Type Here to Get Search Results !

സ്കൂൾ സിലബസ് ഉടച്ചുവാ‍ർക്കാൻ സർക്കാർ: പ്രീ പ്രൈമറി മുതൽ ഹയ‍ർ സെക്കണ്ടറി വരെ സമൂലമാറ്റം

തിരുവനന്തപുരം:15 വർഷത്തിന് ശേഷം സംസ്ഥാനത്തെ സ്കൂൾ സിലബസിൽ സമ്പൂർണ അഴിച്ചുപണിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഇന്ന് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ എല്ലാ ക്ലാസുകളിലും സമ്പൂർണ അഴിച്ചു പണി നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കർണാടക അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്കൂൾ സിലബസ് പരിഷ്കരണം വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ദേശീയ പാഠ്യപദ്ധതി 2005-ൻ്റെ ഭാഗമായി 2007-ലാണ് കേരളത്തിൽ ഏറ്റവും ഒടുവിൽ പാഠ്യപദ്ധതി പരിഷ്കരണം നടന്നത്. കണ്ണൂർ സർവ്വകലാശാലയിലെ സിലബസ് റഫറൻസ് പുസ്തകങ്ങളെ ചൊല്ലി വരെ വിവാദമുണ്ടായ സാഹചര്യത്തിൽ പുതിയ പരിഷ്കാരങ്ങൾ ഏതു നിലയിലാവും എന്ന കാര്യത്തിൽ ആകാംഷ തുടരുന്നു. 




വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിയുടെ വാക്കുകൾ -


_സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം കുറിക്കുകയാണ്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ എല്ലാ ക്ലാസുകളിലും സിലബസ് പരിഷ്കരണം നടത്തും. ഇതിനു മുന്നോടിയായുള്ള സംസ്ഥാന തല ആശയശിൽപശാല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജൂണ് 26-ന് തിരുവനന്തപുരത്ത് നടക്കുന്ന ശിൽപശാലയിൽ  പുതുതായി തെരഞ്ഞെടുക്കപ്പെട്ട  കരിക്കുലം കമ്മിറ്റി അംഗങ്ങളും കോർ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. നാളെ നടക്കുന്ന കരിക്കുലം കോർ കമ്മിറ്റിയുടെ സംയുക്ത യോഗത്തിൽ പരിഷ്കരണത്തിൻ്റെ രൂപരേഖ തയ്യാറാക്കും. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ചു കൊണ്ടുള്ള അക്കാദമിക് പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തൊഴിൽ രംഗത്തും സങ്കേതിക രംഗത്തുമുണ്ടായ മാറ്റങ്ങൾ സിലബസ് പരിഷ്കരണത്തിലും ഉണ്ടാവും. _


ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകൻമാരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയതിന് എതിരെ കർണാടകയിൽ കോൺഗ്രസൻ്റെ നേതൃത്വത്തിൽ ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞ ഗുരു , ജാതിവിവേചനത്തിനെതിരായ പോരാട്ട മുഖം പെരിയാര്‍ രാമസ്വാമി നായ്ക്കര്‍..ഇരുവരെയും കുറിച്ചുള്ള മുഴുവന്‍ ഭാഗങ്ങളും പത്താം ക്ലാസ് സാമൂഹ്യപാഠപുസ്തകത്തിൽ നിന്നും കർണാടക വിദ്യാഭ്യാസവകുപ്പ്  പിന്‍വലിച്ചിരുന്നു.


ശിവിഗിരി തീര്‍ത്ഥാടനത്തിനിടെ ഗുരുവിനെ വാഴ്ത്തിയ മോദിയുടെ പ്രസംഗം നാടകമാണെന്ന് തെളിഞ്ഞെന്ന് ഈ നടപടിയെ വിമർശിച്ചു കൊണ്ട് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് കർണാടകയിലെ ബില്ലവ സമുദായ വിഭാഗങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സിലബസ് പരിഷ്കരണ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി എന്നായിരുന്നു കർണാടക സർക്കാരിൻ്റ വിശദീകരണം


നാരാണയഗുരുവിനും പെരിയാർ രാമസ്വാമിക്കും പകരം ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്‍റെ പ്രസംഗമാണ് കർണാടകയിലെ സിലബസിൽ ഉള്‍ക്കൊള്ളിച്ചത്. സാമൂഹിക പരിഷ്കര്‍ത്താക്കളും നവോത്ഥാനപ്രസ്താനങ്ങളും എന്ന പാഠഭാഗത്തിലാണ് മാറ്റം വരുത്തിയത്. ടിപ്പുവിനെക്കുറിച്ചും ഭഗത് സിങ്ങിനെയും കുറിച്ചുള്ള ഭാഗങ്ങള്‍ നേരത്തെ വെട്ടിചുരുക്കിയിരുന്നു. ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തില്‍ ശ്രീനാരായണ ഗുരുവിനെകുറിച്ച് ചെറിയ ഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


അപ്പോഴും അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പൊരുതിയ ഭാഷാപണ്ഡിതന്‍ തന്തൈ പെരിയാറിനെകുറിച്ച് ഒരു വരി പോലും ചരിത്രപഠനത്തിന്‍റെ ഭാഗമായില്ല. രാജാ റാം മോഹന്‍ റോയ്, ദയാനന്ദ സരസ്വതി, രാമ കൃഷ്ണ പരമഹംസന്‍, വിവേകാനന്ദന്‍ , ആനി ബസന്‍റു, സയിദ് അഹമ്മദ് ഖാന്‍ എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങള്‍ക്ക് മാറ്റമില്ല. പുതിയ സിലബസ് അനുസരിച്ചുള്ള പുസ്തകം ഉടന്‍ അച്ചടിക്കാനാണ് കർണാടക സർക്കാർ നൽകിയ നിർദേശം.


കർണാടകയെ കൂടാതെ ഹിമാചലലിലും ഗുജറാത്തിലും രാജസ്ഥാനിലും സിലബസ് മാറ്റം ഇതിനോടകം വിവാദമുണ്ടാക്കിയിട്ടുണ്ട്. 9-ാം ക്ലാസ് ചരിത്ര പുസ്തകത്തിൽ കോൺഗ്രസിന്റെ പ്രീണന നയത്തെക്കുറിച്ചുള്ള പുതിയപാഠഭാഗങ്ങൾ ഹരിയാന സർക്കാർ ഉൾപ്പെടുത്തിയിരുന്നു. 6 മുതൽ 10 വരെയുള്ള ക്ലാസ് സിലബസിൽ 'ഭഗവദ് ഗീത'യുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഗുജറാത്ത് സർക്കാരിൻ്റെ സിലബസ് പരിഷ്കാരം. രാജസ്ഥാനിൽ, രണ്ട് പാർട്ടികളും മാറിമാറി അധികാരത്തിൽ വരുന്നതിനാൽ ഓരോ അഞ്ച് വർഷത്തിലും പാഠപുസ്തകങ്ങൾക്ക് രാഷ്ട്രീയ മാറ്റം സംഭവിക്കുന്നുണ്ടെന്ന വിമർശനം ശക്തമാണ്. ഹിമാചൽ പ്രദേശിലെ 9-ാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ 1947-ലെ ഇന്ത്യയുടെ വിഭജനത്തിന് കോൺഗ്രസിന്റെ "അധികാരത്തോടുള്ള അത്യാഗ്രഹം" ഒരു കാരണമായി പറയുന്നുണ്ട്.


രാജസ്ഥാനിലേത് പോലെ വിരുദ്ധ ചേരിയിലുള്ള രാഷ്ട്രീയ മുന്നണികൾ മാറി മാറി വരുന്നുണ്ടെങ്കിലും കേരളത്തിൽസിലബസിനെ ചൊല്ലി കാര്യമായ വിവാദങ്ങളുണ്ടായിട്ടില്ല. എന്നാൽ 2007-ൽ എംഎ ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് മതമില്ലാത്ത ജീവൻ എന്ന ഏഴാം ക്ലാസിലെ പാഠഭാഗത്തെ ചൊല്ലി യുഡിഎഫും ന്യൂനപക്ഷ സംഘടനകളും കേരളത്തിൽ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. 


കാലഘട്ടത്തിനും പുതിയ മാറ്റങ്ങൾക്കും അറിവുകൾക്കും അനുസരിച്ച് പാഠഭാഗങ്ങൾ പരിഷ്കരിക്കപ്പെടണം എന്നു തന്നെയാണ് എല്ലാ വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും അഭിപ്രായം. എന്നാൽ കുട്ടികൾ പഠിക്കുന്ന പാഠപുസ്തകങ്ങളെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധക്കളമാക്കി മാറ്റുന്നതിനെ അക്കാദമിക് സമൂഹമാകെ ഒറ്റക്കെട്ടായിട്ടാണ് എതിർക്കുന്നത്.  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad