Type Here to Get Search Results !

സായാഹ്ന വാർത്തകൾ◼️രൂപയുടെ മൂല്യത്തില്‍ റിക്കാര്‍ഡ് തകര്‍ച്ച. യുഎസ് ഡോളറുമായുള്ള വിനിമയ നിരക്ക് 80 രൂപ എന്ന നില പിന്നിട്ടു. കഴിഞ്ഞ ദിവസം 79.97 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. ഇന്ന് 79.98 എന്ന നിലയിലാണ് പ്രാദേശിക കറന്‍സി വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 80.0175 ആയി.


◼️വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥനെ അറസ്റ്റു ചെയ്‌തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ശബരിനാഥന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിക്കുംവരെ ശബരിനാഥനെ അറസ്റ്റു ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.


◼️മത, ഭാഷ ന്യൂനപക്ഷങ്ങളുടെ നിര്‍ണ്ണയം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കണമെന്നു സുപ്രീംകോടതി. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷമായ സമുദായത്തിന് ദേശീയ കണക്കുകളുടെ പേരില്‍ മാത്രം ന്യൂനപക്ഷ അവകാശം നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുക്കളെ ചില സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമായി കണക്കാക്കണം എന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഇ പി ജയരാജനെതിരെ കേസെടുക്കാത്തതിനെതിര സബ്മിഷനുമായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ മര്‍ദിച്ചു. മൂന്നാഴ്ച്ചത്തേക്ക് ഇപിയെ വിമാനക്കമ്പനി വിലക്കി. ഇ പി ചെയ്ത കുറ്റം യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തതിനേക്കാള്‍ വലുതെന്നാണ് ഇന്‍ഡിഗോയുടെ കണ്ടെത്തല്‍. സതീശന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കേള്‍ക്കാതെയാണ് ഇന്‍ഡിഗോ റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


◼️കെ കെ രമ എം എല്‍ എയെ അപമാനിച്ചിട്ടില്ലെന്ന് എം എം മണി എംഎല്‍എ. കോണ്‍ഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞത്. ഇനി പറയാനുള്ളത് നിയമസഭയില്‍ പറയും. വിധി എന്ന് പറഞ്ഞതിനെ കുറിച്ച് കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ല. എം എം മണി പറഞ്ഞു. 


◼️സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 24 മണിക്കൂറിനകം സ്റ്റേഷന്‍ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 


◼️കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയ കേസെടുത്തു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി പ്രായപൂര്‍ത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷന്‍ കേസെടുക്കുന്നത്.


◼️കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരീക്ഷ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പരീക്ഷ സെന്റര്‍ നീരീക്ഷകര്‍ എന്‍.ജെ ബാബു. തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തി.


◼️നീറ്റ് പരീക്ഷക്കിടെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചിട്ടില്ലെന്ന് പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്റ്റാര്‍ സെക്യൂരിറ്റി ഏജന്‍സി.


◼️മയക്കുമരുന്ന് കേസ് പ്രതിയെ രക്ഷിക്കാന്‍ മന്ത്രി ആന്റണി രാജു തൊണ്ടി മുതല്‍ നശിപ്പിച്ച കേസിന്റെ ഫയലുകള്‍ സിജെഎം കോടതി വിളിപ്പിച്ചു. 16 വര്‍ഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിച്ചില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നെടുമങ്ങാട് കോടതിയില്‍നിന്നു ഫയലുകള്‍ വിളിപ്പിച്ചത്.


◼️ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന്‍ എംഎല്‍എ. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചു. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കല്‍ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.


◼️ജയില്‍ ഡിജിപി സുധേഷ്‌കുമാര്‍ ജ്വല്ലറിയില്‍നിന്ന് 95 ശതമാനം ഡിസ്‌കൗണ്ടില്‍ നെക്ലെസ് വാങ്ങിയ സംഭവത്തില്‍ അച്ചടക്ക നടപടിയുണ്ടാകും. വിജിലന്‍സ് ഡയറക്ടറായിരിക്കേ, സഹപ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതടക്കമുള്ള ആരോപണങ്ങളും വിദേശയാത്രയും വിവാദമായിരുന്നു. ഒക്ടോബറില്‍ സുധേഷ് വിരമിക്കും.


◼️കര്‍ണാടകത്തിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷ്റഫും കൂട്ടാളികളും അബുദാബിയില്‍ വ്യാപാര പങ്കാളിയായ കോഴിക്കോട് സ്വദേശി ഹാരിസിനൊപ്പം മാനേജരായ ചാലക്കുടി സ്വദേശിനി ഡെന്‍സി ആന്റണിയെയും കൊലപ്പെടുത്തിയെന്നു കണ്ടെത്തി. ഹാരിസിന്റെ കൈകള്‍ വെട്ടി വിരലുകള്‍ ഡെന്‍സിയുടെ കഴുത്തില്‍ അമര്‍ത്തി വിരലടയാളമുണ്ടാക്കിച്ചെന്നും പോലീസ്.


◼️നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെതിരേ തെളിവെല്ലാം നശിപ്പിച്ചെന്നതടക്കമുള്ള പുതിയ കുറ്റങ്ങള്‍ കൂടി ചുമത്തി തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും. പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ അറിയിച്ചതാണ് ഈ വിവരം. ശരത്തിനെ പ്രതി ചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. വിചാരണ ഉടന്‍ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.


◼️ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യില്‍ വെച്ചേരെ എന്ന് എം.എം .മണി എംഎല്‍എ. ചിമ്പാന്‍സി അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഖേദപ്രകടനത്തെ തള്ളി എം.എം.മണി ഫേസ്ബുക്കിലാണ് ഈ വരികള്‍ കുറിച്ചത്.


◼️മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഡല്‍ഹിയിലും പുതിയ വാഹനം വാങ്ങുന്നു. ഇന്നോവ ക്രിസ്റ്റ തന്നെയാണു വാങ്ങുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വെള്ള ഇന്നോവ ക്രിസ്റ്റയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം. പിന്നീട് അതു മാറ്റി കറുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാങ്ങി. ഈയിടെ അതും മാറ്റി കിയ കാര്‍ണിവല്‍ വാങ്ങാന്‍ ഉത്തരവിറക്കി. നാലു വാഹനങ്ങള്‍ക്കായി 89 ലക്ഷം രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഉത്തരവ് ഇറങ്ങിയത്.


◼️വിമാനത്തിലെ അതിക്രമ വിഷയം പരിശോധിച്ച റിട്ടയേര്‍ഡ് ജഡ്ജി അടക്കമുള്ള മൂന്നംഗ സമിതിക്ക് തെറ്റുപറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തന്നെ വിലക്കുന്നതിന് പകരം പുരസ്‌കാരം നല്‍കുകയാണ് ഇന്റിഗോ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.


◼️മുഖ്യമന്ത്രിയ്‌ക്കെതിരായ വധശ്രമ കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അധികാരവും പൊലീസും കൈയ്യില്‍ ഉള്ളതിനാല്‍ എന്തും ചെയ്യുന്ന അവസ്ഥയാണ്. ഇപി ജയരാജനെതിരെ കേസെടുക്കാത്തത് ഇരട്ട നീതിയാണെന്നും സതീശന്‍ പറഞ്ഞു. 


◼️അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് വധശ്രമത്തിന് ഗൂഡാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ എസ് ശബരിനാഥ്. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് പോലീസ് എത്തിച്ചപ്പോഴാണ് ശബരിനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ തീവ്രവാദിയൊന്നുമല്ല. സിപിഎം മോദിയുടെ ബി ടീമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


◼️ശബരിനാഥിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രി ഭീരുവാണെന്നും സംസ്ഥാനത്തെ പൊലീസും പൊലീസ് സംവിധാനങ്ങളും അടിമകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.   


◼️കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ തുക ഇതുവരെ നല്‍കിയിട്ടില്ലെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍. കഴിഞ്ഞ വര്‍ഷത്തെ തുക കിട്ടാതെ ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണം ചെയ്യില്ലെന്ന നിലപാടിലാണ് റേഷന്‍ വ്യാപാരികള്‍. കമ്മിഷന്‍ തുക ഉടന്‍ നല്‍കാന്‍ ഹൈക്കോടതി അഞ്ചു മാസംമുമ്പ് ഉത്തരവിട്ടതാണ്.


◼️കൊച്ചി - ധനുഷ്‌കോടി ദേശീയപാതയുടെ മൂന്നാര്‍ മുതല്‍ ബോഡി മേട്ട് വരെയുള്ള ഭാഗത്തെ റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ 100 കോടിയോളം രൂപയുടെ പാറ മോഷ്ടിച്ചെന്ന് ആരോപിച്ച് നെടുങ്കണ്ടം കോടതിയില്‍ കേസ്. കരാര്‍ ഏറ്റെടുത്ത കമ്പനിക്കെതിരെയാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കേസ് ഫയല്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മെയ് മാസത്തില്‍ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു.


◼️വണ്ടിപ്പെരിയാര്‍ സത്രത്തിലെ എയര്‍ സ്ട്രിപ്പിന്റെ റണ്‍വേ കൂടുതല്‍ ഇടിയാതിരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടികള്‍ തുടങ്ങി. ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം എയര്‍ സ്ട്രിപ്പില്‍ പരിശോധന നടത്തി. കനത്ത മഴയില്‍ സത്രം എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം ഒലിച്ചു പോയിരുന്നു.


◼️കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തില്‍ മൊഴി നല്‍കാന്‍ സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് ഇന്ന് ഹാജരായില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉളളതിനാല്‍ കൊച്ചിയിലെ ഓഫീസില്‍ എത്തില്ലെന്ന് അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു.


◼️പത്തനംതിട്ട അടൂരില്‍ ആള്‍മാറാട്ടം നടത്തി മകന്‍ അമ്മയെ അഗതി മന്ദിരത്തിലാക്കി. വഴിയോരത്ത് കിടന്ന വയോധികയെന്ന പേരിലാണ് അമ്മയെ തിരുവന്തപുരം വട്ടപ്പാറ സ്വദേശി അജികുമാര്‍ മഹാത്മ ജനസേവാകേന്ദ്രത്തിലെത്തിച്ചത്. അഗതി മന്ദിരത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ മഹാത്മ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.


◼️പട്ടാമ്പി പാലത്തിനു മുകളില്‍നിന്നു ഭാരതപ്പുഴയിലേക്കു ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂര്‍ സ്വദേശി രേഷ്മയാണ് മരിച്ചത്. ബാഗും ചെരുപ്പും ഷാളും പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.


◼️തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ 138 പേര്‍ക്ക് അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായി നിയമനം നല്‍കിയെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. പി എസ് സി റാങ്ക് ലിസ്റ്റില്‍നിന്നാണ് നിയമനം.


◼️ഡോളര്‍കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിനു മുന്‍പാകെ ഹാജരായി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഇന്നു സിബിഐ ചോദ്യം ചെയ്യും. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നീക്കം.


◼️എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ (90) അന്തരിച്ചു. മുന്‍ ജില്ലാ ജഡ്ജി ആയിരുന്നു. സംസ്‌കാരം നാളെ പത്തനംതിട്ടയില്‍.


◼️എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ യാത്രാ വിലക്കിനു പിന്നില്‍ കളിച്ചത് സിബിഐ അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് എംപി ആണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം. ഇന്‍ഡിഗോയുടെ നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പ്രതികരിച്ചു.


◼️പിഎസ്സി കായികക്ഷമതാ പരീക്ഷയ്ക്കായി കോഴിക്കോട് തടമ്പാട്ട് താഴം - പറമ്പില്‍ ബസാര്‍ റോഡില്‍ ഗതാഗതം സ്തംഭിപ്പിച്ച് പൊലീസിന്റെ നിയന്ത്രണം. റിസര്‍വ്വ് ബറ്റാലിയന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് കോഴിക്കോട് തടമ്പാട്ട് താഴം - പറമ്പില്‍ ബസാര്‍ റോഡില്‍ ഗതാഗതം തടയുന്നത്.


◼️റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു. തൃശൂര്‍ തളിക്കുളം ദേശീയ പാതയിലാണ് അപകടമുണ്ടായത്. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്.


◼️തിരുവനന്തപുരം ആഴിമലയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കിരണിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. മൃതദേഹത്തില്‍ നിന്ന് തമിഴ്നാട് അധികൃതര്‍ ശേഖരിച്ച സാമ്പിള്‍ ഇന്നലെ വിഴിഞ്ഞം പൊലീസിന് കൈമാറി.


◼️പാലായിലെ സ്റ്റേഡിയത്തില്‍ ഏഷ്യന്‍ ഗെയിംസ് താരമായ നീന പിന്റോയ്ക്ക് അധിക്ഷേപം നേരിടേണ്ടിവന്ന സംഭവത്തില്‍ കായിക മന്ത്രിയോ സ്പോര്‍ട്സ് കൗണ്‍സിലോ ഇടപെട്ടില്ലെന്ന പരാതിയുമായി നീനയും കുടുംബവും. പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പ് ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ദുരനുഭവം തുറന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ അവഗണിച്ചെന്നും നീന പറഞ്ഞു.


◼️ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലെ സ്ഥാനകയറ്റത്തിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയെന്ന് പരാതി. നാലു ശതമാനം സംവരണം ചില തസ്തികയിലേക്ക് മാത്രമായി ഒതുക്കിയെന്നാണ് പരാതി. കോടതിയലക്ഷ്യത്തിനു സൂപ്രീംകോടതിയെ സമീപിക്കുമെന്നു സംവരണം ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയ സംഘടനകള്‍.


◼️കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട്ട് നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ 23 വരെ: https://joinindianarmy.nic.in  


◼️അരുണാചല്‍ പ്രദേശിലെ കുറുങ് കുമെയില്‍ ജോലിക്കെത്തിയ 18 തൊഴിലാളികളെ കാണാനില്ല. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാളുടെ മൃതദേഹം അടുത്തുള്ള നദിയില്‍നിന്ന് കണ്ടെത്തി. ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണത്തിനായി എത്തിയ തൊഴിലാളികളെയാണ് കാണാതായത്.


◼️പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.


◼️പ്രതിരോധ സേനയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് സ്‌കീമിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.


◼️1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരായ വിജയത്തിന്റെ 23-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി മോട്ടോര്‍ സൈക്കിള്‍ റാലിയുമായി ഇന്ത്യന്‍ ആര്‍മി. ന്യൂഡല്‍ഹിയിലെ നാഷണല്‍ വാര്‍ മെമ്മോറിയലില്‍ നിന്ന് ലഡാക്കിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തിലേക്കുള്ള സൈന്യത്തിന്റെ മോട്ടോര്‍ സൈക്കിള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. 30 അംഗ റാലി 26-ന് സമാപിക്കും.


◼️ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ നാളെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. ശ്രീലങ്കയിലെ മുന്‍ പൊതുജന പെരമുന നേതാവ് ഡള്ളസ് അലഹപെരുമയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മുന്‍വാര്‍ത്താവിതരണ മന്ത്രിയായ ഡള്ളസ് അലഹ പെരുമ 10 എംപിമാരുമായാണ് എസ്എല്‍പിപി വിട്ടത്. 50 എംപിമാരുടെ പിന്തുണയാണ് പ്രേമദാസയ്ക്കുള്ളത്. 


◼️ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ത്രിക്രോണ പോരാട്ടം. ആക്ടിംഗ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ദേശീയവാദിയായ ഡള്ളസ് അലഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്.


◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,040 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,630 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3,825 രൂപയാണ്.


◼️നോട്ട് നിരോധനത്തിന് ശേഷം 5 വര്‍ഷം കഴിയുമ്പോള്‍ വിനിമയത്തിലുള്ള കറന്‍സിയുടെ എണ്ണം 44 ശതമാനം വര്‍ധിച്ചു. അച്ചടിച്ച കറന്‍സി കുറച്ച് കാഷ്ലെസ് സമ്പദ്വ്യവസ്ഥയിലേക്കുള്ള ചുവടുവയ്പ് കൂടിയായിട്ടാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. കറന്‍സിയുടെ മൂല്യത്തില്‍ 89 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. വിപണിയില്‍ കറന്‍സിക്കുള്ള ഡിമാന്‍ഡ് സാമ്പത്തിക വളര്‍ച്ച, പലിശനിരക്ക് അടക്കമുള്ള ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.


◼️ജൂലൈ 21ന് റിലീസ് ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി. ചിത്രത്തില്‍ ആസിഫ് അലിയും പ്രധാന കഥാപാത്രത്തില്‍ എത്തുന്നു. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. ഏറെ കൗതുകം നിറഞ്ഞ കാഴ്ചകളോടെ ഉള്ള 'മഹാവീര്യരുടെ' ട്രെയിലര്‍ പുറത്തുവിട്ടിരുന്നു.


◼️പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് 'കാപ്പ'. ഷാജി കൈലാസാണ് 'കാപ്പ'യെന്ന സിനിമ സംവിധാനം ചെയ്യുന്നത്. 'കാപ്പ'യുടെ പുതിയൊരു ഫോട്ടോ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുകയാണ്. 'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്രെ പേര്. മഞ്ജു വാര്യരാണ് നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.


◼️ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട അതിന്റെ മുന്‍നിര സെഡാനായ ക്രൗണിനെ വീണ്ടും അവതരിപ്പിച്ചു. ഇത് ടൊയോട്ടയുടെ ഏറ്റവും പഴയ പാസഞ്ചര്‍ വാഹനം കൂടിയാണ്. ക്രൗണിന്റെ 16-ാം തലമുറയാണ് ഇപ്പോള്‍ പുതിയ രൂപത്തില്‍ എത്തിയിരിക്കുന്നത്. ഒന്നിലധികം ബോഡി ശൈലികളില്‍ പുത്തന്‍ ക്രൗണ്‍ ലഭ്യമാകും. ക്രൗണ്‍ ക്രോസ്ഓവര്‍, ക്രൗണ്‍ സ്‌പോര്‍ട്ട് (എസ്യുവി), ക്രൗണ്‍ എസ്റ്റേറ്റ്, ക്രൗണ്‍ സെഡാന്‍ എന്നിങ്ങനെ നാല് വ്യത്യസ്ത വകഭേദങ്ങളില്‍ ആദ്യമായി ക്രൗണ്‍ ലഭ്യമാകും. ക്രോസ്ഓവറാണ് ഔദ്യോഗികമായി ആദ്യം എത്തുന്നത്. രണ്ട് ഹൈബ്രിഡ് വകഭേദങ്ങളില്‍ ക്രൗണ്‍ ലഭ്യമാകും.


◼️ഗണേഷ് ബാല രചിച്ച 'റൈറ്റേഴ്സ് ഹട്ട്' എന്ന ഇംഗ്ലീഷ് നോവലിന്റെ പരിഭാഷയാണ് 'എഴുത്തുപുര'. ക്യാമ്പസ് സുഹൃത്തുക്കളായ നിക്കോളാസും മാക്സിമസ്സും ഏകാന്തത തേടിയും സര്‍ഗാത്മക രചനക്ക് വേണ്ടിയും എഴുത്തുപുര എന്ന് പേരിട്ട ഒരു ബോട്ടില്‍ സമുദ്രത്തിലൂടെ പര്യടനം തുടങ്ങുന്നു. ജൈവികമായ മനുഷ്യാവസ്ഥയും ഡിജിറ്റലായ നാഗരിക ജീവിതവും ബൗദ്ധികമായ ചര്‍ച്ചകളും ഇടകലരുന്ന യാത്രാനുഭവങ്ങള്‍. ഫാന്റസിയും ഭാവനയും സമ്മേളിക്കുന്ന നോവല്‍. ഗ്രീന്‍ ബുക്സ്. വിവര്‍ത്തനം - എ.ജെ മുഹമ്മദ് ഷഫീര്‍. വില 95 രൂപ.


◼️ഇന്ന് ലോകമെമ്പാടുമുള്ള കൊവിഡ് കേസുകളില്‍ വലിയൊരു ഭാഗവും ഒമിക്രോണും അതിന്റെ ഉപവകഭേദങ്ങളുമാണ് സൃഷ്ടിക്കുന്നത്. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ എത്തുമ്പോഴെല്ലാം രോഗത്തിന്റെ (സ്വഭാവത്തിലും മാറ്റങ്ങള്‍ കാണാറുണ്ട്. രോഗ തീവ്രതയിലാണ് കാര്യമായ മാറ്റങ്ങള്‍ കാണാറ്. ഒപ്പം തന്നെ രോഗലക്ഷണങ്ങളും ചെറിയ രീതിയിലെങ്കിലും മാറിവരാറുണ്ട്. രോഗവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്ന യുകെയിലെ 'സൂ കൊവിഡ് സ്റ്റഡി ആപ്പ്' ഇപ്പോള്‍ പങ്കുവച്ചൊരു വിവരം കൂടി ഇതോട് ചേര്‍ത്ത് പങ്കുവയ്ക്കുകയാണ്. ഒമിക്രോണ്‍ മൂലമുണ്ടാകുന്ന കൊവിഡ് 19ല്‍ രോഗലക്ഷണമായി നടുവേദന കൂടി ഉള്‍പ്പെടുന്നുണ്ടെന്നാണ് ഇവര്‍ പങ്കുവയ്ക്കുന്ന വിവരം. ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയില്‍ നിന്ന് അടക്കം രോഗികള്‍ വ്യാപകമായി ഇക്കാര്യം അറിയിച്ചുവെന്നും ഇവര്‍ പറയുന്നു. ഒമിക്രോണ്‍ ബാധയില്‍ കാണപ്പെടുന്ന ഇരുപതോളം ലക്ഷണങ്ങളെ കുറിച്ച് ആപ്പ് പറയുന്നുണ്ട്. ഇതില്‍ നടുവേദനയും ഉള്‍പ്പെടുന്നു. അതായത്, ഒമിക്രോണ്‍ മൂലം രോഗം പിടിപെട്ടവരില്‍ അഞ്ചിലൊരാള്‍ക്ക് എന്ന നിലയില്‍ നടുവേദന കാണാമെന്നും ഇവര്‍ പറയുന്നു. എന്തുകൊണ്ടാണ് കൊവിഡ് സംബന്ധമായി നടുവേദന വരുന്നതെന്ന കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. എന്നാലിത് രോഗിയെ സാമാന്യം നല്ലരീതിയില്‍ ബാധിക്കുമെന്നും അസഹ്യമായ വേദനയാണിതിന്റെ സൂചനയെന്നും ഇവര്‍ പറയുന്നു. ആര്‍ത്തവവേദന, മൂത്രത്തില്‍ കല്ല് തുടങ്ങിയവയുടെ വേദനയുമായാണ് മിക്ക രോഗികളും ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. അതേസമയം നടുവേദന അനുഭവപ്പെടുന്നത് കൊണ്ട് മാത്രം അത് കൊവിഡാണെന്ന് ഉറപ്പിക്കരുത്. ഒപ്പം തന്നെ മറ്റ് ലക്ഷണങ്ങള്‍ കൂടി ശ്രദ്ധിക്കുക. തൊണ്ടവേദന, ചുമ, പനി, ജലദോഷം, തുമ്മല്‍, തളര്‍ച്ച എന്നിവയെല്ലാം കൊവിഡില്‍ കാണുന്ന സാധാരണ ലക്ഷണങ്ങളാണ്. ഒമിക്രോണ്‍ ആണെങ്കില്‍ പൊതുവില്‍ തീവ്രത കുറഞ്ഞേ വരാറുള്ളൂ. കൂടിയ അവസ്ഥയില്‍ ശ്വാസതടസം, നെഞ്ചുവേദന, ഓക്സിജന്‍ കുറവ് തുടങ്ങിയ ലക്ഷണങ്ങളും കാണാം.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 79.87, പൗണ്ട് - 95.97, യൂറോ - 81.86, സ്വിസ് ഫ്രാങ്ക് - 82.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.01, ബഹറിന്‍ ദിനാര്‍ - 211.89, കുവൈത്ത് ദിനാര്‍ -259.76, ഒമാനി റിയാല്‍ - 207.43, സൗദി റിയാല്‍ - 21.27, യു.എ.ഇ ദിര്‍ഹം - 21.74, ഖത്തര്‍ റിയാല്‍ - 21.93, കനേഡിയന്‍ ഡോളര്‍ - 61.71.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad