Type Here to Get Search Results !

സായാഹ്ന വാർത്തകൾ◼️നാഷണല്‍ ഹെറാള്‍ഡ് പണമിടപാടു കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്യാന്‍ നീക്കം. രാഹുല്‍ ഗാന്ധിക്കെതിരെ തെളിവുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിഴല്‍ കമ്പനിയായ ഡോടെക്സ് മെര്‍ക്കന്‍ഡൈസിന് ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയത് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്കു കഴിഞ്ഞില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധി അടുത്തയാഴ്ച്ച ഇഡിക്കു മുന്നില്‍ ഹാജരാകില്ല. സോണിയ ഗാന്ധി കൂടുതല്‍ സമയം തേടും.


◼️എഐസിസി ആസ്ഥാനത്തു പോലീസ് അതിക്രമം, കൂട്ട അറസ്റ്റ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍. പ്രതിഷേധിച്ച ജെബി മേത്തര്‍ എംപി അടക്കമുള്ള മഹിളാ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തു. കോണ്‍ഗ്രസ് ആസ്ഥാനത്തു കയറി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് എഐസിസി ഓഫീസ് ആക്രമിച്ചെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ബസിനുള്ളില്‍വച്ച് പൊലീസ് മര്‍ദ്ദിച്ചെന്ന് ജെബി മേത്തര്‍ പറഞ്ഞു.


◼️എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നു മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. നാലു മണി മുതല്‍ ഫലം വെബ്സൈറ്റുകളില്‍ ലഭ്യമാകും. www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in


◼️മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ത്രീകള്‍ അടക്കമുള്ള യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചു. പത്തനംതിട്ടയിലും കൊച്ചിയിലും പ്രതിപക്ഷ മാര്‍ച്ചുകളില്‍ സംഘര്‍ഷം ഉണ്ടായി. തിരുവനന്തപുരം പിഎംജിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


◼️സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കെതിരായ ഗുരുതരമായ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മക്കളുമടക്കമുള്ള കുടബംബാംഗങ്ങള്‍ക്കും മുന്‍ മന്ത്രിക്കും എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ മൊഴിയിലുണ്ടെന്നാണ് സൂചന.


◼️ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കും. 5 ജി സ്‌പെക്ട്രം ലേലത്തിനു സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്ത മാസത്തോടെ ലേലം പൂര്‍ത്തിയായേക്കും. ഇപ്പോഴത്തെ 4 ജി നെറ്റ് വര്‍ക്കിനേക്കാള്‍ പത്തിരട്ടി വേഗമാണ് 5 ജിക്കുള്ളത്. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലം ചെയ്യുന്നത്. 20 കൊല്ലത്തേക്കാണ് ലേലം.


◼️സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് മുഖ്യമന്ത്രിയുടെ വസതിയായ ക്ളിഫ് ഹൗസില്‍ വന്നതെന്ന് മുഖ്യമന്ത്രി രണ്ടു വര്‍ഷം മുമ്പു വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ പുറത്തുവിട്ട് ക്ളിഫ് ഹൗസ്. കോണ്‍സുലേറ്റിന്റെ സെക്രട്ടറി എന്ന നിലയിലാണ് വന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.


◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ നടന്ന സംഭവങ്ങളെക്കുറിച്ചു വിമാനക്കമ്പനിയുടെ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തു ലാന്‍ഡ് ചെയ്യുന്നതിനു മുമ്പ് മൂന്നു പേര്‍ മുഖ്യമന്ത്രിക്കരികിലേക്ക് പാഞ്ഞുവന്ന് മുദ്രാവാക്യം മുഴക്കിയെന്ന് വിമാനക്കമ്പനി ഇന്‍ഡിഗോ പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തവരെ കൂടെയുണ്ടായിരുന്ന ഇ പി ജയരാജന്‍ പിടിച്ചു തള്ളിയിരുന്നു.


◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച കേസ് മജിസ്ട്രേറ്റ് കോടതിയില്‍നിന്നു ജില്ലാ സെഷന്‍സിലേക്കു മാറ്റണമെന്ന് പ്രോസിക്യൂഷന്‍. എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് കോടതി മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.


◼️മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ തുടരുന്നു. കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഇന്ന് പുലര്‍ച്ചെയുണ്ടായ ബേംബേറില്‍ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.


◼️അമ്പലപ്പുഴയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് തകര്‍ത്ത കേസില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പുറക്കാട് സ്വദേശികളായ അബ്ദുള്‍ സലാം, ഷിജാസ്, രതീഷ്, അഷ്‌ക്കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. യഥാര്‍ത്ഥ പ്രതികളെയല്ല അറസ്റ്റു ചെയ്തതെന്ന് ബ്ളോക്ക് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.


◼️കോഴിക്കോട് തിക്കോടി ടൗണില്‍ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി പ്രകടനം. ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.


◼️യൂത്ത് കോണ്‍ഗ്രസുകാരെ മുഴുവന്‍ വീട്ടില്‍ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ ട്രഷറര്‍ ബി. അനൂപാണ് ഏലപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ബിജോ മാണി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി.


◼️കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്റെ വീടിനുനേരെ ആക്രമണം. രാത്രി ബിയര്‍ കുപ്പികള്‍ എറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകര്‍ത്തു.


◼️സംസ്ഥാനത്ത് ആക്രമണം വ്യാപിപ്പിക്കാനാണ് ഇടതു മുന്നണി തീരുമാനമെങ്കില്‍ ജനം തിരിച്ചടിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉദാഹരണമാണ് തൃക്കാക്കരയെന്നും സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വയം പിന്നോട്ടു പോകേണ്ടിവന്നെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.


◼️പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരേ വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍.  


◼️തൃക്കാക്കരയില്‍നിന്നു ജയിച്ച കോണ്‍ഗ്രസ് അംഗം ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ദൈവ നാമത്തിലാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്.


◼️മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കള്ളക്കടത്തുകാരനാണെന്ന് പി.സി ജോര്‍ജ്ജ്. 22 തവണ സ്വര്‍ണം കടത്തി. ഇരുപത്തി മൂന്നാം തവണയാണ് പിടിച്ചത്. 630 കിലോ സ്വര്‍ണം കടത്തിയെന്നും അദ്ദേഹം ആരോപിച്ചു. സ്വപ്നയുമായി ഗൂഡാലോചന നടത്തിയിട്ടില്ല. കണ്ടതെല്ലാം പരസ്യമായി സ്വപ്ന വെളിപ്പെടുത്തിയതു ഞെട്ടലോടെയാണ് കേരളം കേട്ടത്. സത്യങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് തനിക്കെതിരായ കേസുകള്‍. ജോര്‍ജ് പറഞ്ഞു.


◼️ടിപ്പര്‍ ലോറി അലക്ഷ്യമായി അതിവേഗത്തില്‍ ഓടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. നടുവണ്ണൂര്‍ സ്വദേശി ഫിറോസ് അന്‍സാരി 2019 ഏപ്രില്‍ 10 നു മരിച്ച അപകടത്തിലാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ഇത്രയും തുക നഷ്ടപരിഹാരവും പലിശയും വിധിച്ചത്.


◼️നൂറു കോടിയുടെ ക്രമക്കേട് നടന്ന തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പും. ഇതുവരെ കണ്ടല ബാങ്കില്‍നിന്ന് വായ്പ എടുക്കാത്തവര്‍ക്കും ലക്ഷങ്ങളുടെ കുടിശ്ശിക അടക്കണമെന്ന നോട്ടീസ് കിട്ടി.


◼️ഇടുക്കിയില്‍ രാജകുമാരിയില്‍നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ ജെസീക്കയെ ഇന്നലെ വൈകിട്ട് മൂന്നു മുതലാണ് കാണാതായത്. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.


◼️തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ളാസയില്‍ സ്വകാര്യ ബസ്സുകളും ടോള്‍ കമ്പനിയും തമ്മിലുള്ള തര്‍ക്കം മൂലം യാത്രക്കാര്‍ വലയുന്നു. ഇന്നു മുതല്‍ ടോള്‍ നല്‍കാതെ ബസുകളെ കടത്തിവിടില്ലെന്ന നിലപാടിലാണ് കമ്പനി. ഇതില്‍ പ്രതിഷേധിച്ച് ബസുകള്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. പ്രതിമാസം 50 ട്രിപ്പുകള്‍ക്ക് 10500 രൂപ നല്‍കണമെന്നാണ് കമ്പനിയുടെ നിലപാട്.


◼️പത്തനംതിട്ടയില്‍ പട്ടികജാതി കുടുംബത്തിന്റെ വീട് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുത്തെന്നു പരാതി. നാരങ്ങാനം സ്വദേശി സരസമ്മയെയാണ് പഞ്ചായത്ത് മെമ്പര്‍മാര്‍ ചേര്‍ന്ന് കബളിപ്പിച്ചത്. നേതാക്കള്‍ പണം കൈക്കലാക്കിയതോടെ സരസമ്മ തദ്ദേശഭരണ ഓംബുഡ്സ്മാന് പരാതി നല്‍കി.


◼️തിരുവല്ലയില്‍ അസാമീസ് വനിതകള്‍ക്കുനേരെ ലൈംഗിക അത്രിക്രമം. മൂന്നുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണിക്കുളം സ്വദേശി അനില്‍, മുത്തൂര്‍ സ്വദേശി ഫിറോസ്, പ്രേം ജോസഫ് എന്നിവരാണ് പിടിയിലായത്. തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം അസാം സ്വദേശികള്‍ താമസിക്കുന്ന സ്ഥലത്ത് ഇന്നലെ രാത്രിയിലാണ് സംഭവം.


◼️മലപ്പുറം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറിലധികം തവണ പീഡിപ്പിച്ച പത്തൊമ്പതുകാരന്‍ പിടിയില്‍. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെയാണു പിടികൂടിയത്.


◼️മധ്യപ്രദേശില്‍ മൂന്ന് എംഎല്‍എമാര്‍ ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നു. ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ് വാദി എംഎല്‍എമാരോടൊപ്പം സ്വതന്ത്ര എംഎല്‍എയും ബിജെപിയില്‍ അംഗത്വമെടുത്തു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുള്‍പ്പെടെയുള്ള നേതാക്കള്‍ ഇവരെ സ്വാഗതം ചെയ്തു. ജോതിരാദിത്യ സിന്ധ്യയോടൊപ്പം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയത്. 230 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 128 ആയി.


◼️ബിജെപിയുടെ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ജോലിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.


◼️നാഷണല്‍ ഹെറാള്‍ഡ് ഇടപാട് കോണ്‍ഗ്രസ് നേതാക്കളെ പൂട്ടാനുള്ള കുറുക്കുവഴിയാക്കി ബിജെപി സര്‍ക്കാര്‍. എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ച് ബിജെപി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കുകയാണെന്നാണ് ആക്ഷേപം. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ ഭാഗമായി 1938 ലാണ് ജവാഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായി 'നാഷണല്‍ ഹെറാള്‍ഡ്' ആരംഭിച്ചത്. ഈ ഇംഗ്ളീഷ് ദിനപത്രത്തിന്റെ ഉടമകള്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡാണ്. ഇന്ദിരാഗാന്ധി അടക്കമുള്ള ഓഹരിയുടമകള്‍ മിക്കവരും ജീവിച്ചിരിപ്പില്ല. 2008 ഏപ്രില്‍ മാസത്തോടെ പത്രം അടച്ചുപൂട്ടി. 1,600 കോടി രൂപയുടെ ആസ്തിയുണ്ട്. ബാധ്യതകളുമുണ്ട്. ബാധ്യത തീര്‍ക്കാന്‍ 90 കോടി രൂപ എഐസിസി പലിശരഹിത വായ്പയായി നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് 2010 ല്‍ രൂപീകരിച്ച 'യംഗ് ഇന്ത്യ കമ്പനി' 50 ലക്ഷം രൂപയ്ക്ക് കമ്പനിയെ ഏറ്റെടുത്തു. ഇതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചു ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി 2012 നവംബറില്‍ കോടതിയെ സമീപിച്ചു. ബിജെപി ഭരണം പിടിച്ചതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ കേസില്‍ ഇടപെടാന്‍ ആരംഭിച്ചത്.


◼️രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ വേട്ടയില്‍ ഹംഗേറിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫെറങ്ക് പുഷ്‌കാസിനൊപ്പമെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരേ നേടിയ ഗോളോടെ ഛേത്രിയുടെ രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ നേട്ടം 84 ആയി.


◼️സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുത്തനെ കുറഞ്ഞു. ഒറ്റ ദിവസം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4715 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 37720 രൂപയാണ്. രണ്ട് ദിവസത്തിനിടെ 960 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 20 രൂപയാണ് ഇന്ന് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 3895 രൂപയാണ്. ഇതോടെ 18 കാരറ്റ് സ്വര്‍ണം പവന് വില 31140 രൂപയായി കുറഞ്ഞിട്ടുണ്ട്.


◼️ഈ വര്‍ഷം മേയില്‍ ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതി 33.20 ശതമാനം കുറഞ്ഞ് 5,14,022 ടണ്ണായതായി സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ റിഫൈനറികള്‍ വഴിയുള്ള ആര്‍.ബി.ഡി പാമോലിന്‍ ഓയില്‍ കയറ്റുമതിയില്‍ കുത്തനെ വര്‍ദ്ധനയുണ്ടായി. ലോകത്തെ മുന്‍നിര സസ്യ എണ്ണ വാങ്ങുന്ന രാജ്യമായ ഇന്ത്യ 2021 മേയില്‍ 7,69,602 ടണ്‍ പാമോയിലാണ് ഇറക്കുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതി ഈ വര്‍ഷം മേയില്‍ 10,05,547 ടണ്ണായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 12,13,142 ടണ്ണായിരുന്നു. രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും പാമോയിലിന്റെ വിഹിതമാണ്.


◼️ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് 'തിരുചിത്രമ്പലം'. മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. 'തിരുചിത്രമ്പലം' എന്ന ധനുഷ് ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പുറത്തുവിട്ടു. ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിത്യാ മേനോന്‍, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.


◼️രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന 'ബ്രഹ്‌മാസ്ത്ര' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. 'ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'ബ്രഹ്‌മാസ്ത്ര' എന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. അമിതാഭ് ബച്ചനും ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. നാഗാര്‍ജുനയും 'ബ്രഹ്‌മാസ്ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.


◼️ഫോക്സ്വാഗണിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി അവന്റഡോര്‍ എല്‍പി780-4 അള്‍ട്ടിമേയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അവന്റഡോര്‍ എസ്വിജെയ്ക്കും അവന്റഡോര്‍ എസിനും ഇടയിലാണ് അവന്റഡോര്‍ എല്‍പി780-4 അള്‍ട്ടിമേറ്റിന്റെ സ്ഥാനം. വരാനിരിക്കുന്ന ലംബോര്‍ഗിനി അവന്റഡോര്‍ എല്‍പി780-4 അള്‍ട്ടിമേറ്റ് ഒരു കൂപ്പിലും കണ്‍വേര്‍ട്ടിബിള്‍ സ്പെക്കിലും ലഭ്യമാകും. അതേസമയം പരിമിതമായ യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമാകൂ.

ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad