Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️സ്വര്‍ണ്ണ - ഡോളര്‍ കടത്ത് ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ വിവാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'വിരട്ടാനൊന്നും നോക്കേണ്ട, ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല, തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും,' നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയും കുടുംബവും കറന്‍സി കടത്തിന്റെ ഭാഗമായി എന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം.


◼️ഏത് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താന്‍ കഴിയില്ല എന്ന് കെ.ടി ജലീല്‍. അക്കാര്യത്തില്‍ 101 ശതമാനം ഉറപ്പുണ്ടെന്നും, 'അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാന്‍' എന്നും കെ..ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.


◼️ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.  


◼️സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് ശേഷം മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ബിരിയാണി ചെമ്പില്‍ വലിയ സംശയങ്ങള്‍ ഉയരുന്നുവെന്നും വി.മുരളീധരന്‍ ആരോപിച്ചു. ഇടനിലക്കാരനുമായി 36 തവണ വിജിലന്‍സ് മേധാവി സംസാരിച്ചത് എന്തിനെന്ന് വ്യക്തമാക്കണം, മുന്‍ വിജിലന്‍സ് മേധാവി എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ സ്വന്തം ആളാണെന്നും മുരളീധരന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം തുടരുമെന്നും വി.മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു.


◼️സര്‍ക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും തമിഴ്നാട്ടില്‍. ഫോണില്‍ നിന്ന് ഡിലീറ്റ് ആയ സ്വപ്നയുമായുള്ള ചര്‍ച്ചയുടെ വീഡിയോ തിരിച്ചെടുക്കാനാണ് തമിഴ്‌നാട്ടില്‍ പോയതെന്നും, നാളെ അത് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ഇവർ പറഞ്ഞു. ബിലീവേഴ്സ് ചര്‍ച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ഗുരുതര ആരോപണം പുറത്തുവന്ന ഓഡിയോയിലുണ്ട്. ഷാജ് കിരണിന്റെ ആരോപണങ്ങളില്‍ ബിലീവേഴ്സ് ചര്‍ച്ച് അധികൃതര്‍ ഇന്ന് പരാതി നല്‍കിയേക്കും. അതിനിടയില്‍ മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഷാജ് കിരണിനെ അടുത്താഴ്ച ചോദ്യം ചെയ്യും എന്നും റിപ്പോര്‍ട്ടുകളുണ്ട്.


◼️സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ സംസ്ഥാന വിജിലന്‍സ് മേധാവിയെ മാറ്റിയതിന് വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സ് മേധാവിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചില നടപടികള്‍ക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്, അത്തരം ചെയ്തികളോട് സര്‍ക്കാര്‍ യോജിക്കുന്നില്ല അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയതെന്നും, സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടിയല്ല പകരം സര്‍ക്കാരാണെന്നും, കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി പറഞ്ഞു.


◼️ലോക കേരള സഭയുടെ രൂപീകരണം മുതല്‍ ഭീമമായ തുക കോഴ വാങ്ങിയാണ് പല സഭാംഗങ്ങളെയും നിയമിച്ചിട്ടുള്ളതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന്‍ മുഖേനയാണ് പല പ്രാഞ്ചിയേട്ടന്മാര്‍ക്കും അംഗത്വം ലഭിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചാണ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളതെന്നും അംഗത്വ പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥസമിതി ഒരു നോക്കുകുത്തി മാത്രമാണെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.


◼️കായംകുളം സ്‌കൂളില്‍ നിന്നും കൊട്ടാരക്കര അംഗനവാടിയില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ സാമ്പിള്‍ പരിശോധനാ ഫലം പുറത്ത്. രണ്ടിടത്തെയും ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. കായംകുളം സ്‌കൂളിലെ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചു. അരിയില്‍ പ്രാണികളുടെ അവശിഷ്ടങ്ങളും മുളകില്‍ പൂപ്പലും കണ്ടെത്തി. കൊട്ടാരക്കര അങ്കണവാടിയിലെ കുട്ടികള്‍ക്ക് വിതരണം ചെയ്ത അരി, പയര്‍, റവ എന്നിവയിലും പ്രാണികളെ കണ്ടെത്തി. സംഭവത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.


◼️സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പോക്സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി .ലൈംഗിക പീഡന കേസുകളില്‍ ശിക്ഷ ശക്തമാക്കി ഐപിസി 376ആം വകുപ്പില്‍ കൊണ്ടുവന്ന ഭേദഗതിയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.


◼️സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്ന സുരേഷിന് ശാരീരികാസ്വാസ്ഥ്വം. ഇന്ന് സ്വപ്ന പാലക്കാട് ഓഫീസില്‍ എത്തില്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. രണ്ട് ദിവസത്തെ വിശ്രമം സ്വപ്നയ്ക്ക് ആവശ്യമാണ്, ഇന്ന് മാധ്യമങ്ങളെ കാണാന്‍ ഉദേശിക്കുന്നില്ലെന്നും അറിയിച്ചു.


◼️കോഴിക്കോട്ടെ കൂളിമാട് പാലത്തിന്റെ തകര്‍ച്ച സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തള്ളിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തത തേടുകയാണ് ചെയ്തതെന്നും മന്ത്രി മുഹമ്മദ് റിയാസ്. ഏത് തരം പിഴവാണെങ്കിലും പരിഹരിക്കപ്പെടണം, ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുള്‍പ്പടെ പരിശോധിക്കപ്പെടും.


◼️അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ, വിചാരണ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുംവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യമെന്ന് മധുവിന്റെ അമ്മ പറഞ്ഞു.


◼️അഞ്ചലില്‍ വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായ ഫര്‍ഹാനെന്ന രണ്ടരവയസ്സുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തടിക്കാട് സ്വദേശികളായ അന്‍സാരി - ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്തിയില്ല.


◼️മുഖ്യമന്ത്രിയുടെ സഹോദരന്റെ മകനില്‍ നിന്നും വധഭീഷണി നേരിടുന്നതിനാല്‍ പേടിയോടെയാണ് കണ്ണൂരില്‍ കഴിയുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ശിവദാസന്‍ കരിപ്പാല്‍. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ബന്ധു സി സത്യന്‍, റിപ്പോര്‍ട്ടറായ മനോജ് കരിപ്പാലിന്റെ വാട്സാപ്പില്‍ വധഭീഷണി സന്ദേശം അയച്ചത്. പൊലീസിനെ സമീപിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം എടുക്കുമെന്നും ശിവദാസന്‍ പറഞ്ഞു.


◼️സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തി. എസ് പി മധുസൂദനാണ് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദംചെലുത്തിയെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. ക്രൈം നന്ദകുമാറും സ്വപ്നയും പി.സി ജോര്‍ജും എറണാകുളത്ത് കൂടികാഴ്ച നടത്തിയെന്നും മൊഴിയിലുണ്ട്.


◼️കോഴിക്കോട് കോട്ടുളി പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ആക്രമിച്ച് ബന്ദിയാക്കിയ ശേഷം കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പിടിയില്‍. ഇയാള്‍ നേരത്തെ ഇതേ പമ്പില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്.


◼️അയല്‍വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പാലക്കാട് കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസ്. വീട്ടമ്മയുടെ പരാതിയെതുടര്‍ന്ന് പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്.


◼️സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 61 ശതമാനം കുറവ്. കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് മഴയുടെ അളവില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ടിടങ്ങളിലും കാലവര്‍ഷ മഴയില്‍ 85 ശതമാനം കുറവുണ്ടായി. 182.2 മില്ലീമീറ്റര്‍ മഴ കിട്ടേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലീമീറ്റര്‍ മഴയാണ്.


◼️ലത്തീന്‍ സഭയുടെ ഭാഗമായ സെന്റ് റോസെല്ല മഠത്തിലെ അഴിമതിക്കും അതിക്രമങ്ങള്‍ക്കും എതിരെ സിസ്റ്റര്‍ എല്‍സീനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍വെന്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്. മഠത്തിനെതിരെ പരാതി നല്‍കിയതിനെതുടര്‍ന്ന് മഠം അധികൃതര്‍ ക്രൂരമായി മര്‍ദ്ദിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കന്യാസ്ത്രീയെ പ്രവേശിപ്പിച്ചിരുന്ന മൈസൂരു സെന്റ് മേരീസ് മാനസികാരോഗ്യ കേന്ദ്രത്തിലും പൊലീസ് സംഘമെത്തി പരിശോധന നടത്തി. മര്‍ദ്ദനമേറ്റതിന്റെ പാടുകളുമായി നേരിട്ട് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും തുടക്കത്തില്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് തുടര്‍നടപടി സ്വീകരിക്കാനാരംഭിച്ചത്.  


◼️രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി. തെരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളില്‍ 9 എണ്ണം ബിജെപി ജയിച്ചു. ഹരിയാനയിലെ രണ്ട് സീറ്റുകളും എന്‍ഡിഎ ജയിച്ചു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും 3 സീറ്റ് വീതം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് മൊത്തം 5 സീറ്റില്‍ ജയിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയി ബിജെപിക്ക് വോട്ട് ചെയ്തു. ഹരിയാനയിലെ അജയ് മാക്കന്റെ തോല്‍വി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്‍സിപി-ക്കും ശിവസേനയ്ക്കും മഹാരാഷ്ട്രയില്‍ ഒരോ സീറ്റ് വീതം ലഭിച്ചു.


◼️നബി വിരുദ്ധ പരാമര്‍ശത്തിനെതിരെ റാഞ്ചിയില്‍ ഉണ്ടായ പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഇതില്‍ നടന്ന വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു, 11 പ്രതിഷേധക്കാര്‍ക്കും 12 പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. വെടിവെപ്പിനെകുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. റാഞ്ചിയിലും കൊല്‍ക്കത്ത ഹൗറയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.


◼️ഇസ്ലാം മതത്തെയും മുസ്ലീങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ടെലിവിഷന്‍ സംവാദങ്ങളില്‍ പങ്കെടുക്കരുതെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ഇസ്ലാമിക പണ്ഡിതന്മാരോടും ബുദ്ധിജീവികളോടും അഭ്യര്‍ഥിച്ചു. ടി.വി ചര്‍ച്ചക്കിടെ ബിജെപി വക്താവ് നൂപുര്‍ ശര്‍മ പ്രവാചകനെതിരേ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് ലോ ബോര്‍ഡിന്റെ ഈ നിര്‍ദേശം.


◼️ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ വിവിധയിടങ്ങളിലുണ്ടായ പ്രതിഷേധത്തെ തസ്ലീമ നസ്റിന്‍ അപലപിച്ചു. ''ഇന്ന് മുഹമ്മദ് നബി ജീവിച്ചിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള മുസ്ലീം മതഭ്രാന്തന്മാരുടെ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ'' - ബംഗ്ലാദേശി എഴുത്തുകാരന്‍ ട്വീറ്റ് ചെയ്തു.


◼️ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ-യുമായി ലിങ്ക് ചെയ്യാന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇനിമുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് യുപിഐ വഴി പണം അടയ്ക്കാം. ഇതുവരെ ഡെബിറ്റ് കാര്‍ഡ് വഴിയായിരുന്നു യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നത്. ഇനി മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നടത്തുന്നതുപോലെതന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും നടത്താം


◼️ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. കൊല്‍ക്കത്തയില്‍ രാത്രി എട്ടരയ്ക്കാണ് മത്സരം.


◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. 480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38,680 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4835 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 50 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3995 രൂപയാണ്.  


◼️ഇന്ത്യന്‍ ഐ.ടി രംഗത്ത് ഏറ്റവുമുയര്‍ന്ന വേതനം പറ്റുന്ന വ്യക്തിയെന്ന പട്ടം ചൂടി വിപ്രോ സി.ഇ.ഒയും ഫ്രഞ്ച് പൗരനുമായ തിയേറി ഡെലപോര്‍ട്ട്. 2021-22ല്‍ 79.8 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ വേതനം. 2020-21ല്‍ വാര്‍ഷിക ശമ്പളം 64.3 കോടി രൂപയായിരുന്നു. അതുപക്ഷേ, 9 മാസത്തെ വേതനം മാത്രമായിരുന്നു. 2020 ജൂലായിലാണ് അദ്ദേഹം വിപ്രോ സി.ഇ.ഒ ആയത്. ഇന്‍ഫോസിസ് സി.ഇ.ഒ സലില്‍ പരേഖ് 71 കോടി രൂപയും ടി.സി.എസ് സി.ഇ.ഒ രാജേഷ് ഗോപിനാഥന്‍ 25.77 കോടി രൂപയുമാണ് കഴിഞ്ഞവര്‍ഷം വാങ്ങിയത്.


◼️ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് 'തിരുചിത്രമ്പലം'. മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളുടെ ഒരാളുടെകൂടി ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. നിത്യ മേനെന്റെ ലുക്കാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. 'ശോഭന' എന്ന കഥാപാത്രത്തെയാണ് നിത്യ മേനെൻ അവതരിപ്പിക്കുന്നത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.


◼️പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘അറ്റ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ടെക്നോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. ഇന്റര്‍നെറ്റ് ലോകത്തെ ചതിക്കുഴികളും ഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ നെറ്റ്വര്‍ക്കുകളുമൊക്കെ ചര്‍ച്ച ചെയ്യുന്ന ഒരു ഹൈടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങുന്ന ആദ്യ ടീസറാണ് ഇത്. അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മകനാണ് ആകാശ് സെന്‍. ഷാജു ശ്രീധര്‍, ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.


◼️‘ടിവിഎസ് മോട്ടോര്‍ കമ്പനി' അതിന്റെ ജനപ്രിയ 125 സിസി സ്‌പോര്‍ട്ടി സ്‌കൂട്ടറായ ‘എന്‍ടോര്‍ക്കി'ന്റെ പുതിയ 'എക്‌സ്ടി' വേരിയന്റ് അടുത്തിടെയാണ് പുറത്തിറക്കിയത്. 1.03 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഒരു മാസത്തിനകം അതിന്റെ വില 6,000 രൂപ കുറഞ്ഞു. വില പരിഷ്‌കരണത്തിന് ശേഷം, ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടി-യുടെ ദില്ലി എക്‌സ്‌ഷോറൂം വില 97,061 രൂപയാണ്. ഏറ്റവും ചെലവേറിയ രണ്ടാമത്തെ വേരിയന്റായ റേസ്എക്‌സ്പിയേക്കാള്‍ ഏകദേശം 8,000 രൂപ ഇപ്പോഴും കൂടുതലാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad