Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെന്റുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ സായുധ സേനകള്‍ക്കു നിര്‍ദ്ദേശം നല്‍കി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. അഗ്നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ പത്തു ശതമാനം സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. നിയമനത്തിനുള്ള പ്രായപരിധിയില്‍ മൂന്നു വര്‍ഷം ഇളവു നല്‍കും. ഈ വര്‍ഷം അഗ്നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് അഞ്ചു വയസിന്റെ ഇളവുണ്ടാകും.


◼️'അഗ്‌നിപഥ്' എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് കൂറ്റന്‍ റാലി നടത്തി. വിവിധ ജില്ലകളില്‍നിന്ന് എത്തിയ ആയിരത്തോളം ഉദ്യോഗാര്‍ത്ഥികളാണ് റാലി നടത്തുന്നത്. 'അഗ്‌നിപഥ്' പിന്‍വലിക്കണമെന്നും, ആര്‍മി കംബൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. കോഴിക്കോട്ടും അഗ്‌നിപഥിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. 


◼️അഗ്‌നിപഥിനെതിരായ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കരസേനാമേധാവി മനോജ് പാണ്ഡേ, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് വി ആര്‍ ചൗധരി, ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ എന്നിവര്‍ അടക്കം പങ്കെടുക്കുന്ന ഉന്നതതലയോഗത്തില്‍ പ്രതിഷേധങ്ങള്‍ക്കിടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ എങ്ങനെ നടപ്പാക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യും.


◼️സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ആവശ്യം തള്ളി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. തന്നെക്കുറിച്ചും രഹസ്യമൊഴിയില്‍ സ്വപ്ന പറയുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായര്‍ കോടതിയെ സമീപിച്ചത്.


◼️സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേസില്‍ ബിജെപി - പിണറായി സെറ്റില്‍മെന്റുണ്ടായിയെന്നും ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്ന് വരെ ഭീഷണിയുണ്ടായിയെന്നും ക്രിമിനലുകളെ പാര്‍ട്ടി തലപ്പത്ത് ഇരുത്തിയിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.


◼️സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിനെതിരേ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. വിജിലന്‍സ് പിടികൂടിയ ഏഴു പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൂടുതല്‍ പരിശോധനകള്‍ വിജിലന്‍സിന്റെ സഹായത്തോടെ നടത്താനാണ് തീരുമാനം.


◼️പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലായ് ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ.ക്കാര്‍ക്കുകൂടി അവസരം ലഭിക്കും വിധം പ്രവേശന ഷെഡ്യൂള്‍ തയ്യാറാക്കും. ഹയര്‍സെക്കന്‍ഡറി ഫലപ്രഖ്യാപനത്തിനുശേഷം 21-ന് ചേരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗത്തില്‍ രൂപരേഖ തയ്യാറാക്കും.


◼️കോഴിക്കോട് കോര്‍പറേഷന്‍ പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടത്തിന് നമ്പര്‍ ഇട്ടു നല്‍കിയ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ നടപടി. കോര്‍പറേഷനിലെ നാലു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം. ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നത്. അടുത്തിടെ അനുമതി നല്‍കിയ മുഴുവന്‍ കെട്ടിടങ്ങളുടെയും രേഖകള്‍ പരിശോധിക്കാനും കോര്‍പറേഷന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


◼️ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെതിരേ വ്യവസായി എംഎ യൂസഫലി നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുന്നത് ധൂര്‍ത്താണെന്ന് യുഡിഎഫ് നേതാക്കളാരും എവിടെയും പറഞ്ഞിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ലോക കേരളസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് യൂസഫലിയെ അറിയിച്ചിരുന്നുവെന്നും കാര്യങ്ങളെല്ലാം മനസിലാക്കിയിട്ടും അദ്ദേഹം ഇത്തരത്തില്‍ പ്രതികരണം നടത്തിയത് ശരിയായ നടപടിയല്ലെന്നും സതീശന്‍ പറഞ്ഞു.


◼️ലോക കേരള സഭയില്‍ കണ്ണീര്‍വിശേഷങ്ങളുമായി ഒമാനില്‍ വീട്ടുജോലി ചെയ്യുന്ന മലയാളി എലിസബത്ത് ജോസഫ്. എച്ചിലില്‍നിന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന ജീവിത കഥ എലിസബത്ത് അവതരിപ്പിച്ചപ്പോള്‍ ലോക കേരള സഭ കണ്ണീരോടെയാണു കേട്ടത്. എലിസബത്തിന്റെ വാക്കുകള്‍ കേട്ട് മന്ത്രി വീണാ ജോര്‍ജ്ജ് അവരുടെ അടുത്തെത്തി ആശ്വസിപ്പിച്ചു.


◼️കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡ്രൈവര്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.


◼️തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചയാള്‍ക്ക് എതിരെ കേസ്. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലെ ഡ്രൈവറായ മുരളിക്കെതിരെയാണ് കേസെടുത്തത്.


◼️വാഹന പരിശോധനക്കിടെ മോഷ്ടിച്ച വാഹനങ്ങളിലെത്തിയ യുവാവിനെയും പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെയും കോവളം പൊലീസ് പിടികൂടി. കോട്ടുകാല്‍ കുഴിവിളക്കോണം കോളനിയില്‍ സൂരജും (21) പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരനുമാണ് അറസ്റ്റിലായത്.


◼️അഗ്‌നിപഥിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പദ്ധതി ദേശസുരക്ഷയെയും പ്രതിരോധ സേനയെയും എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചും പരിശോധിക്കണമെന്നും ഹര്‍ജിയില്‍ അവശ്യമുണ്ട്. 


◼️അഗ്‌നിപഥ് സ്‌കീമിനെതിരെ സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍മി ട്രെയിനിംഗ് നല്‍കുന്ന സെന്ററിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. 


◼️അഗ്‌നിപഥിനെതിരെ രാജ്യവ്യാപകമായുണ്ടാകുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍. സിപിഎമ്മും കോണ്‍ഗ്രസുമാണ് പിന്തുണ പ്രഖ്യാപിച്ചത്. കര്‍ഷക രോഷത്തിനു മുന്നില്‍ കീഴടങ്ങിയതു പോലെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നിലും മോദിക്കു മുട്ടുമടക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 


◼️കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശ്വാസനാളിയിലെ അണുബാധ കുറഞ്ഞു. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് സോണിയ.


◼️അടിസ്ഥാന സൗകര്യ വികസനത്തില്‍ 'ഗുണനിലവാരം' വര്‍ധിപ്പിക്കാനും ഗവേഷണത്തിനും സാങ്കേതികവിദ്യകള്‍ക്കുമായി ഇന്നൊവേഷന്‍ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസിന്റെ 222-മത് മിഡ്-ടേം കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐഐടികളുടെയും ലോകത്തിലെ ആഗോള സ്ഥാപനങ്ങളുടെയും സഹായത്തോടെ ഐആര്‍സി ഒരു ലോകോത്തര അത്യാധുനിക ലബോറട്ടറി വികസിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.


◼️ദേശീയ പാതകളുടെ നീളം 2014 ലെ 91,000 കിലോമീറ്ററില്‍ നിന്ന് 1.47 ലക്ഷം കിലോമീറ്ററായി 50 ശതമാനത്തിലധികം വര്‍ധിച്ചതായി മന്ത്രി നിധിന്‍ ഗഡ്ഗരി പറഞ്ഞു. 2025 ആകുമ്പോഴേക്കും ദേശീയ പാത ശൃംഖല രണ്ടു ലക്ഷം കിലോമീറ്ററായി വികസിപ്പിക്കും.


◼️നൂറാം ജന്മദിനമാഘോഷിക്കുന്ന അമ്മയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീട്ടിലെത്തി. അമ്മ ഹീരാബെന്‍ മോദിയുടെ ജന്മദിനമായ ഇന്ന് ഗാന്ധിനഗറിലെ വീട്ടിലെത്തിയാണ് മോദി ആശംസകള്‍ നേര്‍ന്നത്.


◼️ബോളിവുഡ് സിനിമാ സംവിധായകനും നിര്‍മാതാവുമായ ബാല്‍ദേവ് രാജ് ചോപ്ര (ബി.ആര്‍. ചോപ്ര) യുടെ കുടുംബവീട് 183 കോടി രൂപയ്ക്ക് വിറ്റു. കെ. റഹേജ കോര്‍പ്പറേഷനാണ് ഈ വീട് വാങ്ങിയത്.


◼️ജമ്മു കാഷ്മീരില്‍ പൊലീസ് സബ് ഇന്‍സ്പെക്ടറെ ഭീകരര്‍ വെടിവെച്ച് കൊന്നു. സാമ്പോറ എസ് ഐ ഫറൂഖ് അമിര്‍ ആണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലാണ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ നിലയില്‍ എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്.


◼️വാട്‌സ് ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഒരുങ്ങുന്നു. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുക, പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാക്കാനാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് പദ്ധതിയിടുന്നത്. 2018ലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പേയ്‌മെന്റ് ബാങ്കിന് തുടക്കമിട്ടത്. വരുന്ന 60 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ ഇന്ത്യ പോസ്റ്റ് ബാങ്ക് നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. പുതിയ അക്കൗണ്ട് ആരംഭിക്കല്‍, അക്കൗണ്ട് ബാലന്‍സ്, പാസ്വേര്‍ഡും പിന്ന്ും മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ ആദ്യഘട്ടമായി വാട്‌സ് ആപ്പിലൂടെ ലഭ്യമാക്കാനാണ് ഒരുങ്ങുന്നത്. ശമ്പളം വീട്ടുപടിക്കല്‍ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വാട്‌സ് ആപ്പിന്റെ സഹായം തേടാനാണ് ഇന്ത്യ പോസ്റ്റ് ആലോചിക്കുന്നത്.


◼️ക്രിപ്‌റ്റോകറന്‍സികള്‍ ആഗോളതലത്തില്‍ തകര്‍ച്ചയുടെ ട്രാക്കിലായതോടെ വിവിധ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ക്കും ലിസ്റ്റഡ് കമ്പനികള്‍ക്കും നഷ്ടമായത് ശതകോടികള്‍. ബിറ്റ്‌കോയിന്റെ വീഴ്ചയാണ് മുഖ്യ തിരിച്ചടി. 60,000 ഡോളറിനുമേലുണ്ടായിരുന്ന ബിറ്റ്‌കോയിന്‍ വില കഴിഞ്ഞവാരം 20,000 ഡോളര്‍ നിരക്കിലേക്ക് തകര്‍ന്നിരുന്നു. ഒരു ബിറ്റ്‌കോയിന്റെ ഇന്ത്യയിലെ വിപണിമൂല്യം 55 ലക്ഷം രൂപയില്‍ നിന്ന് ഇടിഞ്ഞത് 17.84 ലക്ഷം രൂപയിലേക്ക്. ആഗോളതലത്തില്‍ ക്രിപ്‌റ്റോവിപണി മൂല്യം ഒരുലക്ഷം കോടി ഡോളറില്‍ നിന്ന് 98,300 കോടി ഡോളറിലേക്ക് ഇടിഞ്ഞു. ക്രിപ്‌റ്റോ വീഴ്ചയില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടവര്‍ യുക്രെയിന്‍ (125 കോടി), എല്‍ സാല്‍വദോര്‍ (4.68 കോടി), ടെസ്ല (30.98 കോടി), മൈക്രോ സ്ട്രാറ്റജി (76.61 കോടി).


◼️സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിവാഹ ആവാഹനം'. ചിത്രത്തിലെ നായകനായ നിരഞ്ജ് മണിയന്‍ പിള്ളയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'അരുണ്‍' എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. യാഥാര്‍ത്യ സംഭവങ്ങളെ ഉള്‍കൊള്ളിച്ച് ഒരുക്കിയ ചിത്രത്തില്‍ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്. അജു വര്‍ഗീസ്, പ്രശാന്ത് അലക്സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.


◼️വിഖ്യാത ഹോളിവുഡ് നടി മര്‍ലിന്‍ മണ്‍റോയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ബ്ലോണ്ട് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ആന്‍ഡ്ര്യൂ ഡൊമിനിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനാ ഡെ അര്‍മാസ് ആണ് മര്‍ലിന്‍ മണ്‍റോയായി എത്തുക. ജോയ്സ് കരോളിന്റെ ഫിക്ഷന്‍ നോവലായ ബ്ലോണ്ട് ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. സെപ്റ്റംബര്‍ 23ന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തും. അഡ്രിന്‍ ബ്രോഡി മെര്‍ലിന്റെ ഭര്‍ത്താവും നാടകകൃത്തുമായ ആര്‍തര്‍ മില്ലറായും ബോബി കന്നാവാലെ മുന്‍ ഭര്‍ത്താവായ ജോ ഡിമാജിയോയായും വേഷമിടും. മോണോസ് നടി ജൂലിയന്‍ നിക്കോള്‍സണ്‍ മെര്‍ലിന്റെ അമ്മ ഗ്ലാഡിസ് പേള്‍ ബേക്കറിനെ അവതരിപ്പിക്കും.


◼️ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അടുത്തിടെയാണ് രാജ്യത്ത് നവീകരിച്ച വെന്യു അവതരിപ്പിച്ചത്. 7.53 ലക്ഷം മുതല്‍ 12.57 ലക്ഷം രൂപ വരെയാണ് പുതിയ 2022 ഹ്യുണ്ടായ് വെന്യു ഫെയ്സ്ലിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില. ഫെയ്സ്ലിഫ്റ്റ് ചെയ്ത വെന്യുവിന് ഔദ്യോഗിക ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ 15,000 ബുക്കിംഗുകള്‍ നേടാന്‍ കഴിഞ്ഞതായി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വേരിയന്റും ഉപഭോക്താവിന്റെ സ്ഥാനവും അനുസരിച്ച് പുതിയ ഹ്യുണ്ടായ് വെന്യു ഫെയ്സ്ലിഫ്റ്റിന് മൂന്ന് മാസം വരെ കാത്തിരിപ്പ് കാലയളവുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി.

ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad