Type Here to Get Search Results !

ഗ്രീൻഫീൽഡ് ദേശീയപാത: കല്ലിടൽ ഓഗസ്റ്റിൽ തുടങ്ങും



മഞ്ചേരി : ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ കല്ലിടൽ

മലപ്പുറം ജില്ലയിൽ അടുത്തമാസം ആരംഭിക്കും. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽനിന്ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്ന ദേശീയപാത 15 വില്ലേജുകളെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്. സ്ഥലമെടുപ്പ് വിജ്ഞാപനവുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയ ഭൂവുടമകൾക്കായി നാലുമുതൽ 15 വരെ രണ്ടുഘട്ടമായി നടന്ന അദാലത്ത് മഞ്ചേരി ടൗൺഹാളിൽ സമാപിച്ചു.


കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിലെ 15 വില്ലേജുകളിൽനിന്നുള്ള 2190 ഭൂവുടമകളാണ് അദാലത്തിൽ പങ്കെടുത്തത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന വസ്തുവകകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാണ് അദാലത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗംപേരും ആവശ്യപ്പെട്ടത്. ഏറ്റെടുക്കുന്ന ഭൂമിയെക്കുറിച്ച് വ്യക്തതയില്ലാത്തതും ഉടമകളെ ആശയക്കുഴപ്പത്തിലാക്കുന്നു. നിലവിലെ അലൈൻമെന്റ് മാറ്റാനുള്ള അപേക്ഷയുമായി മുഴുവൻ സ്ഥലവും വിട്ടുകൊടുക്കേണ്ടിവരുന്ന ഭൂവുടമകളും ആരാധനാലയ അധികൃതരും അദാലത്തിനെത്തിയിരുന്നു. ഇത്തരം പരാതികളിൽ ദേശീയപാത അതോറിറ്റി തീരുമാനമെടുക്കും. 


എന്നാൽ കല്ലിടൽ പൂർത്തിയാകുന്നതോടെ ഭൂമിസംബന്ധിച്ച് കൂടുതൽ കൃത്യത വരും. ഇതിനുശേഷം വിലനിർണയം നടത്തി ഭൂമിയേറ്റെടുക്കൽ നടപടികളിലേക്കു കടക്കും.

ത്രീ ഡി അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം വിതരണംചെയ്യും. അദാലത്ത് പൂർത്തിയായതോടെ അധികൃതർ കല്ലിടൽ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കാലാവസ്ഥ അനുകൂലമായാൽ ഓഗസ്റ്റോടെ കല്ലിടൽ ആരംഭിക്കും. ഗ്രീൻഫീൽഡ് പാതയ്ക്കായി ജില്ലയിൽനിന്ന് 304.59 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ദേശീയപാത 66-ന്റെ മാതൃകയിലാകും ഗ്രീൻഫീൽഡ് പാതയുടെയും നഷ്ടപരിഹാരവിതരണം. ഭൂമി, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നിർമിതികൾക്കും കാർഷികവിളകൾക്കും മരങ്ങൾക്കും വെവ്വേറെയായാണ് നഷ്ടപരിഹാരം നൽകുക.


പദ്ധതിക്കായി ഭൂമി നൽകുന്നവർക്ക് നഷ്ടപരിഹാരത്തിനുപുറമേ പുനരധിവാസത്തിനും അർഹതയുണ്ടാകും. ഭാരത്‍മാല പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന റോഡുകളുടെ നഷ്ടപരിഹാരം സംസ്ഥാനസർക്കാരും ദേശീയപാത അതോറിറ്റിയും സംയുക്തമായി നൽകും. ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി. പത്മചന്ദ്രക്കുറുപ്പ്, തഹസിൽദാർമാരായ സി.കെ. നജീബ്, പി.എം. സമീറ, ഷീല തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad