൈ പോട്ര്), മികച്ച മലയാളം സിനിമ- 'തിങ്കളാഴ്ച നിശ്ചയം'. ഛായാഗ്രാഹണം- നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ). മികച്ച പുസ്തകം- അനൂപ് രാമകൃഷ്ണന്‍ (എംടി: അനുഭവങ്ങളുടെ പുസ്തകം). മികച്ച വിദ്യാഭ്യാസ ചിത്രം- 'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' (നന്ദന്‍). മികച്ച വിവരണം -ശോഭ തരൂര്‍ ശ്രീനിവാസന്‍. മലയാള ചിത്രം 'വാങ്കി'ന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.


◼️വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ എസ്.ഐ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്.ഐ നിജേഷ്, എ.എസ്.ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഉത്തരമേഖല ഐജി രാഹുല്‍ ആര്‍ നായര്‍ ആണ് നടപടി സ്വീകരിച്ചത്.


◼️പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം തിങ്കളാഴ്ച വൈകുന്നേരം അഞ്ചു വരെ ഹൈക്കോടതി നീട്ടി. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇന്നലെ ഉച്ചയ്ക്കാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.


https://chat.whatsapp.com/BIxaoyeEJvm5qeEktikAMo.


◼️ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അര്‍ഹരായവരുടെ പുതുക്കിയ കരട് പട്ടികയില്‍ 5,64,091 പേര്‍. ഇതില്‍ 3,66,570 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. പട്ടികയില്‍ 1,14,557 പേര്‍ പട്ടികജാതി വിഭാഗത്തിലുള്ളവരും 16,661 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നവരാണ്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ രണ്ടാം ഘട്ട അപ്പീല്‍ സമിതികള്‍ 14,009 അപ്പീലുകളും 89 ആക്ഷേപങ്ങളുമാണ് തീര്‍പ്പാക്കിയത്.


◼️കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും ഇങ്ങനെ ഉത്തരവിട്ടത്. രാഷ്ട്ര നിര്‍മാണത്തില്‍ സുപ്രധാന പങ്കു വഹിക്കുന്ന വിഭാഗങ്ങളാണു കര്‍ഷകരും കുടിയേറ്റ തൊഴിലാളികളുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.


◼️കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ പ്രകൃതി ക്ഷോഭത്തില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 16.08 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ പ്രകൃതി ക്ഷോഭങ്ങളില്‍ വീട് തകര്‍ന്നവര്‍ക്കായി 4.46 കോടി രൂപയാണ് അനുവദിച്ചത്. ആലപ്പുഴ ജില്ലയ്ക്ക് 2.28 കോടി രൂപയും കൊല്ലം ജില്ലയില്‍ 1.86 കോടി രൂപയുമാണ് അനുവദിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 2631 ഗുണഭോക്താക്കള്‍ക്ക് 11.62 കോടി രൂപയും അനുവദിച്ചു.


◼️സംസ്ഥാന വ്യാപകമായി നഗരസഭകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍ , തലശ്ശേരി, ഇരിട്ടി, കാസര്‍കോട് നഗരസഭ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെട്ടിട നികുതി ഇനത്തില്‍ വന്‍നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഓപ്പറേഷന്‍ ട്രൂ ഹൗസ് എന്ന പേരിലാണ് വിജിലന്‍സ് 53 മുന്‍സിപ്പാലിറ്റികളിലും ആറു കോര്‍പ്പറേഷനുകളിലും പരിശോധന നടത്തിയത്.


◼️ഭൂമി തരംമാറ്റാന്‍ തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. തൃക്കാക്കര നിയോജക മണ്ഡലം ഭാരവാഹി മുഹമ്മദ് ഹാഷിം ആണ് അറസ്റ്റിലായത്. വില്ലേജ് ഓഫീസറുടെ പേരില്‍ വ്യാജ പോക്കുവരവു രേഖയുമുണ്ടാക്കി കുന്നത്തുനാട് സ്വദേശിയും വൈദികനുമായ ജോണ്‍ വി വര്‍ഗീസിനെയാണു കബളിപ്പിച്ചത്.


◼️ഡബ് ചെയ്ത സിനിമയ്ക്ക് സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം നല്‍കിയത് വിവാദമായി. ദൊള്ളു എന്ന കന്നട ചിത്രത്തിന് ജോബിന്‍ ജയറാമാണ് അവാര്‍ഡ് നേടിയത്. സിങ്ക് സൗണ്ടും ഡബ് സിനിമയും മനസിലാക്കാന്‍ ജൂറിക്കു കഴിയാത്തത് നാണക്കേടാണെന്ന് ചിത്രത്തില്‍ സൗണ്ട് ഡിസൈനിംഗ് നിര്‍വഹിച്ച മലയാളിയായ നിതിന്‍ ലൂക്കോസ്. വിമര്‍ശനം ഏറ്റെടുത്ത് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും രംഗത്ത്.


◼️ഓര്‍ക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോടാണെന്ന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയ ബിജു മേനോന്‍. പുരസ്‌കാരം സച്ചിക്കും തന്റെ അച്ഛനും അമ്മയ്ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ബിജു മേനോന്‍ പ്രതികരിച്ചു. വളരെ കഠിനധ്വാനം ചെയ്ത സിനിമയ്ക്ക് അംഗീകാരം കിട്ടിയപ്പോള്‍ സന്തോഷമെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അപര്‍ണ ബാലമുരളി. സംവിധായിക സുധാ കൊങ്ങര ഉള്‍പ്പടെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും അപര്‍ണ പ്രതികരിച്ചു.


◼️സച്ചിയ്ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് ഭാര്യ സിജി. സന്തോഷത്തിനിടയിലും സച്ചിയില്ലല്ലോ എന്നത് സങ്കടമാണ്. ദേശീയ അവാര്‍ഡ് ആഗ്രഹമാണെന്നു സച്ചി എപ്പോഴും പറയുമായിരുന്നു. സച്ചിയുടെ കഥകള്‍ക്കും സിനിമകള്‍ക്കും തുടര്‍ച്ചയുണ്ടാകാനുള്ള ശ്രമമുണ്ടാകുമെന്നും സിജി കൂട്ടിച്ചേര്‍ത്തു.


◼️സിനിമാ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. മലയാളത്തിന്റെ അഭിമാനം കാത്തെന്ന് മമ്മൂട്ടിയും സച്ചിയുടെ ഓര്‍മങ്ങള്‍ക്കു തിളക്കമേറുന്നുവെന്നു മോഹന്‍ലാലും പറഞ്ഞു.


◼️നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ നിര്‍ദ്ദേശ പ്രകാരം മൈസൂരുവില്‍നിന്നും വൈദ്യനെ തട്ടികൊണ്ടുവന്ന ചന്തക്കുന്ന് സ്വദേശിയായ അബ്ദുള്‍ വാഹിദാണ് പിടിയിലായത്. വൈദ്യനെ മൈസൂരുവില്‍നിന്നു തട്ടികൊണ്ടുവന്ന ചന്തക്കുന്ന് സ്വദേശികളായ അജ്മല്‍, ഷബീബ് റഹ്‌മാന്‍, ഷെഫീഖ് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.


◼️സ്വര്‍ണക്കടത്തിലും അതുമായി ബന്ധപ്പെട്ട കേസുകളിലും താന്‍ തലയൂരിയെന്നു കെ.ടി ജലീല്‍ ആശ്വസിക്കേണ്ടെന്ന് സ്വപ്ന സുരേഷ്. താന്‍ നല്‍കിയ സത്യവാങ്മൂലം ആവര്‍ത്തിച്ച് വായിച്ചാല്‍ കെ.ടി ജലീലിന് കാര്യം മനസിലാകും. അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിച്ച് കാര്യങ്ങള്‍ നേടാനാണു ജലീല്‍ ശ്രമിച്ചത്. ജലീല്‍ മാത്രമല്ല പ്രോട്ടോക്കോള്‍ ലംഘിച്ചതെന്നും സ്വപ്ന പറഞ്ഞു.


◼️കെ.ടി. ജലീല്‍ പാര്‍ട്ടി അറിഞ്ഞല്ല കത്തയച്ചതെന്നും മാധ്യമം പത്രം പൂട്ടിക്കുന്നതു പാര്‍ട്ടി നയമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.


◼️വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. റൂറല്‍ എസ്പിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് നിര്‍ദേശിച്ചു.


◼️പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിനുനേരെ ബോംബെറിഞ്ഞ കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകരായ പയ്യന്നൂര്‍ സ്വദേശി കശ്യപ് (23), പെരളം സ്വദേശി ഗനില്‍ (25) എന്നിവരാണ് അറസ്റ്റിലായത്.


◼️രണ്ടു വര്‍ഷത്തിനകം പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്ക് എത്തിക്കുമെന്നും വിദ്യാര്‍ഥികളുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ ശൈലിക്കാണ് രൂപം കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.


◼️തദ്ദേശ സ്ഥാപന വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പത്തിടത്ത് എല്‍ഡിഎഫ് ജയിച്ചു. യുഡിഎഫ് ഒമ്പതു സീറ്റ് നേടി. ബിജെപി ഒരിടത്ത് ജയിച്ചു. അഞ്ച് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് നടന്ന കാസര്‍കോട് ജില്ലയില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി. പോക്സോ കേസില്‍ കുടുങ്ങി രാജിവച്ച സിപിഎമ്മിന്റെ കെ.വി.ശശികുമാര്‍ രാജിവച്ച മലപ്പുറം 11 ാം വാര്‍ഡില്‍ സിപിഎമ്മിന്റെ വനിതാ സ്ഥാനാര്‍ത്ഥി ജയിച്ചു.


◼️അട്ടപ്പാടി മധു കേസില്‍ കൂറുമാറാതെ ഒരു സാക്ഷിമൊഴി. പാക്കുളം സ്വദേശി ഹുസൈന്‍ മധുവിനെ ചവിട്ടുന്നതു കണ്ടെന്ന് പതിമൂന്നാം സാക്ഷിയായ സുരേഷ് മൊഴി നല്‍കി. ചവിട്ടേറ്റ മധു തലയിടിച്ച് വീണു. ഹുസൈനെ സാക്ഷി തിരിച്ചറിഞ്ഞു. ആറു സാക്ഷികള്‍ മൊഴിമാറ്റിയതിനു പിന്നാലെയാണ് പ്രോസികൂഷ്യന് അനുകൂല മൊഴി ലഭിച്ചത്.


◼️മധു വധക്കേസില്‍ കൂറുമാറിയ രണ്ടാമത്തെ ജീവനക്കാരനേയും വനം വകുപ്പ് പിരിച്ചുവിട്ടു. പതിനാറാം സാക്ഷി വനം വകുപ്പ് വാച്ചര്‍ അബ്ദുല്‍ റസാഖിനെയാണു പിരിച്ചുവിട്ടത്. പന്ത്രണ്ടാം സാക്ഷി അനില്‍കുമാറിനെ നാലു ദിവസംമുമ്പ് പിരിച്ചുവിട്ടിരുന്നു.


◼️വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിനിടെ മത്സ്യത്തൊഴിലാളികള്‍ക്കു ലഭിച്ച 28 കിലോ 400 ഗ്രാം തൂക്കമുള്ള തിമിംഗല ഛര്‍ദി പോലീസിനു കൈമാറി. വിപണിയില്‍ 28 കോടി രൂപ വിലവരുന്ന ആംബര്‍ഗ്രിസ് പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി.


◼️കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്റെ വിസ്താരം നടക്കുന്നതിനിടെ തെളിവായ ഫോട്ടോ കാണാതായി. ഫോട്ടോ കണ്ടെത്തുംവരെ ആരും പുറത്തുപോകരുതെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നാടകീയ രംഗങ്ങള്‍. കോടതി വിചാരണ നിര്‍ത്തി വച്ച് തൊണ്ടി മുതല്‍ ഫയലുകള്‍ക്കിടയില്‍നിന്നു കണ്ടെത്തുന്നതുവരെ ആരെയും പുറത്തേക്കു വിട്ടില്ല.


◼️പെരുമ്പാവൂരില്‍ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം തടിക്കാട് സ്വദേശി ശബരിയാണ് പൊലീസിന്റെ പിടിയിലായത്.


◼️കണ്ണൂരില്‍ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ കണ്ണവം യു.പി.സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണവം പൊലീസ് അന്വേഷണം തുടങ്ങി.


◼️മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി നേതാവ് അഡ്വ കെ ബാലകൃഷ്ണ ഷെട്ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നു ദിവസമായി നടന്ന വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ബിജെപി നേതാവിന്റെ ഹര്‍ജി കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.


◼️പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പിഐ നേതാക്കള്‍ അംഗമായ ക്രിയേറ്റീവ് സ്പേസ് എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായതിന് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കു ജില്ലാന്തര സ്ഥലം മാറ്റം. ഇടുക്കി മൂന്നാര്‍ സ്റ്റേഷനിലെ പി.വി. അലിയാര്‍, പി.എസ്. റിയാസ് എന്നിവരെ എറണാകുളത്തേക്കും അബ്ദുള്‍ സമദിനെ കോട്ടയത്തേക്കുമാണു മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തിയിട്ടില്ലെന്നാണ് പൊലീസ് നിലപാട്.


◼️തൃശൂര്‍ കരുവന്നൂര്‍ പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മുനയം കനോലി കനാലില്‍ കണ്ടെത്തി. പുല്ലൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി അലന്‍ ക്രിസ്റ്റോയാണു മരിച്ചത്. പ്രണയനൈരാശ്യം മൂലം ജീവനൊടുക്കിയതാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പു കണ്ടെത്തിയിരുന്നു.


◼️തലയോലപ്പറമ്പില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വെട്ടിക്കാട്ട്മുക്ക് പാലത്തിനു മുകളില്‍നിന്ന് പുഴയിലേക്കു ചാടി ജീവനൊടുക്കി. പുഴയിലേക്കു ചാടിയാണ് ജീവനൊടുക്കിയത്. കുഴിയംതടത്തില്‍ പൗലോസിന്റെ മകള്‍ ജിന്‍സിയാണ് മരിച്ചത്. തിരുവനന്തപുരം നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി രാത്രി എല്ലാവരും ഉറങ്ങുന്നതിനിടെയാണ് എഴുന്നേറ്റുപോയി ജീവനൊടുക്കിയത്.


◼️എന്‍ജിനീയറിംഗ് കോളജില്‍ സായാഹ്ന ബാച്ച് വിദ്യാര്‍ത്ഥിനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയില്‍. വാമനപുരം പൂവത്തൂര്‍ ഗ്രീഷ്മ ഭവനില്‍ റിജേഷിനെയാണ് (23) വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്.  


◼️മാധ്യമപ്രവര്‍ത്തനം ഊര്‍ജസ്വലമായി തുടരുമെന്ന് ജയില്‍ മോചിതനായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍. ട്വീറ്റുകള്‍ക്ക് രണ്ടു കോടി രൂപ കൈപ്പറ്റിയെന്നാണ് തനിക്കെതിരായ ആരോപണമെന്നു ജയില്‍മോചിതനായ ശേഷമാണ് അറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു. ചോദ്യം ചെയ്തവര്‍ ഒരുഘട്ടത്തിലും തന്നോട് അതേക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും സുബൈര്‍ പറഞ്ഞു.


◼️ബംഗാള്‍ മന്ത്രിയുടെ സുഹൃത്തിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഇരുപത് കോടി രൂപ കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ വ്യവസായ - വിദ്യാഭ്യാസമന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്ത് അര്‍പിത മുഖര്‍ജിയുടെ വസതിയില്‍നിന്നാണ് ഇത്രയും പണം കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍, പശ്ചിമ ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണു റെയ്ഡ് നടത്തിയത്.


◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചൊവ്വാഴ്ച ഹാജരായാല്‍ മതിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച എത്താനായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശം.


◼️പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് അഞ്ചു ദിവസം മാത്രമായ ഉത്തര്‍പ്രദേശിലെ എക്സ്പ്രസ് വേ തകര്‍ന്നു. ചിത്രകൂടിലെ ഭാരത്കൂപിനേയും ഇറ്റാവയിലെ കിഡ്രേലിനേയും ബന്ധിപ്പിക്കുന്ന 296 കിലോമീറ്റര്‍ നാലുവരിപ്പാതയാണു തകര്‍ന്നത്. എണ്ണായിരം കോടി രൂപ മുടക്കി നിര്‍മിച്ച പാതയുടെ നിരവധി പ്രദേശങ്ങളിലെ ടാര്‍ കനത്ത മഴയില്‍ ഒലിച്ചുപോയി. ഏഴു ജില്ലകളിലൂടെ കടന്നുപോകുന്ന റോഡില്‍ നിറയെ കുഴികളാണ്. പലയിടത്തും ചാലുകളും പ്രത്യക്ഷപ്പെട്ടു.


◼️തമിഴ്നാട് കള്ളക്കുറിച്ചിയില്‍ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതശരീരം ഏറ്റുവാങ്ങാമെന്ന് മാതാപിതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇന്നു രാവിലെ ഏഴിനു മുമ്പ് മൃതദേഹം ഏറ്റുവാങ്ങുമെന്നും വൈകിട്ടോടെ സംസ്‌കരിക്കുമെന്നും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബാംഗങ്ങള്‍ ഒളിവിലായിരുന്നു.


◼️അഴിമതിക്കേസില്‍ കര്‍ണാടകയിലെ മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പക്ക് എതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2006- 2007 ല്‍ ഭൂമി വിതരണം ചെയ്തതില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസിനാണു സ്റ്റേ.


◼️തന്റെ ശിക്കാരിപുര നിയോജകമണ്ഡലം മകന്‍ വിജയേന്ദ്രയ്ക്ക് വിട്ടുകൊടുക്കുകയാണെന്ന് ബിജെപി നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവമോഗ ജില്ലയിലെ ശിക്കാരിപുര മണ്ഡലത്തില്‍ മകന്‍ വിജയേന്ദ്രയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


◼️ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെതിരേ സിബിഐ അന്വേഷണം. ഡല്‍ഹി ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേനയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മദ്യനയം മാറ്റിയതിലൂടെ വന്‍ ക്രമക്കേടു നടത്തിയെന്നാണ് ആരോപണം.


◼️വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷ തുടരണമെന്ന് സുപ്രീം കോടതി. സുരക്ഷയെ ചോദ്യം ചെയ്തു നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി തീര്‍പ്പു കല്‍പിച്ചത്.


◼️ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍. നാലു കുട്ടികളുടെ പിതാവാണ് രവി കിഷന്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ എംപിയാണ് ഇദ്ദേഹം.


◼️ഹിമാചല്‍ പ്രദേശിലെ അന്തരിച്ച ബിജെപി മുന്‍ എംഎല്‍എ രാകേഷ് വെര്‍മയുടെ ഭാര്യ ഇന്ദു വെര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഖിമി റാം ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.


◼️വാഹനത്തിന്റെ സ്‌പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച് 29 കിലോ ഹാഷിഷ് യുഎഇയിലേക്കു കടത്താന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. റാസല്‍ഖൈമയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


◼️ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 97 റണ്‍സെടുത്ത ശിഖര്‍ ധവാന്റേയും അര്‍ദ്ധ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റേയും ശ്രേയസ് അയ്യരുടേയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായകമായത്.


◼️ബാങ്ക് ഒഫ് മഹാരാഷ്ട്ര നടപ്പുവര്‍ഷം ഏപ്രില്‍-ജൂണ്‍പാദത്തില്‍ ഇരട്ടിയോളം വളര്‍ച്ചയുമായി 452 കോടി രൂപ ലാഭം നേടി. 2021-22ലെ സമാനപാദ ലാഭം 208 കോടി രൂപയായിരുന്നു; ഇക്കുറി വര്‍ദ്ധന 117.25 ശതമാനം. അറ്റ പലിശ വരുമാനം 1,406 കോടി രൂപയില്‍ നിന്ന് 20 ശതമാനം ഉയര്‍ന്ന് 1,686 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ (എന്‍.ഐ.എം) 3.05 ശതമാനത്തില്‍ നിന്ന് 3.28 ശതമാനമായി മെച്ചപ്പെട്ടു. മൊത്തം നിഷ്‌ക്രിയ ആസ്തി 6.35 ശതമാനത്തില്‍ നിന്ന് 3.74 ശതമാനമായി കുറഞ്ഞു. പൂനെ ആസ്ഥാനമായ ബാങ്കിന്റെ പ്രൊവിഷന്‍ കവറേജ് അനുപാതം 90.70 ശതമാനത്തില്‍ നിന്ന് 95.04 ശതമാനമായി ഉയര്‍ന്നു. ബോണ്ടുകള്‍ വഴി 1,000 കോടി രൂപ സമാഹരിക്കാന്‍ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇക്വിറ്റി മാര്‍ക്കറ്റ് മെച്ചപ്പെട്ടാല്‍ 1,000 കോടി രൂപയുടെ ഇക്വിറ്റി സമാഹരിക്കുകയാണ് ലക്ഷ്യം.


◼️തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്ക് നടപ്പുവര്‍ഷത്തെ ഏപ്രില്‍-ജൂണ്‍പാദത്തില്‍ 88 ശതമാനം വളര്‍ച്ചയോടെ 114.52 കോടി രൂപ ലാഭംനേടി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 61 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം 267.75 കോടി രൂപയില്‍ നിന്ന് 310.69 കോടി രൂപയായി മെച്ചപ്പെട്ടു; വര്‍ദ്ധന 16 ശതമാനം. സ്വര്‍പ്പണയ വായ്പകളിലെ വളര്‍ച്ചയും റിക്കവറിയിലെ മികവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിച്ചു. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 4.88 ശതമാനത്തില്‍ നിന്ന് 1.79 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 3.21 ശതമാനത്തില്‍ നിന്ന് 0.60 ശതമാനത്തിലേക്കും കുറഞ്ഞത് വലിയ നേട്ടമായി. 26.3 ശതമാനമാണ് സ്വര്‍ണവായ്പാ വളര്‍ച്ച. മൊത്തം വായ്പകളുടെ 41.6 ശതമാനവും സ്വര്‍ണവായ്പകളാണ്. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 25.46 ശതമാനമെന്ന മികച്ച നിലയിലുമാണ്.


◼️ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്നുവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പന്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ് ഗോപി കഥാപാത്രത്തിന്റെ പേര്. 1.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് പാപ്പനെന്ന് പറയുന്നു. ജൂലൈ 29ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മകന്‍ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പന്‍. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയുണ്ട്. നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.


◼️നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൃഥ്വിരാജ് ചിത്രം കാളിയന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മാധ്യമപ്രവര്‍ത്തകനായി എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ ആരംഭിക്കും. പൃഥ്വിരാജിന്റെ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. കെ.ജി.എഫ്. സംഗീത സംവിധായകന്‍ രവി ബസ്‌റൂര്‍ ആണ് കാളിയന്റെയും സംഗീതം ഒരുക്കുന്നത്. ചരിത്രപുരുഷനായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകരും.


◼️ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് കുഷാഖ്. 2021 ജൂണില്‍ ലോഞ്ച് ചെയ്ത സ്‌കോഡ കുഷാക്ക് മികച്ച ബുക്കിംഗുമായി കുതിക്കുകയാണ്. കുഷാക്ക് കമ്പനിക്ക് മികച്ച വില്‍പ്പന സംഖ്യ നേടിക്കൊടുക്കുന്ന മോഡലാണ്. 2021 ജൂണില്‍ ലോഞ്ച് ചെയ്തത് മുതല്‍ 2022 ജൂണ്‍ വരെ സ്‌കോഡ കുഷാക്കിന്റെ 28,629 യൂണിറ്റുകള്‍ വിറ്റു. ശരാശരി പ്രതിമാസ വില്‍പ്പന 2,386 യൂണിറ്റാണ്. 2022 ജൂണില്‍ 2,983 യൂണിറ്റുകളോടെ വില്‍പ്പനയില്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി.


◼️അടിമത്തത്തെ പഴങ്കഥയാക്കി മാനവവിമോചനത്തിന്റെ നവകഥ ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത 'ചുകപ്പന്‍' രാഷ്ട്രത്തില്‍നിന്നുള്ള നാടോടിക്കഥകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹത്തും ബൃഹത്തുമായ കഥാപാരമ്പര്യം അവകാശപ്പെടുന്ന സോവിയറ്റ് യൂണിയനിലെ 15 റിപ്പബ്ലിക്കുകളെ പ്രതിനിധാനംചെയ്യുന്ന രചനകള്‍, മലയാളത്തില്‍ ആദ്യമായി. 'സോവിയറ്റ് നാട്ടിലെ നാടോടിക്കഥകള്‍'. എച്ച്ആന്‍ഡ്സി ബുക്സ്. സലാം എലിക്കോട്ടില്‍. വില 100 രൂപ.


◼️വ്യായാമം മറ്റുള്ളവര്‍ക്കെന്ന പോലെ കൗമാരക്കാര്‍ക്കും ആവശ്യമാണെന്നും ഇല്ലെങ്കില്‍ ഭാവിയില്‍ ഇവരെ കാത്തിരിക്കുന്നത് പലവിധ രോഗങ്ങളാണെന്നും ആരോഗ്യവിദഗ്ധര്‍. മൊബൈലും ടിവിയും സോഷ്യല്‍ മീഡിയയും ഗെയിം സ്റ്റേഷനുമൊക്കെയായി ദീര്‍ഘനേരത്തെ ഇരിപ്പ് പല കൗമാരക്കാരെയും അമിതവണ്ണക്കാരാക്കി മാറ്റുന്നുണ്ട്. ആവശ്യത്തിന് ഉറക്കമില്ലായ്മ, പോഷകാഹാരക്കുറവ്, ജങ്ക് ഫുഡുകളോടുള്ള പ്രിയം, നിരന്തരമായ സമ്മര്‍ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയെല്ലാം കൗമാരക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റ് ഘടകങ്ങളാണ്. വ്യായാമം ചെയ്യുന്നത് കൗമാരക്കാരിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഭാവിയിലെ മികച്ച ആരോഗ്യത്തിനും പ്രതിരോധശേഷിക്കുമെല്ലാം അടിത്തറയിടാന്‍ സാധിക്കുന്ന കാലഘട്ടമാണ് കൗമാരം. ഇക്കാലത്ത് ലഘുവായ കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നതും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കൗമാരക്കാരെ ഫിറ്റാക്കി വയ്ക്കുകയുും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും. ദിവസവും ഒരു മണിക്കൂര്‍ വീതം വ്യായാമമോ കായിക പ്രവര്‍ത്തനങ്ങളോ കൗമാരക്കാര്‍ക്ക് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. സൈക്ലിങ്, നീന്തല്‍ പോലുള്ള എ


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad