Type Here to Get Search Results !

പ്രഭാത വാർത്തകൾ



◼️മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ് രോഗപ്പകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യ വിദഗ്ധരുടെ യോഗത്തിനുശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ് അധാനോം ആണ് പ്രഖ്യാപനം നടത്തിയത്. ജാഗ്രത വേണമെന്നു ലോകരാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു.


◼️അഞ്ഞൂറിലേറെ രൂപയുടെ വൈദ്യുതി ബില്ലുകള്‍ ഇനി കെഎസ്ഇബി ഓഫീസ് കൗണ്ടറില്‍ സ്വീകരിക്കില്ല. ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം. ഉത്തരവു വിവാദമായതോടെ ആയിരം രൂപവരെ കൗണ്ടറില്‍ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞെങ്കിലും ഉത്തരവു തിരുത്തിയിട്ടില്ല. ആയിരം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ കൗണ്ടറില്‍ സ്വീകരിക്കില്ലെന്നാണ് ആദ്യം ഉത്തരവു തയാറാക്കിയത്. ഉച്ചയോടെ അതു തിരുത്തി 500 രൂപയാക്കി കെഎസ്ഇബി ഉത്തരവു പുറത്തിറക്കുകയായിരുന്നു.


◼️സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. ഈ ദിവസങ്ങളില്‍ രാത്രി പതാക താഴ്ത്തേണ്ടതില്ല. 13 മുതല്‍ 15 വരെ പതാക ഉയര്‍ത്തണമെന്നു മൂന്നു ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.


◼️ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിനു ഉക്രെയ്‌നും റഷ്യയും തമ്മില്‍ സുപ്രധാന കരാര്‍. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലാണ് കരാര്‍ ഒപ്പിട്ടത്. ഫെബ്രുവരിയില്‍ ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിനുശേഷം യുദ്ധത്തിലായ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രധാന കരാറാണിത്. റഷ്യ യുക്രൈന്‍ യുദ്ധം മൂലം 47 ദശലക്ഷം ജനങ്ങള്‍ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്. കരിങ്കടല്‍ വഴിയുള്ള ധാന്യങ്ങളുടെ കയറ്റുമതി പുനരാരംഭിച്ചാല്‍ ഭക്ഷ്യപ്രതിസന്ധിക്ക് അല്‍പം പരിഹാരമാകും.


◼️വാഹനമിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളത്തു രേണു രാജിനെയും തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ്ജിനേയും കളക്ടറായി നിയമിച്ചു. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ എംഡിയുടെ ചുമതലയും ഖോസെക്കാണ്. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറായി ഹരികിഷോറിനെ നിയമിച്ചു.


◼️ജലജീവന്‍ മിഷന്‍ പദ്ധതി 2024 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ എല്ലാ സഹായവും ജില്ലാ കളക്ടര്‍മാര്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ ഇടപെടണമെന്നും അദ്ദേഹം കളക്ടര്‍മാരോട് ആവശ്യപ്പെട്ടു.


◼️ക്രമസമാധാനം തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ക്കെതിരേ ജാഗ്രത വേണമെന്നു പോലീസിനോടു മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ്റിങ്ങല്‍ നഗരൂരില്‍ കേരളാ പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പൊലീസിന്റെ ജനവിരുദ്ധ മുഖം ഇപ്പോള്‍ പൂര്‍ണമായും മാറി. ജനങ്ങളോട് പൊലീസ് സഹകരിക്കുന്നുണ്ട്. കേരളം നേരിട്ട ദുരന്തങ്ങളിലും കൊവിഡ് മഹാമാരിയിലും ജനങ്ങള്‍ക്കൊപ്പം നിന്ന പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


◼️പോലീസ് സമ്മേളനത്തിയ പോലീസുകാര്‍ മദ്യക്കുപ്പിയുമായി വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലി അടിപിടി. ഒടുവില്‍ മൂന്നു പോലീസുകാരെ ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബിവറേജസില്‍നിന്നു മദ്യം വാങ്ങി വന്ന പൊലീസുകാര്‍ തൊട്ടടുത്തുള്ള വീടിനു മുന്നില്‍ മൂത്രമൊഴിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്.


◼️മത ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷന്‍. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങള്‍ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്റെ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.


◼️ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കണമെന്ന് കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍. സാമുദായിക സംഘടനകളുമായി അടുപ്പം തുടരണം. എഐസിസി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ പുനസംഘടന പൂര്‍ത്തിയാക്കണം. ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ എതിര്‍ക്കണം. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പുനസംഘടന വൈകുന്നത് പാര്‍ട്ടിയെ നിര്‍ജീവമാക്കുമെന്നും അഭിപ്രായം ഉയര്‍ന്നു.


◼️ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി. പരാതി ലഭിച്ചാല്‍ പോലീസ് വേഗത്തില്‍ നടപടി സ്വീകരിക്കണം. ഇര പറയുന്ന സ്ഥലത്തുവച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ മൊഴിയെടുക്കാവൂ. ഒരു കാരണവശാലും ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.


◼️സ്വര്‍ണ്ണക്കടത്തു കേസ് കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിക്കെതിരെ തടസ ഹര്‍ജിയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേസില്‍ പ്രതിയുമായ എം ശിവശങ്കര്‍. സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത ശിവശങ്കര്‍, ഉത്തരവു പുറപ്പെടുവിക്കുന്നതിനു മുമ്പ് തന്നെ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു.


◼️സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. അഴിമതിക്കെതിരെ പോരാടുന്ന ഒറ്റയാള്‍ പട്ടാളമാണ് സ്വപ്ന. നിങ്ങളുടെ ജീവനു ഭീഷണിയുള്ളതില്‍ ആശങ്കയുണ്ട്. കേരളത്തില്‍ ഭരണകൂടത്തിന്റെ മാഫിയ പ്രവര്‍ത്തനത്തിനെതിരേയുള്ള പോരാട്ടത്തിനു പിന്തുണ അറിയിക്കുന്നു. സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


◼️സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ രണ്ടു പേര്‍ പിടിയില്‍. തെന്നല അറക്കല്‍ സ്വദേശി കുന്നത്ത് വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (34), കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി ചെനക്കല്‍ നിയാസുദ്ധീന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. സുഹൈല്‍ വെന്നിയൂര്‍ മാര്‍ക്കറ്റ് റോഡില്‍ സേവകേന്ദ്രത്തിന്റെ മറവിലും നിയാസുദ്ധീന്‍ തെന്നല അറക്കലില്‍ പലചരക്ക് കടയുടെ മറവിലുമായിരുന്നു സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയിരുന്നത്.


◼️സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. എംഎം മണി ആനി രാജക്കെതിരെ പരാമര്‍ശം നടത്തിയപ്പോള്‍ പ്രതിരോധിക്കാത്തത് ശരിയായില്ല. മുഖ്യമന്ത്രി 42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്നത് കമ്യൂണിസറ്റു സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നും വിമര്‍ശനം ഉയര്‍ന്നു.


◼️കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനി എസ്. ബിനീത(43) ആണ് അറസ്റ്റിലായത്. കരാറുകാരന്‍ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. മുതുവല്ലൂര്‍ വെറ്ററിനറി ആശുപത്രിയുടെ മതില്‍ പണിയാനുള്ള നാലു ലക്ഷം രൂപ അനുവദിക്കാന്‍ രണ്ടു ശതമാനം തുകയായ എണ്ണായിരം രൂപ കോഴ വാങ്ങുന്നതിനിടെയാണ് പിടിയിലായത്.


◼️വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എംഡിയും സിഇഒയുമായ രാജേഷ് ഝാ. ശ്രീലങ്കന്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വിഴിഞ്ഞം പോര്‍ട്ടിന് കൂടുതല്‍ പ്രാധാന്യം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ ലംഘനം, പുനരധിവാസം തുടങ്ങിയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തേക്ക് ആവശ്യമായ പാറക്കല്ലുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


◼️തിരുവനന്തപുരം മംഗലപുരത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച ഡിസിസി വൈസ് പ്രസിഡന്റ് മുനീര്‍ ഉള്‍പ്പടെ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നിടത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.


◼️സംസ്ഥാനത്ത് പുതിയതായി ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കാനുള്ള നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറി - ഡിസ്റ്റിലറി വിവാദത്തില്‍പ്പെട്ട കമ്പനികള്‍ക്കു വീണ്ടും മദ്യ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് ദുരൂഹമാണെന്നും കത്തില്‍ ആരോപിച്ചു.


◼️തിരുവനന്തപുരത്തെ 1 എകെജി സെന്ററിലേക്കു പടക്കെറിഞ്ഞ കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. 23 ദിവസമായി പ്രത്യേക സംഘം അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ചില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കും.


◼️കുട്ടികളില്‍ ഗര്‍ഭധാരണം കൂടുന്നതിനെതിരേ ജാഗ്രത വേണമെന്നു ഹൈക്കോടതി. സാമൂഹിക മാധ്യമങ്ങളെ സുരക്ഷിതമായി ഉപയോഗിക്കണമെന്നു കുട്ടികളെ ബോധവല്‍ക്കരിക്കണം. സ്‌കൂളുകളില്‍ നല്‍കുന്ന ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അധികൃതര്‍ വീണ്ടുവിചാരം നടത്തണം. പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍നിന്ന് ഗര്‍ഭം ധരിച്ച പെണ്‍കുട്ടിയുടെ 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയുള്ള ഉത്തരവിനിടെയാണ് കോടതിയുടെ നിരീക്ഷണം.


◼️സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അക്രമം. നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ അഴിമതി നടത്തന്നുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇടതു കൗണ്‍സിലര്‍ക്ക് അനധികൃതമായി ലൈഫ് പദ്ധതി പ്രകാരം വീട് നല്‍കിയെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വാക്കേറ്റത്തിനിടയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കസേര വലിച്ചെറിയുകയും മേശയും മൈക്കും തല്ലി തകര്‍ക്കുകയും ചെയ്തു.


◼️നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിന്റെ കാലില്‍ കുത്തിയ സൂചി ഒടിഞ്ഞുകയറി. ഡ്രിപ്പിടാന്‍ കുത്തിയ സൂചിയാണ് ഒടിഞ്ഞത്. കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയാണു സൂചി പുറത്തെടുത്തത്.


◼️ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ്. നവംബര്‍ ഏഴിനു ഹാജരാകണമെന്നാണ് സമന്‍സ്. നടിയെ ആക്രമിച്ച കേസ് ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ പ്രസ്താവനയ്ക്കെതിരേ മൂന്നു വര്‍ഷം മുമ്പ് ലിബര്‍ട്ടി ബഷീര്‍ മജീസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.


◼️തൃശൂര്‍ കുന്നംകുളത്തിനടുത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കയറ്റുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണു കേസ്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ മാസങ്ങളായി ലൈംഗിക അതിക്രമങ്ങള്‍ നടത്തിയത്.


◼️ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ വിമര്‍ശനവുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍. 'അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ഈ കൈകള്‍ മധുരതരമാകില്ല' (ലേഡി മാക്ബത്ത്).' എന്ന വരികളോടെയാണ് സലീം മടവൂര്‍ ഫേസ് ബുക്കില്‍ പ്രതിഷേധിച്ചത്.


◼️സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ തിരുവനന്തപുരത്തു മുപ്പതു വേദികളിലായി സംഘടിപ്പിക്കും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 12 ന് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനമാകുക.


◼️സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ മൂന്നംഗ സംഘത്തെ കാക്കൂര്‍ പോലീസ് പിടികൂടി. പാലക്കാട് പട്ടിത്തറ തലക്കശ്ശേരി തേന്‍കുളം വീട്ടില്‍ അബുതാഹിര്‍(29), തലക്കശ്ശേരി മലയന്‍ ചാത്ത് ഷമീം(30) തലക്കശ്ശേരി തുറക്കല്‍ വീട്ടില്‍ ഷബീര്‍ (36)എന്നിവരെയാണ് പിടികൂടിയത്.


◼️പാലക്കാട് കൊല്ലംകോട് പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ ശ്രീത്സനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷനോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. പാസ്സ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിയാണു ശ്രീല്‍സന്‍ ചെയ്തിരുന്നത്.


◼️തിരുവനന്തപുരത്ത് ബസില്‍ യാത്രചെയ്യവേ, സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കുരിയച്ചിറ സ്വദേശി സുധീര്‍ ഇസ് ലാഹിയാണ് പിടിയിലായത്. സമാനമായ കുറ്റകൃത്യത്തിന് നേരത്തെ ഇയാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്.


◼️വിവാഹ വാഗ്ദാനം നല്‍കി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാരിപ്പള്ളി ചവര്‍ക്കോട് മാവിലവീട്ടില്‍ അനന്തുവിനെ (23) ആണ് ബംഗളൂരുവില്‍നിന്ന് പിടികൂടിയത്.


◼️ന്യായാധിപന്മാര്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് കണ്ണടയ്ക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. മാധ്യമങ്ങള്‍ കങ്കാരു കോടതികളായി മാറിയിരിക്കുകയാണ്. ഒരു വിഷയത്തില്‍ പരിചയ സമ്പന്നരായ ന്യായധിപന്മാര്‍ പോലും വിധിക്കാന്‍ വിഷമിക്കുമ്പോള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളുള്ള മാധ്യമങ്ങള്‍ അനായാസം വിധി പ്രസ്താവിക്കുകയാണ്. അദ്ദേഹം വിമര്‍ശിച്ചു.


◼️മകള്‍ വിദ്യാര്‍ത്ഥിനിയാണെന്നും ഗോവയില്‍ ബാര്‍ നടത്തുകയല്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മരിച്ചയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കിയത് സ്മൃതി ഇറാനിയുടെ മകളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോണിയയും രാഹുല്‍ഗാന്ധിയും അയ്യായിരം കോടി അപഹരിച്ചെന്ന് ആരോപിച്ചതിനാണ് തനിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും സ്മൃതി പറഞ്ഞു.


◼️സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'എന്റെ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍. ഇവരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പ്രശംസനീയമാണ്.' അദ്ദേഹം ആശംസിച്ചു.


◼️രാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് ജനങ്ങളോടും നന്ദി പറയുന്നതായി സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാഷ്ട്രപതി സ്ഥാനം രാജ്യത്തെ സേവിക്കാനുള്ള അവസരമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നീതി പൂര്‍വം പ്രവര്‍ത്തിക്കണം. ദ്രൗപദി മുര്‍മ്മുവിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കിയ യാത്രയയപ്പില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.


◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിവാഹം ചെയ്താലോ, കുഞ്ഞ് ജനിച്ചാലോ പോക്സോ കുറ്റങ്ങളില്‍നിന്ന് മുക്തനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന്റെ ജാമ്യാപേക്ഷ പരിഗണക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. പീഡിപ്പിച്ച ശേഷം വിവാഹം ചെയ്യുകയും കുഞ്ഞു ജനിക്കുകയും ചെയ്തു. കുഞ്ഞിന് ആറു മാസം പ്രായമുള്ളപ്പോള്‍ ഗര്‍ഭിണിയായി. ഇതും ലൈംഗിക അതിക്രമമാണെന്ന പൊലീസ് വാദം കോടതി അംഗീകരിച്ച് ജാമ്യാപേക്ഷ തള്ളി.


◼️പ്രീ സീസണ്‍ മത്സരങ്ങളില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി. ജപ്പാന്‍ ക്ലബ്ബ് ഉറാവ റെഡ്‌സിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയോട് സമനില വഴങ്ങി.


◼️ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബ് ഗ്ലാമോര്‍ഗന്റെ ബാറ്റര്‍ സാം നോര്‍ത്ത്ഈസ്റ്റ്. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ 410 റണ്‍സ് അടിച്ചെടുത്താണ് സാം നോര്‍ത്ത്ഈസ്റ്റ് പുതിയ ചരിത്രമെഴുതിയത്. ലെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിലാണ് താരത്തിന്റെ അത്ഭുത പ്രകടനം.


◼️മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ലെ ആദ്യ പാദത്തില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ വളര്‍ച്ച മന്ദഗതിയിലാണ് എന്നാണ് മെറ്റയുടെ തന്നെ റിപ്പോര്‍ട്ട് പറയുന്നത്. മൊബൈല്‍ ഡാറ്റ ചിലവിലുണ്ടായ വര്‍ധനവാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഉപയോക്താക്കളില്‍ തങ്ങളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്ക വര്‍ദ്ധിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഫെയ്സ്ബുക്കിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളില്‍ 75 ശതമാനവും പുരുഷന്മാരായിരുന്നു.


◼️വീഡിയോ കോള്‍ ആപ്പായ സൂം അതിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ സൂം ഫോണിലേക്കും ബ്രേക്ക്ഔട്ട് റൂമുകളിലേക്കും അവതരിപ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമില്‍ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ആശയവിനിമയത്തിന് ഇത് ഉപയോക്താക്കളെ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. വിപുലീകരണത്തോടെ, സൂം ഫോണ്‍ കോളുകള്‍ക്കിടയില്‍ ഉപയോക്താക്കള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഉടനെ ലഭിക്കും. എല്ലാ ബ്രേക്ക്ഔട്ട് റൂമിനും അതിന്റെതായ എന്‍ക്രിപ്ഷന്‍ കീയും ഉടനെ ഉണ്ടാകും.


◼️ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസിന്റെ ടീസര്‍ പുറത്തിറങ്ങി. 2.10 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ബിജു മേനോന്റെ മാസ് പ്രകടനമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വേറിട്ട വേഷപ്പകര്‍ച്ചയില്‍ ബിജു മേനോനും റോഷനും ട്രെയിലറില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


◼️'കടുവ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന 'കാപ്പ'യില്‍ നിന്നും പിന്മാറി മഞ്ജു വാര്യര്‍. അജിത് ചിത്രം 'എകെ 61'ന്റെയും കാപ്പയുടെയും ഷൂട്ട് ഒരുമിച്ച് വന്നതിനാലാണ് താരം പിന്മാറിയതെന്നാണ് വിവരം. അജിത് ചിത്രത്തിനായി ചെന്നൈയിലാണ് മഞ്ജു ഇപ്പോഴുള്ളത്. മഞ്ജു വാര്യര്‍ പിന്മാറിയതോടെ ആ കഥാപാത്രത്തെ ആരാകും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരിപ്പോള്‍. ജൂലൈ 15നാണ് കാപ്പയുടെ ചിത്രീകരണം ആരംഭിച്ചത്. 'കൊട്ട മധു' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അന്ന ബെന്നും ചിത്രത്തിലുണ്ട്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.


◼️സിവിക് നെയിംപ്ലേറ്റിന്റെ 50 വര്‍ഷത്തോടനുബന്ധിച്ച് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട പുതിയ സിവിക് ടൈപ്പ് ആര്‍ അവതരിപ്പിച്ചു. പുതിയ മോഡല്‍ 2023-ന്റെ തുടക്കത്തില്‍ യൂറോപ്പില്‍ അവതരിപ്പിക്കും. ജപ്പാനിലെ സുസുക്ക സര്‍ക്യൂട്ടിലെ ഫ്രണ്ട്-വീല്‍ ഡ്രൈവ് ലാപ് റെക്കോര്‍ഡ് അടുത്തിടെയാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്. ഹിസ്റ്റോറിക് ചാമ്പ്യന്‍ഷിപ്പ് വൈറ്റ്, സോളിഡ് റാലി റെഡ്, റേസിംഗ് ബ്ലൂ, ക്രിസ്റ്റല്‍ ബ്ലാക്ക്, സോണിക് ഗ്രേ പേള്‍സ് എന്നിങ്ങനെ ഒന്നിലധികം കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഹോണ്ട സിവിക് ടൈപ്പ് ആര്‍ വാഗ്ദാനം ചെയ്യുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad