Type Here to Get Search Results !

സംസ്ഥാനത്ത് പതിനൊന്ന് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ചത്‌ 1,310 പേർ



പാലക്കാട്> സംസ്ഥാനത്ത് പതിനൊന്ന് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ചത്‌ 1,310 പേർ. കണ്ണൂർ ആറളത്ത് വിറക്‌ ശേഖരിക്കാൻ പോയ സംഘത്തിലെ ആദിവാസി യുവാവ് പി എ ദാമുവും പാലക്കാട് ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ശിവരാമനുമാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒടുവിൽ മരിച്ചവർ. പാലക്കാട് ജില്ലയിലാണ് ഇക്കാലയളവിൽ ഏറ്റവുമധികം ജീവൻ നഷ്ടപ്പെട്ടത്. 270 പേർ. സംസ്ഥാനത്ത് അയ്യായിരത്തോളം പേർക്ക് പരിക്കേറ്റു. ആന, കാട്ടുപന്നി, പാമ്പ്, കടുവ, പുലി എന്നിവയുടെ ആക്രമണത്തിലാണ് മരണങ്ങൾ. ആനയാണ് പ്രധാനവില്ലൻ.


സംസ്ഥാനത്തെ ഇരുന്നൂറിലേറെ പഞ്ചായത്തുകളിലായി 30 ലക്ഷത്തിലധികം ജനങ്ങൾ വന്യമൃഗ ശല്യം നേരിടുന്നു. മലയോരമേഖലയും വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും ഇക്കാലയളവിൽ 70 കോടിയോളം രൂപയുടെ ആന പ്രതിരോധ വേലി, സോളാർ വേലി എന്നിവയുടെ നിർമാണത്തിനും പരിപാലനത്തിനുമായി ചെലവഴിച്ചു. ആന, പുലി, കാട്ടുപോത്ത്, പന്നി, കുരങ്ങ്, മലയണ്ണാൻ, മാൻ, മയിൽ തുടങ്ങിയ മൃഗങ്ങൾ കൃഷിയിടങ്ങളിലേക്കിറങ്ങുന്നു. ഇതിനാൽ വാഴ, തെങ്ങ്, കവുങ്ങ്, നെല്ല്, കിഴങ്ങുവർഗങ്ങൾ, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്‌തിരുന്ന പതിനായിരക്കണക്കിനേക്കർ വർഷങ്ങളായി തരിശിട്ടിരിക്കുന്നു. സംസ്ഥാനത്ത്‌ വന്യമൃഗശല്യം മൂലം 11 വർഷത്തിനിടെ 39,000 കർഷകർക്ക് കൃഷിനാശമുണ്ടായതായാണ് കണക്ക്. റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത കൃഷി നാശം വേറെയുമുണ്ട്‌.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad