Type Here to Get Search Results !

എട്ടു വർഷത്തോളം ബയേണിന്റെ കുന്തമുന ആയിരുന്ന ലെവൻഡോസ്കി ഇനി ബാഴ്‌സക്ക് സ്വന്തം



▪️എട്ടു വർഷത്തോളം ബയേണിന്റെ കുന്തമുന ആയിരുന്ന ലെവെന്റോവ്സ്കി ഒടുവിൽ ബാഴ്‌സയിൽ എത്തി. പോളിഷ് സ്‌ട്രൈക്കറെ എത്തിക്കാൻ നാല്പത്തിയഞ്ചു മില്യൺ യൂറോയും കൂടാതെ അഞ്ചു മില്യൺ പ്രകടന മികവ് അനുസരിച്ചുള്ള തുകയും ബാഴ്‌സലോണ ബുണ്ടസ് ലീഗ ചാംപ്യന്മാർക്ക് നൽകും. ബാഴ്‌സയുടെ ആദ്യ ഓഫർ തള്ളിയിരുന്ന ബയേൺ കഴിഞ്ഞ ദിവസം സമർപ്പിച്ച ഓഫർ അംഗീകരിച്ചതായി അറിയിച്ചിരുന്നു. പ്രീ സീസണിന് അമേരിക്കയിലേക്ക് തിരിക്കുന്ന ബാഴ്‌സ ടീമിനോടൊപ്പം ലെവെന്റോവ്സ്കിയും ഉണ്ടാവും.


നാല് വർഷത്തെ കരാറിൽ ആണ് ലെവെന്റോവ്സ്കി ക്യാമ്പ്ന്യൂവിലേക്ക് എത്തുന്നത്. മൂന്ന് വർഷത്തിന് ശേഷം ഒരു വർഷത്തേക്ക് കൂടി താരത്തിന്റെ സേവനം നീട്ടാനുള്ള സാധ്യതയാണ് ബാഴ്‌സലോണ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബയേണിൽ അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് ടീം പുതിയ കരാർ നൽകാത്തതിൽ അസംതൃപ്തി ഉണ്ടായിരുന്നു. ഇതോടെയാണ് ടീം വിടാനുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്. എന്നാൽ തങ്ങളുടെ ഏറ്റവും മികച്ച സ്‌ട്രൈക്കറെ വെറുതെ കൈവിടാൻ ബയേൺ തയ്യാറായതുമില്ല. താരവും ഏജന്റും തുടർച്ചായി നടത്തിയ സമ്മർദ്ദങ്ങൾ ഒടുവിൽ വിജയം കാണുകയായിരുന്നു. ടീം ഒരുക്കങ്ങൾ ആരംഭിക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്ക് മുന്നേ തന്നെ എല്ലാ കൈമാറ്റ നടപടികളും പൂർത്തിയാക്കാൻ ഇരു ടീമുകളും ശ്രദ്ധിച്ചു.


അടുത്ത കാലത്ത് മെസ്സി സുവാരസ് ഗ്രീസ്മാൻ തുടങ്ങിയ ലോകോത്തര താരങ്ങളെ നഷ്ടമായ ബാഴ്‌സക്ക് ലെവെന്റോവ്സ്കിയുടെ വരവ് ആശ്വാസമാകും. മികച്ച താരങ്ങളെ ടീമിലേക്ക് എത്തിക്കുമെന്ന് വാഗ്ദാനം ചെയ്‌തിരുന്ന പ്രെസിഡന്റ് ലപോർടക്കും ആരാധകരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ സാധിക്കും. പോളിഷ് സ്ട്രിക്കറുടെ വരവ് സാവിയുടെ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായകരമാകും.


മുപ്പത്തിമൂന്ന്കാരന്റെ കൈമാറ്റം ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് സാധ്യമായത്. മുൻപ് ഡഗ്ലസ് കോസ്റ്റയെ യുവന്റസ് 40 മില്യൺ നൽകി സ്വന്തമാക്കിയതായിരുന്നു റെക്കോർഡ്. ബയേണിന്റെ കുപ്പായത്തിൽ മുന്നൂറ്റിനാല്പതിനാല് മത്സരങ്ങളിൽ നിന്നും 375 ഗോളുകളാണ് ലേവന്റോവ്സ്കി നേടിയിരിക്കുന്നത്.


ക്യാമ്പ്ന്യൂവിൽ ആരാധകർക്ക് മുന്നിലുള്ള ലെവെന്റോവ്സ്കിയെ അവതരിപ്പിക്കുന്നത് അമേരിക്കയിൽ നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്ക് ശേഷമാകും ഉണ്ടാവുക. തങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിൽ ഒന്നായിരുന്ന മുന്നേറ്റ താരത്തെ എത്തിക്കാൻ സാധിച്ചിതോടെ ബാഴ്‌സലോണ ഇനി സെവിയ്യ പ്രതിരോധ താരം ജൂൾസ് കുണ്ടേക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad