കൊല്‍ക്കത്ത: എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ആവേശം അവസാന മിനിറ്റുകളിലേക്ക് നീണ്ട മത്സരത്തില്‍ അഫ്ഗാനിസ്താനെ തകര്‍ത്ത് ഇന്ത്യ. മത്സരം അവസാനത്തോടടുക്കവെ ഏഴു മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തപ്പോള്‍ സുബൈര്‍ അമിരിയാണ് അഫ്ഗാന്റെ ഏക ഗോള്‍ നേടിയത്.
ഒരു ഘട്ടത്തില്‍ കയ്യാങ്കളിയിലേക്ക് വരെ നീണ്ട മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമിനും ഗോള്‍ നേടാനായിരുന്നില്ല. ആദ്യ പകുതിക്കിടെ ലഭിച്ച സുവര്‍ണാവസരം സുനില്‍ ഛേത്രിക്ക് മുതലാക്കാനുമായില്ല.
മത്സരം സമനിലയിലേക്ക് നീങ്ങവെ 85-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. ഇതോടെ താരത്തിന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 83 ആയി. എന്നാല്‍ ഈ ഗോളിന്റെ ആവേശമടങ്ങും മുമ്പ് 88-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് അഫ്ഗാന് ഗോള്‍ മടക്കി. ഹെഡറിലൂടെ സുബൈര്‍ അമിരിയാണ് ഗോള്‍ നേടിയത്.
എന്നാല്‍ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മലയാളിത്തിളക്കത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. ആഷിഖ് കുരുണിയന് നല്കിയ പാസില്‍ നിന്ന് സഹലിന്റെ വലംകാലനടി വലയിലെത്തിയതോടെ ഇന്ത്യയ്ക്ക് ആവേശ ജയം. മത്സര ശേഷവും അഫ്ഗാന് താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തുംതള്ളുമുണ്ടായി.
ഇതോടെ എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ രണ്ടാം ജയത്തോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ, കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.