Type Here to Get Search Results !

എന്താണ് ‘ഗൂഗിൾ സ്ട്രീറ്റ് വ്യൂ’? എന്തുകൊണ്ടാണ് ഇതുവരെ ഇന്ത്യയിൽ അവതരിപ്പിക്കാതിരുന്ന സ്ട്രീറ്റ് വ്യൂ ഇപ്പോൾ ആരംഭിച്ചത് ?ഇന്ത്യയിലെ ‘സ്ട്രീറ്റ് വ്യൂ’ കൊണ്ട് ഉപയോക്താക്കൾക്ക് ലഭിക്കുന്ന സഹായവും ,പരിമിതികളും , എതെല്ലാം?ആല്‍ഫബെറ്റ്-ന്റെ കീഴിലുള്ള ഗൂഗിളിന്റെ ഒരു വെബ് മാപ്പിങ്ങ് സേവനമാണ് ഗൂഗിള്‍ മാപ്‌സ്. ഗൂഗിള്‍ മാപ്‌സ് നല്‍കുന്ന ഒരു ഫീച്ചറാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ (Google Street View ).ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ ലോകത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളുടെയും പ്രധാനമായും തെരുവുകളുടെ 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങള്‍ കമ്പ്യൂട്ടര്‍/സ്മാര്‍ട്ട് ഫോണില്‍ കാണുവാന്‍ സാധിക്കുന്നതാണ്. 2007-ല്‍ അമേരിക്കയിലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്. ഇന്ന് നൂറിലധികം രാജ്യങ്ങളിലെ പ്രദേശങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ ഫീച്ചര്‍ ചെയ്യപ്പെടുന്നു.


 27 രാജ്യങ്ങളിൽ ചിത്രീകരണം നടത്തിയശേഷം ഇന്ത്യയിൽ ബാംഗ്ലൂരിലാണ് ആദ്യമായി ചിത്രീകരണം ആരംഭിച്ചത് . 2011ൽ അവതരിപ്പിച്ച ബാംഗ്ലൂരിന്റെ നഗര നയം വാഹനങ്ങളിൽ നിന്ന് ‘ഗൂഗിൾ സ്ട്രീറ്റ് വ്യൂ’വിനായി ചിത്രങ്ങൾ പകർത്തുന്നത് തടഞ്ഞിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ ഒരു നീക്കം നടത്തിയതെന്ന് വ്യക്തമല്ലെങ്കിലും, അതിനുശേഷം ഗൂഗിൾ ഇന്ത്യയിൽ ‘സ്ട്രീറ്റ് വ്യൂ’ അവതരിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോയില്ല . അതിനിടയിൽ വോനോബോ, മാപ് മൈഇന്ത്യ തുടങ്ങിയ ചില പ്രാദേശിക കമ്പനികൾ ഇന്ത്യൻ നഗരങ്ങളുടെ വിഷ്വൽ മാപ്പുകൾ പുറത്തിറക്കിയിരുന്നു.


ഇന്ത്യയുടെ സമീപകാല ജിയോസ്പേഷ്യൽ പോളിസിയാണ് ഗൂഗിളിന്റെ ഈ ഫീച്ചര്‍ ആരംഭിച്ച് 15 വര്‍ഷങ്ങള്‍ക്ക് ശേഷം

ഇപ്പോൾ ഇത് പരിഹരിക്കാൻ സഹായിച്ചത്.

ഈ പോളിസി പ്രകാരം ഇന്ത്യൻ കമ്പനികൾക്ക് മാപ്പ് ഡേറ്റ ശേഖരിക്കാനും , മറ്റുള്ളവർക്ക് അതിന്റെ ലൈസൻസ് നൽകാനും അനുവാദം നൽകുന്നു.ഈ വർഷത്തെ ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ ഈ കാര്യത്തെപ്പറ്റി പ്രഖ്യാപനം വന്നിട്ടുണ്ട്. 


360 ഡിഗ്രിയിൽ ചിത്രം എടുക്കുവാൻ സാധിക്കുന്ന പനോരമിക് ക്യാമറ കാറിലും , മുച്ചക്ര വാഹനങ്ങളിലും ഘടിപ്പിച്ചാണ് ചിത്രീകരണം നടത്തുന്നത്.സാധാരണ മാപുകൾ നൽകുന്ന മുകളിൽ നിന്നുള്ള കാഴ്ചയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ കൃത്യവും , വ്യക്തവുമായ കാഴ്ച ലഭിക്കാൻ വേണ്ടിയാണ് സ്ട്രീറ്റ് വ്യൂ ഗൂഗിൾ അവതരിപ്പിച്ചത്. ഉപഗ്രഹ ചിത്രങ്ങളുടേയും , മറ്റു ചിത്രങ്ങളുടേയും സഹായം ഉപയോഗിച്ചാണ് സ്ട്രീറ്റ് വ്യൂ ഗൂഗിൾ തയാറാക്കുന്നത്.


ഗൂഗിള്‍ മാപ്‌സ്-ന്റെ സ്ട്രീറ്റ് വ്യൂ ഫീച്ചറില്‍ ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ പത്ത് നഗരങ്ങളാണ് കാണാന്‍ സാധിക്കുക. 

 പരീക്ഷണാടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ നഗരം മാത്രമായിരിക്കും ആദ്യമായി കാണാന്‍ സാധിക്കുക.ഉടനെ തന്നെ ഹൈദരാബാദിലേക്കും പിന്നീട് കൊല്‍ക്കത്തയിലേക്കും ഫീച്ചര്‍ വ്യാപിപ്പിക്കും. അതിനുശേഷം അധികം താമസിയാതെ, ചെന്നൈ, ഡല്‍ഹി, മുംബൈ, പൂനെ, നാസിക്, വഡോദര, അഹമ്മദ്നഗര്‍, അമൃത്സര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് സ്ട്രീറ്റ് വ്യൂ വ്യാപിപ്പിക്കും. ഈ നഗരങ്ങളിലെ ഏകദേശം 1,50,000 കിലോമീറ്ററിലധികം പ്രദേശങ്ങള്‍ സ്ട്രീറ്റ് വ്യൂ കവര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 അവസാനത്തോടെ രാജ്യത്തെ 50-ലധികം നഗരങ്ങളിലേക്ക് സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു.


ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഫീച്ചറിലൂടെ ആളുകൾക്ക് വീട്ടിലിരുന്ന് ഇന്ത്യയിലെ ലാന്‍ഡ്മാര്‍ക്കുകള്‍/ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വിര്‍ച്വലായി പര്യവേക്ഷണം ചെയ്യാനും, സ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവ എളുപ്പത്തില്‍ കണ്ടുപിടിക്കുവാനും സഹായിക്കും. പ്രാദേശിക ട്രാഫിക് അധികാരികളുടെ പങ്കാളിത്തത്തോടെ റോഡിലൂടെ സഞ്ചരിക്കേണ്ട വേഗ പരിധി, റോഡ് അടച്ചുപൂട്ടല്‍, ട്രാഫിക്ക് ബ്ലോക്ക് ഉള്‍പ്പടെയുള്ള മറ്റ് തടസ്സങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അറിയിക്കാനും ഇതില്‍ സംവിധാനമുണ്ട്.


 ഇതുമാത്രല്ല രാജ്യത്തെ നഗരങ്ങളിലെ വായു ഗുണനിലവാര വിവരങ്ങളും ഇതിലൂടെ അറിയാം. വായു ഗുണനിലവാര വിവരങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി (സിപിസിബി) ഗൂഗിള്‍ മാപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഗൂഗിള്‍ മാപ്‌സ് ആപ്പില്‍ പ്രവേശിച്ച് വലതുഭാഗത്തുള്ള ലെയര്‍ ബട്ടണില്‍ ടച്ച് ചെയ്ത്, അതില്‍ എയര്‍ ക്വാളിറ്റി ഓപ്ഷന്‍ തിരഞ്ഞെടുത്ത് രാജ്യത്തെ ഓരോ പ്രദേശത്തിന്റെയും , വായുവിന്റെ ഗുണനിലവാരം മനസ്സിലാക്കാന്‍ സാധിക്കും.


സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ആക്‌സസ് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഗൂഗിള്‍ മാപ്സ് ആപ്പ് തുറന്ന് ലൊക്കേഷന്റെ പേര് ടൈപ്പ് ചെയ്ത് തിരയുക. തുടര്‍ന്ന് സ്ട്രീറ്റ് വ്യൂ കാഴ്ചകള്‍ക്കായി സ്‌ക്രീനിന്റെ അടിയില്‍ തെളിയുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. പ്രാദേശിക കഫേകളും , സാംസ്‌കാരിക കേന്ദ്രങ്ങളും , ഹോട്ട്സ്പോട്ടുകളും ഒക്കെ സ്ട്രീറ്റ് വ്യൂവിലൂടെ അനുഭവിക്കാന്‍ സാധിക്കും. ഫോണില്‍ നിന്നോ ,കമ്പ്യൂട്ടറില്‍ നിന്നോ ലോകത്തിന്റെ ഏതു കോണുകളും ഇതിലൂടെ നാവിഗേറ്റ് ചെയ്യാനും പര്യവേക്ഷണം ചെയ്യാനും സാധിക്കും.


മാപ്പിംഗ് സൊല്യൂഷന്‍സ് രംഗത്ത് പ്രശസ്ത കമ്പനിയായ ജെനസിസ് ഇന്റര്‍നാഷണലിന്റെയും, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, കണ്‍സള്‍ട്ടിംഗ് ബിസിനസ് റീ-എന്‍ജിനീയറിംഗ് സേവനങ്ങളുടെയും , പരിഹാരങ്ങളുടെയും മുന്‍നിര ദാതാവായ ടെക് മഹീന്ദ്രയുടെയും പങ്കാളിത്തത്തോടെയാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ഇന്ത്യയിൽ ഒരുക്കുന്നത്. ഇത് ആദ്യമായാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പ്രാദേശിക പങ്കാളികളുടെ മാത്രം സഹകരണത്തോടെ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത്.


രാജ്യത്തിന്റെയും , ലോകത്തിന്റെയും പുതിയ കോണുകൾ കൂടുതൽ ദൃശ്യപരവും കൃത്യവുമായ രീതിയിൽ നാവിഗേറ്റ് ചെയ്യാനും , പര്യവേക്ഷണം ചെയ്യാനും ആളുകളെ സ്ട്രീറ്റ് വ്യൂ സഹായിക്കുമെന്നാണ് ഗൂഗിൾ കരുതുന്നത്. ഇത് ഈ സ്ഥലങ്ങളിൽ നിന്ന് തന്നെ എങ്ങനെയായിരിക്കണമെന്ന് പൂർണമായി അനുഭവിക്കാൻ അവരെ പ്രാപ്തരാക്കുന്നു.


 വഴികൾക്ക് ഇരുവശവുമുള്ള പ്രാദേശിക കഫേകൾ, സാംസ്കാരിക ഹോട്ട്‌സ്‌പോട്ടുകൾ എന്നിവ കാണാം. സ്ട്രീറ്റ് വ്യൂ എപിഐ പ്രാദേശിക ഡെവലപ്പർമാർക്ക് ലഭ്യമാക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. തേർഡ് പാർട്ടി സർവീസ് വഴി സ്ട്രീറ്റ് വ്യൂ പ്രവർത്തനക്ഷമമാക്കിയ ആദ്യ രാജ്യമാണ് ഇന്ത്യ. ലക്ഷ്യസ്ഥാനത്തിന്റെ വിഷ്വൽ റഫറൻസ് ഉപയോഗിച്ച് കൃത്യമായി നാവിഗേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കാം. നഗര തെരുവുകളിൽ ചുറ്റി സഞ്ചരിക്കുന്ന ഡേറ്റ കളക്ടർമാർ തങ്ങളുടെ വാഹനങ്ങളിലോ , ബാഗുകളിലോ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ക്യാമറകൾ ഉപയോഗിച്ച് പകർത്തുന്ന 360-ഡിഗ്രി കാഴ്ചകളാണ് ഉപയോക്താക്കളെ സഹായിക്കുന്നത്.


 ഉപയോക്താക്കൾക്ക് ഫോൺ സ്‌ക്രീനിൽ സ്വൈപ് ചെയ്ത് കൊണ്ട് ഈ 360 ഡിഗ്രി കാഴ്ചകൾ ആസ്വദിക്കാനാവും. ആൻഡ്രോയിഡിലും , ഐഓഎസിലും ആപ്ലിക്കേഷൻ ഉപയോഗിച്ചും, അതല്ലെങ്കിൽ വെബ്‌സൈറ്റിൽ വെബ് വ്യൂ ഉപയോഗിച്ചും ഇത് കാണാനാവും.ഇന്ത്യൻ കമ്പനികളാണ് ഡാറ്റ ശേഖരിക്കുന്നത്.ഇവർക്ക് തന്നെയാകും ഡേറ്റയിലെ അധികാരവും.


സർക്കാർ വസ്‌തുക്കൾ, പ്രതിരോധ സ്ഥാപനങ്ങൾ, സൈനിക മേഖലകൾ തുടങ്ങിയ നിയന്ത്രിത പ്രദേശങ്ങളെ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്തുന്നത് അനുവദനീയമല്ല. ഇതിനർത്ഥം ഡൽഹി പോലെയുള്ള ഒരു സ്ഥലത്ത്, കന്റോൺമെന്റ് പ്രദേശങ്ങൾ സ്ട്രീറ്റ് വ്യൂവിൽ ഉണ്ടായിരിക്കില്ല.ഗൂഗിൾ മാപ്‌സ് ഉപയോക്താക്കളെ ഓരോ സ്ഥലങ്ങളും വഴികളും കണ്ടെത്താനും അതിന്റെ സാറ്റലൈറ്റ് കാഴ്ച കാണാനും അനുവദിക്കുന്നുണ്ടെങ്കിലും, ഇത് പ്രദേശിന്റെ സ്വാഭാവിക അവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നില്ല. 


‘സ്ട്രീറ്റ് വ്യൂ’ൽ ഉപയോക്താക്കൾക്ക് പ്രദേശം വ്യകതമായി മനസിലാക്കാനും , അവിടെയുള്ള കെട്ടിടങ്ങളും സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവ കാണാനും സാധിക്കും.

‘സ്ട്രീറ്റ് വ്യൂ’ വുമായി ബന്ധപ്പെട്ട് നിരവധി സ്വകാര്യത പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ആളുകളുടെ മുഖങ്ങൾ , കാറിന്റെ നമ്പർ പ്ലേറ്റുകൾ, വീട്ടുനമ്പറുകൾ തുടങ്ങിയവ തിരിച്ചറിയുന്ന വിധത്തിൽ കാണുന്നത് ഇവയെല്ലാം ദുരുപയോഗപ്പെടാൻ കാരണമാകും എന്നതാണ് പ്രധാന ആക്ഷേപം.


 ഇത്തരത്തിൽ കാഴ്ച്ചകൾ നൽകുന്നത് സെൻസിറ്റീവ് പ്രദേശങ്ങളുടെ ഉൾപ്പടെയുള്ളവയെസംബന്ധിച്ച് സുരക്ഷാ ആശങ്കകളും ഉണ്ടായിട്ടുണ്ട്, ഇന്ത്യയ്‌ക്ക് പുറമെ, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായും ഗൂഗിളിന് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും ;സ്ട്രീറ്റ് വ്യൂ’ തിരികെ വന്നിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad