Type Here to Get Search Results !

പുതു ചരിത്രം കുറിച്ച്‌ ദ്രൗപദി മുര്‍മു, രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്ര വര്‍ഗ നേതാവ്



ദില്ലി: രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവര്‍ഗ്ഗ നേതാവായി ദ്രൌപദി മുര്‍മു. ഒഡീഷയിലെ മയൂര്‍ബഞ്ചിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മുര്‍മു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്ബോള്‍ കുറിക്കപ്പെടുകയാണ് പുതു ചരിത്രം.


ഒഡീഷയിലെ സന്താള്‍ ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ടയാളാണ് ദ്രൌപദി മുര്‍മു. ഉപര്‍ഭേദയിലെ അവരുടെ ഗ്രാമത്തില്‍ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടി. അവിടെ തുടങ്ങിയ വെല്ലുവിളികളില്‍ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുര്‍മു റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്. ഭുവനേശ്വറിലെ രമാ ദേവി സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്സിലായിരുന്നു ബിരുദം. ആദ്യ ജോലി, ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി. പിന്നീട് സ്കൂള്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. 1997ല്‍ മുര്‍മ്മു റായ്റംഗ്പൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായി. അക്കാലത്ത് ഒഡീഷയില്‍ മികച്ച നേതാക്കളെ തേടിയിരുന്ന ബിജെപിക്ക് ദ്രൌപദി മുര്‍മു മുതല്‍ക്കൂട്ടായി. ബിജെഡി-ബിജെപി സഖ്യം മത്സരിച്ച രണ്ടായിരത്തിലും രണ്ടായിരത്തി നാലിലും രണ്ട് തവണ മുര്‍മു ഒഡീഷയില്‍ എംഎല്‍എ ആയി. നാല് വര്‍ഷം സംസ്ഥാനത്തെ മന്ത്രിയായി. ട്രാന്‍സ്പോട്ട്, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2009ല്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെഡി-ബിജെപി സഖ്യം തകര്‍ന്നതിനാല്‍ മുര്‍മു പരാജയപ്പെട്ടു.


തുടര്‍ന്നിങ്ങോട്ട് വ്യക്തി ജീവിതത്തില്‍ ഏറെ നഷ്ടങ്ങള്‍ നേരിട്ടു മുര്‍മു. ഭര്‍ത്താവിന്റെയും രണ്ട് ആണ്‍മക്കളുടെയും മരണം മുര്‍മുവിനെ ഉലച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജാര്‍ഖണ്ഡ് ഗവര്‍ണറായി ആയിട്ടാരുന്നു മുര്‍മുവിന്‍റെ തിരിച്ച്‌ വരവ്. ജാര്‍ഖണ്ഡിലെ ഭൂ നിയമങ്ങള്‍ക്കെതിരായ ആദിവാസി സമരങ്ങള്‍ക്കിടെയായിരുന്നു ദ്രൗപദി മുര്‍മു ഗവര്‍ണറായി എത്തിയത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് നിയമങ്ങള്‍ ആദിവാസികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച്‌ ദ്രൗപദി മുര്‍മു ഒപ്പ് വയ്ക്കാതെ മടക്കി അയച്ച ചരിത്രവും മുര്‍മുവിനുണ്ട്.


മന്ത്രിയായും ഗവര്‍ണറായുമുള്ള ഭരണ മികവ് കൂടിയാണ് മുര്‍മുവിനെ പരമോന്നത പദവിയില്‍ എത്തിച്ചത്. ആദ്യമായി ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരു വനിത റായ്സിന കുന്നിലെത്തുമ്ബോള്‍ ദ്രൗപദി മുര്‍മുവിന്‍റെ നയവും രീതിയും എന്താവും എന്നറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad