Type Here to Get Search Results !

നാല് ദേശീയ നേട്ടങ്ങളുമായി അയ്യപ്പനും കോശിയും; നോവോർമയായി സച്ചി



അറുപത്തിയെട്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മലയാളി പ്രേക്ഷകർക്ക് വിങ്ങുന്ന നോവോർമയാവുകയാണ് സംവിധായകൻ സച്ചി. മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ) എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാര പട്ടികയിൽ ഇടം നേടിയത്. നഞ്ചിയമ്മയടക്കം സച്ചി കണ്ടെത്തിയവരൊക്കെ പുരസ്കാരനിറവിലേക്ക് ഉയർത്തപ്പെടുമ്പോൾ ഈ സന്തോഷം കാണാൻ സച്ചി ഇല്ലാതെ പോയെന്ന സങ്കടം ബാക്കിയാകുന്നു. 


മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ ബിജു മേനോൻ ഇക്കാര്യം മറച്ചു വയ്ക്കാതെയാണ് ആദ്യപ്രതികരണം രേഖപ്പെടുത്തിയത്. പുരസ്കാര സന്തോഷത്തേക്കാളേറെ സച്ചി എന്ന ചലച്ചിത്ര പ്രതിഭയെ നഷ്ടമായതിന്റെ സങ്കടമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ നിറയെ! കൃത്യമായ രാഷ്ട്രീയം പറയുമ്പോഴും അതു ജനപ്രിയമായി തന്നെ അവതരിപ്പിക്കാൻ സച്ചി എന്ന സംവിധായകൻ പുലർത്തിയ സൂക്ഷ്മതയും നിഷ്കർഷതയും വ്യക്തമായി പ്രതിഫലിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അരികുവത്ക്കരിക്കപ്പെടുന്നവരുടെ ജീവിതത്തെ അതിന്റെ കൃത്യമായ രാഷ്ട്രീയബോധ്യത്തോടെ മുഖ്യധാരാ സിനിമയുടെ സംവാദ വേദികളിൽ സച്ചി ചർച്ചയാക്കി. 



ബാഹ്യമായ പറച്ചിലുകളായിരുന്നില്ല സച്ചിക്ക് ആ രാഷ്ട്രീയം. കഥ പറയുന്ന ഭൂമികയിലെ പ്രതിഭകളെ അദ്ദേഹം കണ്ടെടുത്തു. ആ വലിയ കണ്ടെത്തലുകളൊന്നായിരുന്നു ആദിവാസി ഗായിക നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രം നഞ്ചിയമ്മ എന്ന ഗായികയുടെ ശബ്ദത്തിന്റെയും പാട്ടിന്റെയും കൂടി ആഘോഷമായിരുന്നു. ദേശീയ പുരസ്കാര നിറവിലേക്കു കൂടിയാണ് സച്ചി, നഞ്ചിയമ്മയെ കൈ പിടിച്ചു നടത്തിയത്. അട്ടപ്പാടിയിൽ താമസിച്ചും അവിടെയുള്ള ജനങ്ങളുമായി നേരിൽ സംവദിച്ചും സച്ചി ഒരുക്കിയ തിരക്കഥയിൽ ആ മണ്ണിന്റെ മണമുള്ള സംഗീതം വേണമെന്ന നിർബന്ധമാണ് നഞ്ചിയമ്മയെ ആ സിനിമയിലേക്കെത്തിച്ചത്. നഞ്ചിയമ്മ സച്ചിക്കു പാടിക്കൊടുത്ത പാട്ടുകളിൽ രണ്ടെണ്ണം സിനിമയുടെ ഭാഗമായി. ഒപ്പം നഞ്ചിയമ്മയും. ആ പാട്ടുകൾക്കൊപ്പം നഞ്ചിയമ്മയുടെ മുഖം കൂടി മലയാളികൾക്ക് പരിചയപ്പെടുത്താൻ സച്ചി മുന്നിൽ നിന്നു. 


ബിജു മേനോൻ, പൃഥ്വിരാജ് എന്നീ നടന്മാരെ അതിഗംഭീരമായി ഉപയോഗിച്ച ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും. സച്ചിയുടെ എഴുത്തിന്റെയും സംവിധാനത്തിന്റെയും മൂശയിൽ ബിജു മേനോനും പൃഥ്വിരാജും ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മലയാളികൾക്കു മുമ്പിലെത്തി. ബിജു മേനോൻ എന്ന അഭിനേതാവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായർ. ഒടുവിൽ, ആ അഭിനയ മികവിന് ദേശീയ പുരസ്കാരം തേടിയെത്തുമ്പോൾ അതിനു കാരണമായ സച്ചിയുടെ വിയോഗം ഇരട്ടി വേദനയാണ് സിനിമാപ്രേമികൾക്ക് സമ്മാനിക്കുന്നത്. സച്ചി ചെയ്തു തീർത്ത ചിത്രങ്ങളേക്കാൾ, അദ്ദേഹത്തിന് ചെയ്തു തീർക്കാൻ കഴിയാതെ പോയ ചിത്രങ്ങൾ വലിയൊരു നോവോർമയാകുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad