Type Here to Get Search Results !

പ്രഭാത വാർത്തകൾ◼️മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം വിമാനത്തിലും. കെപിസിസി ആസ്ഥാനത്തിനു നേരെ കല്ലേറ്. സംസ്ഥാനമൊട്ടാകെ വ്യാപക അക്രമം. തലസ്ഥാനം കലാപഭൂമിയായി. സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം.


◼️കനത്ത സുരക്ഷക്കിടയിലും മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം. വിമാനത്തിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ അടുത്തേക്കു മുദ്രാവാക്യം വിളിയുമായി നീങ്ങിയ ഇവരെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിയിട്ടു. പ്രതിഷേധക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.


◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം, മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ പറഞ്ഞു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ ആക്രമിച്ചെന്നും മുഖ്യമന്ത്രിയുടെ പി.എ വി.എം സുനീഷ് പ്രതികരിച്ചു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


◼️കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തില്‍ ഇന്നലെയുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്തിനുള്ളിലെ ആക്രമണം ആസൂത്രിതമാണ്. സംഭവത്തെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണച്ചത് ആസൂത്രണത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കലാപം ലക്ഷ്യമിടുന്ന സമരത്തിന്റെ ഭാഗമാണിത്. നാട്ടിലാകെ കുഴപ്പമുണ്ടാക്കാനും സര്‍ക്കാരിനെ സ്നേഹിക്കുന്നവരെ പ്രകോപിപ്പിക്കാനുമാണ് ശ്രമം. അതിന് ബിജെപിയുടെ പിന്തുണയും ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.


◼️മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമം. തലസ്ഥാന നഗരി കലാപഭൂമിയായി. സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. അക്രമസംഭവങ്ങളെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അതീവജാഗ്രതയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കി.    


◼️കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ആക്രമണത്തില്‍ തകര്‍ന്നു. സിപിഎം പ്രവര്‍ത്തകരുടെ വലിയ സംഘമാണ് ഓഫീസിന് മുന്നിലെത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി ഓഫിസില്‍ ഉള്ളപ്പോഴായിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനുനേരെ അക്രമണമുണ്ടായത്.


◼️മുഖ്യമന്ത്രി പിണറായി വിജയനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് എതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ച് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ വലിച്ചുകീറി. കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ് സംഘര്‍ഷമുണ്ടായി.നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനവും ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘര്‍ഷമുണ്ടായത്.


◼️കണ്ണൂരില്‍ കനത്ത ജാഗ്രത. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചതോടെയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ജില്ലയിലേക്ക് മറ്റിടങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജന്‍സ് വിവരമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഓഫീസുകളുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.  


◼️സമരമെന്ന പേരില്‍ വിമാനത്തിനകത്ത് പോലും മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം നടന്നതായി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കും. പാര്‍ട്ടി സുരക്ഷ ഏറ്റെടുത്താല്‍ ആര്‍ക്കും തടയാനാകില്ല. ഒറ്റയാളും അടുക്കില്ലെന്ന് ഉറപ്പാക്കും. മുഖ്യമന്ത്രിക്ക് എതിരെ സമരം ചെയ്യുന്നത് മഹാത്മാഗാന്ധിയെ വധിച്ചവരാണെന്നും കോടിയേരി പറഞ്ഞു. 


◼️വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവരെ നേരിട്ട സംഭവത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.


◼️മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിനാണ് മന്ത്രിയുടെ നിര്‍ദേശം. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെതിരെയാണ് അന്വേഷണം.


◼️വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എ.എ.റഹീം എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനായിരുന്നു ശ്രമം എന്നും ഇത് സഹയാത്രികരുടെ സുരക്ഷയ്ക്ക് കൂടെ വെല്ലുവിളിയായെന്നും പരാതിയില്‍ ആരോപിക്കുന്നു.


◼️മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഇ പി ജയരാജന്‍ വാ പോയ കോടാലിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി കണ്ണാടിക്കൂട്ടില്‍ നിന്നാലും പ്രതിഷേധിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.


◼️ആക്രമത്തിന്റെ പാതയിലേക്ക് യുഡിഎഫ് പോയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ . പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാന്‍ ഇ പി ജയരാജന്‍ ആരാണെന്ന് ചോദിച്ച കെ സുധാകരന്‍, ഞങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും വെല്ലുവിളിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി യുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെ കല്ലേറുണ്ടായി. സിപിഎം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.


◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തടയുകയും തള്ളിയിടുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം എല്‍ യും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാന്‍ ഇ പി ജയരാജനെ വെല്ലുവിളിച്ച ഷാഫി പറമ്പില്‍ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കില്‍ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം എന്നും ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ പാടില്ലെന്നുണ്ടോയെന്നും വിളിച്ചാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ നേരിട്ട് തല്ലുമോ എന്നും രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.


◼️സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നില്‍ ആര്‍എസ്എസ്,ബിജെപി, യുഡിഎഫ്, ഗൂഡാലോചനയെന്ന് എംഎം മണി. സ്വര്‍ണ്ണക്കടത്തുകാരിയെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തയാളെപ്പോലെയാണ് അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്ന പരിപാടി അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്ക് അറിയാമെന്നും എംഎം മണി പറഞ്ഞു.


◼️സ്വപ്ന സുരേഷിനെതിരെ വീണ്ടും കേസ്. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ , IT 65 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് കേസെടുത്ത്. സിപിഎം നേതാവ് സി പി പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വപ്ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം.


◼️പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണത്. നുണപ്രചരണങ്ങളില്‍ തളരുന്ന ആളല്ല സഖാവ് പിണറായി വിജയന്‍ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുവെന്ന് വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.


◼️സ്വര്‍ണക്കടത്ത് അന്വേഷണം തടസപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. വിഷയം ഉയര്‍ന്നുവന്ന 2020 ല്‍, ഇത് ഗുരുതരമായ വിഷയമാണെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും കേസന്വേഷണത്തില്‍ സഹകരിക്കാം എന്നും പറഞ്ഞു മുഖ്യമന്ത്രി പ്രധാന മന്ത്രിക്ക് കത്തയച്ചു എങ്കിലും തൊട്ടടുത്ത ദിവസം മുതല്‍ കേസന്വേഷണം തടസപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇപ്പോള്‍ സ്വപ്ന സുരേഷ് നിര്‍ണ്ണായക വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.


◼️പ്രവാസി മലയാളികള്‍ക്കായി റവന്യൂ അദാലത്ത് നടത്തുമെന്നു മന്ത്രി കെ രാജന്‍. ആറുമാസത്തിലൊരിക്കല്‍ റവന്യുമന്ത്രി യുഎഇയില്‍ നേരിട്ടെത്തി പരാതികള്‍ സ്വീകരിക്കും. പ്രവാസികള്‍ക്ക് ഭൂനികുതി ഗള്‍ഫിലിരുന്നു അടയ്ക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും മന്ത്രി ദുബൈയില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ യുഎഇയിലായിരിക്കും റവന്യു അദാലത്ത് സംഘടിപ്പിക്കുക.

 

◼️കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച മണിച്ചന്‍ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. തടവുകാരെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു. എങ്കിലും മണിച്ചന്‍ ജയില്‍ മോചിതനാകാന്‍ പിഴ കൂടി അടയ്ക്കേണ്ടിവരും. തടവ് ശിക്ഷയില്‍ മാത്രമാണ് ഇളവ് നല്‍കിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ജയില്‍ മോചിതനായ ശേഷം നാല് വര്‍ഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാല്‍ വിട്ടയക്കല്‍ ഉത്തരവ് റദ്ദാക്കും. 31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചന്‍.


◼️മതനിന്ദ ആരോപിച്ച് കൊച്ചി സെന്‍ട്രല്‍ പൊലീസെടുത്ത കേസില്‍ സ്വപ്നയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മതപരമായ നിന്ദ നടത്തിയിട്ടില്ലെന്നും സമൂഹമാധ്യമത്തില്‍ പ്രചരിച്ച ചിത്രമാണ് താന്‍ പോസ്റ്റ് ചെയ്തതെന്നും അഡ്വ കൃഷ്ണ രാജ് പറയുന്നു. മതനിന്ദ നടത്തി , കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടു എന്ന പരാതിയിലാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകനായ അഡ്വ. കൃഷ്ണരാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.


◼️ലൈംഗിക ചുവയോടെ സംസാരിച്ചെന്ന എഴുത്തുകാരിയും യുവപ്രസാധകയുമായ യുവതിയുടെ പരാതിയില്‍ കഥാകൃത്ത് വി. ആര്‍ സുധീഷ് അറസ്റ്റില്‍. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം എഴുത്തുകാരനെ ജാമ്യത്തില്‍ വിട്ടയച്ചു. യുവ പ്രസാധകയായ എംഎ ഷഹനാസ് ആണ് എഴുത്തുകാരനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.


◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ഇന്നലെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെ എഐസിസിയിലെത്തിയ രാഹുല്‍ ഗാന്ധി വിലക്ക് അവഗണിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇഡി ഓഫീസിലേക്ക് തിരിച്ചത്. ബാരിക്കേഡുകള്‍ മറികടന്ന് നീങ്ങിയ സംഘത്തെ പലയിടങ്ങളിലും പൊലീസ് തടഞ്ഞു. സാഹചര്യം സംഘര്‍ഷത്തിന്റെ വക്കോളമെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ വാഹനത്തിലേക്ക് മാറ്റിയാണ് ഇഡി ഓഫീസിലേക്ക് കൊണ്ടുപോയത്.


◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫിസിലെത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുമെന്നാണ് വിവരം.


◼️പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് നൂപുര്‍ ശര്‍മ്മക്ക് സമന്‍സ് അയച്ച് കൊല്‍ക്കത്ത പൊലീസ്. മൊഴി രേഖപ്പെടുത്താന്‍ ജൂണ്‍ 20 ന് നര്‍ക്കല്‍ദംഗ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നൂപുര്‍ ശര്‍മ്മയോട് ആവശ്യപ്പെട്ടെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


◼️അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി പാകിസ്താന്‍. ചിരവൈരികളായ ഇന്ത്യയെ മറികടന്ന് പാകിസ്താന്‍ റാങ്കിങ്ങില്‍ നാലാമതെത്തി. ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസീലന്‍ഡ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നു. ഇംഗ്ലണ്ട് രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതുമാണ്.


◼️ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വര്‍ഷത്തെ കാലായളവിലേക്കുള്ള ടെലിവിഷന്‍-ഡിജിറ്റല്‍ സംപ്രേഷണാവകാശമാണ് വിറ്റുപോയത്. 44,075 കോടി രൂപയ്ക്കാണ് ഐ.പി.എല്ലിലെ അടുത്ത അഞ്ച് വര്‍ഷത്തെ സംപ്രേഷണാവകാശം വിറ്റുപോയത്. രണ്ട് കമ്പനികള്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടിവി സംപ്രേഷണാവകാശം 23,575 കോടി രൂപയ്ക്കും ഡിജിറ്റല്‍ സംപ്രേഷണാവകാശം 20,500 കോടി രൂപയ്ക്കും വിറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഒരു മത്സരത്തില്‍ നിന്ന് മാത്രമായി ബി.സി.സി.ഐയ്ക്ക് ഏകദേശം 107 കോടി രൂപയിലധികം തുക ലഭിക്കും.


◼️ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാഫേല്‍ നദാലിനോട് തോറ്റ് പുറത്തായ ജോക്കോവിച്ചിന് പുരുഷ വിഭാഗം ടെന്നിസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി. പുതിയ റാങ്കിങ് പ്രകാരം ജോക്കോവിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റഷ്യയുടെ ഡാനില്‍ മെദ്വെദേവാണ് റാങ്കിങ്ങില്‍ ഒന്നാമത്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവാണ് രണ്ടാമത്.


◼️പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്റെ മൂല്യത്തില്‍ തകര്‍ച്ച. 25,600 ഡോളറിലേക്കാണ് മൂല്യം താഴ്ന്നത്. 18 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ആഗോളതലത്തില്‍ പണപ്പെരുപ്പനിരക്ക് ഉയരുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ബിറ്റ് കോയിന്റെ മൂല്യത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞവര്‍ഷം നവംബറില്‍ സര്‍വകാല റെക്കോര്‍ഡായ 68,000 ഡോളറിലേക്ക് ബിറ്റ് കോയിന്റെ മൂല്യം ഉയര്‍ന്നിരുന്നു. പിന്നീട് മൂല്യം താഴുന്നതാണ് ദൃശ്യമായത്. അടുത്തകാലത്തായി 60 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ബിറ്റ് കോയിന്‍ 14,000 ഡോളര്‍ വരെ താഴാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


◼️ഇന്ത്യയുടെ വിദേശ നാണയശേഖരം ജൂണ്‍ 3ന് അവസാനിച്ചവാരം 30.6 കോടി ഡോളറിന്റെ ഇടിവ് നേരിട്ടു. 60,105.7 കോടി ഡോളറിലേക്കാണ് ശേഖരം കുറഞ്ഞതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. വിദേശ കറന്‍സി ആസ്തി 20.8 കോടി ഡോളര്‍ ഇടിഞ്ഞ് 53,667.9 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 7.4 കോടി ഡോളര്‍ കുറഞ്ഞ് 4,084.3 കോടി ഡോളറിലെത്തി. തുടര്‍ച്ചയായ രണ്ടാഴ്ച നേട്ടം രേഖപ്പെടുത്തിയശേഷമാണ് വിദേശ നാണയശേഖരം വീണ്ടും ഇടിഞ്ഞത്.


◼️നയന്‍താര നായികയാകുന്ന പുതിയ ചിത്രമാണ് 'ഒ 2'. ജി എസ് വിഘ്നേഷാണ് ചിത്രം സംവിധാനവും തിരക്കഥയും ചെയ്യുന്നത്. ' ഒ 2' എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 'വാനം യാവും' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീത സംവിധായകന്‍. ധരണ്‍ കെ ആര്‍ ആണ് ഗാനരചന. ശ്വസനസംബന്ധമായ രോഗാവസ്ഥയുള്ള മകന്റെ അമ്മയാണ് നയന്‍താരയുടെ കഥാപാത്രം. നയന്‍താരയ്ക്കൊപ്പം റിത്വിക്കും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിലീസ് തീയതി ജൂണ്‍ 17 ആണ്.


◼️പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയുടെ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. നായകന്റെ മാസ്, ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ടീസറില്‍ വിവേക് ഒബ്റോയ് അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രത്തെയും പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.


◼️എ8എല്‍ സെഡാന്റെ പുതുക്കിയ പതിപ്പ് ജൂലൈ 12 ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഔഡി ഇന്ത്യ അറിയിച്ചു. ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാവിന്റെ മുന്‍നിര സെഡാനാണ് എ8എല്‍. വാഹനത്തിന് സൂക്ഷ്മമായ കോസ്മെറ്റിക് അപ്‌ഡേറ്റുകളും പുതിയ സവിശേഷതകളും ലഭിക്കും. 10 ലക്ഷം രൂപയ്ക്ക് പുതിയ എ8എല്‍ന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചു. നീളമുള്ള ബോണറ്റിന് കീഴില്‍, 335 ബിഎച്ച്പിയും 540 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്നതിനായി ട്യൂണ്‍ ചെയ്തിരിക്കുന്ന നിലവിലെ 3.0-ലിറ്റര്‍ വി6 പെട്രോള്‍ എഞ്ചിനിലാണ് എ8എല്‍ ഘടിപ്പിച്ചിരിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍.


◼️രോഗങ്ങളുടെ ഋതുകൂടിയാണ് മഴക്കാലം. ജലസ്രോതസ്സുകളില്‍ മാലിന്യങ്ങള്‍ കലരുവാന്‍ ഇടവരുന്നതും രോഗവാഹകരായ കൊതുകുകളും മറ്റും പെരുകുന്നതും കാലാവസ്ഥാ വ്യതിയാനംമൂലം മനുഷ്യരിലെ പ്രതിരോധശക്തി ക്ഷയിക്കുന്നതുമെല്ലാം വര്‍ഷകാലത്തിന്റെ സംഹാരശേഷിയെ വര്‍ധിതമാക്കുന്നു. ഇത്തരം പകര്‍ച്ചവ്യാധികളുടെ അടിസ്ഥാനകാരണം മനസ്സിലാക്കിയാല്‍ മാത്രമേ രോഗവ്യാപനം തടയുവാന്‍ കഴിയുകയുള്ളൂ. മഴക്കാലരോഗങ്ങളുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം 'മഴക്കാല രോഗങ്ങള്‍' എന്ന ഈ പുസ്തകത്തില്‍ ഡോ. ജോണ്‍ പൗവത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. എച്ച് & സി ബുക്സ്. വില 60 രൂപ.


◼️കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ 150 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍). ലോകത്തിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തില്‍ പ്രമേഹമുള്ളവരുടെ എണ്ണം എടുത്താല്‍ ആറില്‍ ഒരാളും ഇന്ത്യക്കാരനായിരിക്കും. ഗുരുതരമായ ഈ സ്ഥിതി വിശേഷത്തിന്റെ പശ്ചാത്തലത്തില്‍ ടൈപ്പ്-1 പ്രമേഹ രോഗികള്‍ക്കായി പുതിയ മാര്‍ഗരേഖ ഐസിഎംആര്‍ പുറത്തിറക്കി. ടൈപ്പ് -1 പ്രമേഹം കണ്ടെത്തുന്ന പ്രായം കുറച്ച് കൊണ്ടുവന്ന് വളരെ ചെറുപ്പത്തില്‍ പ്രമേഹം പിടിപെടുന്നതിനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ മാര്‍ഗരേഖ ലക്ഷ്യമിടുന്നു. നിലവില്‍ നഗര, ഗ്രാമ മേഖലകള്‍ വ്യത്യാസമില്ലാതെ 25-34 പ്രായവിഭാഗത്തില്‍ ടൈപ്പ്-1 പ്രമേഹം വ്യാപകമാണ്. പാന്‍ക്രിയാസ് ഗ്രന്ഥി ആവശ്യത്തിന് ഇന്‍സുലിന്‍ ഉണ്ടാക്കാതെ വരുന്നതിനെ തുടര്‍ന്ന് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്ന രോഗാവസ്ഥയാണ് ടൈപ്പ്-1 പ്രമേഹം. അമ്മയ്ക്കോ അച്ഛനോ സഹോദരങ്ങള്‍ക്കോ പ്രമേഹ രോഗ ചരിത്രമുണ്ടെങ്കില്‍ ടൈപ്പ് -1 പ്രമേഹം വരാനുള്ള സാധ്യത യഥാക്രമം മൂന്ന്, അഞ്ച്, എട്ട് ശതമാനമാണ്. ടൈപ്പ്-1 പ്രമേഹം വരാതിരിക്കാന്‍ രക്തസമ്മര്‍ദവും ശരീരഭാരവും ലിപിഡ് തോതുകളും നിയന്ത്രിച്ച് നിര്‍ത്തണമെന്നും ഐസിഎംആര്‍ ശുപാര്‍ശ ചെയ്യുന്നു. ടൈപ്പ്-1 പ്രമേഹ ബാധിതരില്‍ ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ തെറാപ്പി വേണ്ടി വരാറുണ്ട്. ഇതിനാല്‍ ഇവയുടെ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഐസിഎംആര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാര ആവശ്യമുള്ളതിലും താഴേക്ക് പോകുന്ന ഹൈപോഗ്ലൈസീമിയ, ഭാരം വര്‍ധിക്കല്‍, അണുബാധയ്ക്കുള്ള സാധ്യത എന്നിങ്ങനെ പലവിധ പാര്‍ശ്വഫലങ്ങള്‍ ഇന്‍സുലിന്‍ ഉപയോഗത്തിനുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.


*ശുഭദിനം*

*കവിത കണ്ണന്‍*

അവര്‍ സുഹൃത്തുക്കള്‍ ആയിരുന്നു. ഒരാള്‍ പഞ്ചസാരച്ചാക്കിലും മറ്റെയാള്‍ ഉപ്പുചാക്കിലുമായിരുന്നു താമസം. ഉപ്പുചാക്കിലെ ഉറുമ്പ് ശോഷിച്ചിരിക്കുന്നതു കണ്ട് പഞ്ചസാരച്ചാക്കിലെ ഉറുമ്പിനു വിഷമമായി. ശരീരം നന്നാക്കാന്‍ അവന്‍ സുഹൃത്തിനെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. അവിടെ ആഴ്ചകളോളം താമസിച്ചിട്ടും കൂട്ടുകാരനു മാറ്റമൊന്നുമില്ലാത്തതിനാല്‍ അവര്‍ തങ്ങളുടെ വൈദ്യന്റെ അടുത്തെത്തി. ആദ്യ പരിശോധനയില്‍ പ്രത്യേകിച്ച് ഒന്നും തന്നെ കണ്ടെത്താനായില്ല. അവസാനം വായ് തുറന്നുനോക്കിയപ്പോള്‍ വൈദ്യന്‍ അദ്ഭുതപ്പെട്ടു. കൂട്ടുകാരന്റെ വായില്‍ ഒരു ഉപ്പുകല്ല്! ശീലങ്ങളുടെ അടിമകളാണ് പലരും. ഒഴിവാക്കാനാകാത്ത ദിനചര്യകളും ഉപേക്ഷിക്കാനറിയാത്ത ബലഹീനതകളുമാണ് ഒരാളുടെ ജീവിതനിലവാരം തീരുമാനിക്കുന്നത്. തുടരേണ്ട കാര്യങ്ങള്‍ നിര്‍ബാധം തുടരാനും അവസാനിപ്പിക്കേണ്ടവ ആശങ്കകളില്ലാതെ അവസാനിപ്പിക്കാനും കഴിയുമ്പോഴാണു ജീവിതത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈകളിലാകുന്നത്. നമുക്കും മാറാന്‍ ശ്രമിക്കാം..കാലഘട്ടത്തിന്റെ അഭിരുചികള്‍ക്കനുസരിച്ചു മാത്രമല്ല, സ്വന്തം വളര്‍ച്ചയ്ക്ക് അനുഗതമായും. - ശുഭദിനം.

➖➖➖➖➖➖➖

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad