സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടേയും ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് ഉടൻ തീരുമാനമുണ്ടാകും. ശമ്പളം, അലവൻസ് ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുന്നത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ഏകാംഗ കമ്മിഷനായി മന്ത്രിസഭായോഗം നിയോഗിച്ചു കഴിഞ്ഞു. ആറു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. എംഎൽഎമാരുടേയും മന്ത്രിമാരുടെയും ശമ്പളത്തിൽ വലിയ രീതിയിലുള്ള വർദ്ധനവുണ്ടാകുമെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്.
നിലവിൽ മന്ത്രിമാർക്ക് 97,429 രൂപയും എംഎൽഎമാർക്ക് 70,000രൂപയുമാണ് ലഭിക്കുന്നത്. ടിഎ, ഡിഎ അടക്കമാണ് ഈ തുക ലഭിക്കുന്നത്. 2018ലാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും കേരളത്തിൽ ശമ്പള വർദ്ധന നടപ്പാക്കിയത്. 2018ൽ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് മന്ത്രിമാരുടെ ശമ്പളം 55012 രൂപയിൽ നിന്ന് 97,429 രൂപയായും എം എൽ എമാരുടെ ശമ്പളം 39500 രൂപയിൽ നിന്ന് 70000 രൂപയുമാക്കി ഉയർത്തിയത്. അന്ന് ജസ്റ്റിസ് ജയിംസ് കമ്മറ്റി നൽകിയ ശുപാർശ അനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 1.43ലക്ഷം ആക്കാം എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ മന്ത്രിസഭാ യോഗം അത് 90000 രൂപയിൽ നിജപ്പെടുത്തുകയായിരുന്നു.
അതേസമയം റിപ്പോർട്ട് സമർപ്പിച്ചതിനു പിറകേ വർദ്ധനവുണ്ടാകുമെന്നും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിൽ വലിയ രീതിയിൽത്തന്നെ അതു പ്രതിഫലിക്കമെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും നിത്യ ചെലവുകളിലുണ്ടായ വർദ്ധനവ് കണക്കിലെടുത്താണ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരങ്ങൾ. എംഎൽഎമാർക്ക് 2000 രൂപ മാത്രമാണ് ശമ്പളായി ലഭിക്കുന്നത്. ബാക്കിമുഴുവൻ അലവൻസുകളാണ്.
നിശ്ചിത ശമ്പളത്തുകയായി 2000 രൂപയ്ക്ക് പുറമേ മണ്ഡല അലവൻസായി 25,000 രൂപ എംഎൽഎമാർക്ക് ലഭിക്കും. ടെലഫോൺവാടക 11,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4,000 രൂപ, അതിഥി സൽക്കാരത്തിനും മറ്റുമായി 8000 രൂപ, യാത്രാബത്ത 20,000 രൂപ- ഇത്തരത്തിലാണ് എംഎൽഎമാർക്ക് പ്രതിമാസം 70,000 രൂപ ലഭിക്കുന്നത്.
Follow this link to join my WhatsApp group: https://chat.whatsapp.com/FWTG90zn5h6KsWHVdcDoIP
എംഎൽഎമാരുടെ ശമ്പളത്തിനൊപ്പം വിവിധ അലവൻസുകളും ലഭിക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപയും ട്രെയിൻ യാത്ര (ഫസ്റ്റ് ക്ലാസ് എ.സി)ക്ക് ഒരു രൂപയും അലവൻസായി ലഭിക്കും. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിന് ഒരു വർഷം 3ലക്ഷം രൂപ, കേരളത്തിനകത്തു നടക്കുന്ന നിയമസഭാ സമ്മേളനമടക്കമുള്ള യോഗങ്ങളിൽ അലവൻസായി 1000 രൂപ, കേരളത്തിന് പുറത്ത് 1200 രൂപ, യോഗങ്ങളിൽ പങ്കെടുക്കാൻ വിമാന യാത്രാക്കൂലിയായി ഒരു വർഷത്തേക്ക് 50,000 രൂപ, മെട്രോ പോളിറ്റൻ നഗര സന്ദർശനങ്ങളൾക്കായി 3500 രൂപ, തിരികെ ലഭിക്കുന്ന ചികിത്സാ ചെലവ്, 10 ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പ, 20 ലക്ഷം രൂപ ഭവന വായ്പ അഡ്വാൻസ്, വർഷത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 15,000 രൂപ എന്നിവയാണ് എംഎൽഎമാർക്ക് ലഭിക്കുന്ന മറ്റ് അലവൻസുകൾ.
അതേസമയം മന്ത്രിമാർക്ക് ആനുകൂല്യങ്ങളെല്ലാം ചേർത്താണ് 97,429രൂപ ലഭിക്കുന്നത്. യാത്രയ്ക്ക് കിലോമീറ്ററിന് നിശ്ചിത തുക ബാറ്റയായി നൽകുന്നതുൾപ്പെടെ ഇതിൽ വരും. ഇപ്പോഴത്തെ ഡീസൽവിലയും മറ്റു ചിലവുകളും നോക്കിയാൽ ഈ തുക ഒന്നുമാകുന്നില്ലെന്നാണ് മന്ത്രിമാരുടെ വാദം. കോവിഡ് കാലത്തെ സാലറി ചലഞ്ചിൻ്റെ ഭാഗമായി മന്ത്രിമാർക്ക് പതിനായിരം രൂപ ദുരിതാശ്വാസനിധിയിലേക്കും നൽകേണ്ടി വരുന്നുണ്ടെന്നുള്ളതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പ്രതിമാസ അലവൻസായി 2000 രൂപയും ഡിഎ 38,429 രൂപയും മന്ത്രിമാർക്ക് ലഭിക്കുന്നുണ്ട്. മണ്ഡലം അലവൻസ്- 40,000രൂപ, തലസ്ഥാനത്തും, ചേർന്നുള്ള 8 കിലോമീറ്റർ പരിധിയിലും ഇന്ധനത്തിനായി 17,000 രൂപ, ഒരു കിലോമീറ്റർ റോഡ് യാത്രയ്ക്ക് 15 രൂപ, കേരളത്തിനകത്ത് താമസിക്കുവാനായി ഒരു ദിവസം 1000 രൂപ, ഫസ്റ്റ് ക്ലാസ് ട്രയിൻ യാത്രയ്ക്കായി ഒരു കലോമീറ്ററിന് ഒരു രൂപ എന്നിവയും കൂടെ ലഭിക്കുന്ന അലവൻസുകളിൽ ഉൾപ്പെടും. സംസ്ഥാനത്തിന് പുറത്ത് യാത്രാബത്തയായി ഒരു ദിവസം 1500 രൂപയും തിരരിച്ചുലഭിക്കുന്ന ചികിത്സാച്ചെലവും മന്ത്രിമാർക്കുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും വിമാനയാത്ര സൗജന്യമാണ്. ഔദ്യോഗിക വസതി, ടെലഫോൺ എന്നിവയും മന്ത്രിമാർക്ക് ലഭിക്കും മാത്രമല്ല പേഴ്സണൽ സ്റ്റാഫിൽ 30 പേരെ ഉൾപ്പെടുത്തുകയും ചെയ്യാം.
അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോൾ ഇനിയുമൊരു ശമ്പള വർദ്ധന നടപ്പാക്കുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയേക്കുമെന്നാണ് സൂചനകൾ. എന്നാൽ ഭരണപക്ഷവും പ്രതിപക്ഷവുമായിരിക്കില്ല പ്രതിഷേധങ്ങളുമായി രംഗത്തുണ്ടാകുക. അതു പൊതുജനമായിരിക്കുമെന്ന വ്യത്യാസം മാത്രം.