Type Here to Get Search Results !

സന്ധ്യ വാർത്തകൾ



◼️സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഇന്നും കലുഷിതമായി കേരളത്തിലെ തെരുവുകള്‍. ഇടത് - വലത് മുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പലയിടത്തും അക്രമങ്ങളും സംഘര്‍ഷവുമുണ്ടായി. പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിച്ചു. ഇന്ന് വിഡി സതീശന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പൊലീസ് ബാരിക്കേഡ് മറികടന്ന് നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് കടന്നു. ഇവരില്‍ ഒരാളെ തടഞ്ഞുവെച്ച വിഡി സതീശന്റെ സ്റ്റാഫ് അംഗങ്ങള്‍ ഒരാളെ പൊലീസ് പറഞ്ഞുവിട്ടെന്നും ആരോപിച്ചു.


◼️കന്റോണ്‍മെന്റ് ഹൗസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫീസ്. അകത്ത് കയറിയവര്‍ വി ഡി സതീശനെ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലെറിഞ്ഞെന്നും ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് തടഞ്ഞുവെച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആയുധങ്ങളുമായി കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


◼️രാഷ്ട്രീയവൈരാഗ്യത്താല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുവെന്ന് എഫ്ഐആര്‍. വലിയതുറ പൊലീസാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകള്‍ക്കൊപ്പം ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തടയാന്‍ ശ്രമിച്ച ഗണ്‍മാന്‍ അനിലിനെയും ആക്രമിച്ചെന്നും എഫ്ഐആര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിന്റെ മൊഴിയുടെയും ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



◼️ഉന്നത വിദ്യാഭ്യാസ രംഗത്തെ കാര്‍ഷിക, വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ കരിമ്പത്തെ കില തളിപ്പറമ്പ് ക്യാമ്പസില്‍ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം-കേരളയുടെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ് കോളേജ്, ഹോസ്റ്റല്‍ എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


◼️സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാല്‍ ഇവിടെ ബിജെപി സമരം ചെയ്യുമ്പോള്‍ അവര്‍ മടിച്ച് നില്‍ക്കും. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


◼️സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സര്‍ക്കാരിനെതിരെ മുന്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാര്‍ പ്രവര്‍ത്തിച്ചെന്ന് ഇ പി ജയരാജന്‍ ആരോപിക്കുന്നു. ''ഇടനിലക്കാര്‍ക്കൊപ്പം നിന്നതിനാണ് എം ആര്‍ അജിത് കുമാറിനെ മാറ്റിയത്. ആ ചുമതലയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് കണ്ടതോടെ മാറ്റി. തെറ്റ് ചെയ്യുന്ന ആരെയും വച്ച് പൊറുപ്പിക്കില്ല എന്നതിന്റെ തെളിവാണിത്'', ഇ പി ജയരാജന്‍ പറഞ്ഞു.


◼️മുഖ്യമന്ത്രി വന്ന വിമാനത്തിനുള്ളില്‍ ഇന്നലെ നടന്നത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസമെന്ന് പി ജയരാജന്‍. സുധാകരന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി വിമാനത്തിനകത്ത് മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ശ്രമം നടന്നത്. വിമാനത്തില്‍ സുരക്ഷാ ഭടന്റെ കയ്യില്‍ ആയുധമില്ലെന്ന് മനസിലാക്കിയാണ് ആസൂത്രണം. പ്രതിപക്ഷം സംഘര്‍ഷവും കലാപവും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.


◼️മുഖ്യമന്ത്രിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരുപോലെയാണ്. സിപിഎമ്മാണ് സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തകരെ സംരക്ഷിക്കും. ഭയന്നോടാന്‍ ഞങ്ങള്‍ പിണറായി വിജയനല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


◼️മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ചയാള്‍ക്ക് നേരെ പരസ്യഭീഷണിയുമായി ഡിവൈഎഫ്ഐ. ഫര്‍സീന്‍ മജീദ് ഇനി സ്‌കൂളിലെത്തിയാല്‍ അടിച്ച് കാല് പൊട്ടിക്കുമെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളായ ഫര്‍സീന്‍ മജീദ് മുട്ടന്നൂര്‍ യുപി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്.


◼️സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴിയിലെ വിവരങ്ങള്‍ പരസ്യമാക്കിയതിന്റെ പേരില്‍ തനിക്കെതിരെ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. കേസിന്റെ പേരില്‍ മാനസിക പീഡനം നടക്കുന്നു എന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് കിട്ടിയില്ല എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രഥമ വിവര റിപ്പോര്‍ട്ടും കേസുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.


◼️സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്റെ വീട്ടില്‍ എത്തി അന്വേഷണ സംഘം വിശദ മൊഴി രേഖപ്പടുത്തി. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെടുന്നു.


◼️കണ്ണൂര്‍ പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റി. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്റെ മടിയില്‍ വച്ച നിലയിലാണ്. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് കെട്ടിടത്തിന്റെ ചില്ലുകളടക്കം തകര്‍ത്തിട്ടുണ്ട്. അകത്തെ സാധനങ്ങളെല്ലാം വ്യാപകമായി വലിച്ചുവാരിയിട്ടു. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിട്ടുണ്ട്. ആക്രമണത്തിനെതിരെ പയ്യന്നൂര്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കോഴിക്കോട് ഡിസിസി ഓഫീസിന് നേരെയും ആക്രമണശ്രമമുണ്ടായി.


◼️പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചെന്നായിരുന്നു കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കുക എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ അറിവോടെയും പൊലീസിന്റെ സഹായത്തോടെയുമാണ് നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.


◼️സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരം കൃഷി വകുപ്പിലും ഫയല്‍ അദാലത്ത് സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. 2022 മെയ് 31 വരെയുള്ള ഫയലുകള്‍ ആയിരിക്കും തീര്‍പ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി, എല്ലാ ഓഫീസുകളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആയിരിക്കും അദാലത്ത് . കൃഷി ഭവന്‍ മുതലുള്ള ഓഫീസുകളില്‍ അദാലത്ത് നടത്തും


◼️തോട്ടഭൂമി തരംമാറ്റിയുളള വന്‍കിടനിര്‍മാണങ്ങള്‍ നടത്തുന്ന നിയമലംഘകരെ രക്ഷിക്കാന്‍ ചെറുകിടക്കാരെ റവന്യു അധികൃതര്‍ ബലിയാടാക്കുന്നുവെന്ന് പരാതി. പതിറ്റാണ്ടുകളായി താമസിച്ച കൃഷി ചെയ്തുവന്ന ഭൂമിയെല്ലാം തോട്ടഭൂമിയെന്നാണ് ഇപ്പോള്‍ വില്ലേജ് അധികൃതര്‍ രേഖപ്പെടുത്തുന്നത്. ഇതുമൂലം വീട് നിര്‍മിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് പരാതി. നോളജ് സിറ്റി ഉള്‍പ്പെടെ തോട്ടഭൂമി തരംമാറ്റിയുളള വന്‍കിട നിര്‍മാണങ്ങള്‍ക്ക് യാതൊരു വിലക്കുമില്ല. റവന്യൂ വകുപ്പിന്റെ ഇരട്ടത്താപ്പിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് കോടഞ്ചേരി വില്ലേജിനു മുന്നില്‍ സമരം.


◼️ആള്‍ക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യം വിചാരണ കോടതി തള്ളി. മധുവിന്റെ അമ്മ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് കൂടി പരിഗണിച്ച് സാക്ഷി വിസ്താരം 20ലേക്ക് മാറ്റി.


◼️നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി. നേരത്തേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന കൗസര്‍ എടപ്പഗത്തിന്റെ ഓഫീസില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു.


◼️തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം വിട്ടുകൊടുത്തശേഷം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. അസ്തിരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓര്‍ത്തോ യൂണിറ്റ് മൂന്നിന്റെ തലവനുമായ ഡോ. പി ജെ ജേക്കബ്ബിനെയാണ് അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തത്.


◼️എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷം അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ റിക്രൂട്ട് ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലില്ലായ്മ വിഷയത്തില്‍ പ്രതിപക്ഷം നിരന്തരം വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

 

◼️കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 8,084 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളം സജീവമായ കൊവിഡ് രോഗികളുടെ എണ്ണം ഏകദേശം 48,000 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് വളരെ കുറവായതിനാല്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ചീഫ് ഡോ എന്‍ കെ അറോറ പറഞ്ഞു. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം വരാമെന്നും അറോറ കൂട്ടിച്ചേര്‍ത്തു.


◼️നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നില്‍ രണ്ടാം ദിവസവും ഹാജരായി. ഇഡി ഓഫീസിലേക്ക് പ്രകടനവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടിക്കുന്നില്‍ സുരേഷ് എംപിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. എംപിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.


◼️തുടര്‍ച്ചയായ രണ്ടാം തവണയും എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ പാലസ്തീന്‍ ഫിലിപ്പീന്‍സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയ്ക്ക് ഫൈനല്‍ റൗണ്ടിലേക്ക് വഴിയൊരുങ്ങിയത്.


◼️സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴ്ന്നു. ഒറ്റ ദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4740 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 37920 രൂപയാണ്. 22 കാരറ്റ് സ്വര്‍ണവിലയിലുണ്ടായ കുറവിനെ തുടര്‍ന്ന് 18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഇന്നത്തെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 3915 രൂപയാണ്. ഇതോടെ 18 കാരറ്റ് സ്വര്‍ണം പവന് വില 31320 രൂപയായി കുറഞ്ഞിട്ടുണ്ട്.


◼️ലൈക്ക ഇനി ഷവോമിയോട് സഹകരിക്കും. ക്യാമറ, ലെന്‍സ് നിര്‍മാണ മേഖലയിലെ അതികായന്മാരാണ് ജര്‍മ്മന്‍ നിര്‍മാതാക്കളായ ലൈക്ക. നിലവില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ വാവെയുമായുള്ള പങ്കാളിത്തം നിര്‍ത്തുകയാണ് ലൈക്ക. സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോഗ്രാഫിയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കൂട്ടുകെട്ടാണ് ഇതോടെ ഇല്ലാതായത്. ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ ക്യാമറാ ഗവേഷണശാല വാവെയുടെ സ്വന്തമാണ്. അമേരിക്കയുടെ നിയമ നടപടികളില്‍പെട്ട വാവെയ് ഫോണ്‍ വില്പനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പല രാജ്യങ്ങളിലും ഫോണ്‍ വില്‍പന നടത്തുന്നില്ല. ഇതാകാം ലൈക്കയും വാവെയും പിരിയാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.


◼️ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളിലെത്തും. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


◼️തമിഴ് നടന്‍ സമ്പത്ത് റാം മലയാളത്തില്‍ നായകനാകുന്ന ചിത്രത്തില്‍ പ്രശസ്ത നിര്‍മ്മാതാവും പ്രൊജക്ട് ഡിസൈനറുമായ എന്‍ എം ബാദുഷ സുപ്രധാന വേഷത്തില്‍ എത്തുന്നു. സജിന്‍ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ജീവന്‍ ടിവി ചീഫ് ന്യൂസ് എഡിറ്റര്‍ ബാബു വെളപ്പായ ആണ് ഈ സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ താരനിര്‍ണയം നടക്കുന്നു. 72 ഫിലിംസിന്റെ ബാനറില്‍ ഷമീം സുലൈമാനാണ് ചിത്രം നിര്‍മിക്കുന്നത്. ബി വി അരുണ്‍ കുമാറാണ് പ്രോജക്റ്റ് ഡിസൈനര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന.


◼️ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി 2017-ല്‍ ആണ് ഇലക്ട്രിക് ബസുകളുമായി വാണിജ്യ വിഭാഗത്തില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. 2021 നവംബറില്‍ കമ്പനി ഓള്‍-ഇലക്ട്രിക് ബിവൈഡി ഇ6 ഇലക്ട്രിക് എംപിവിയും അവതരിപ്പിച്ചിരുന്നു. നിലവില്‍ ചൈനീസ് വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്യുവിയിലൂടെ പാസഞ്ചര്‍ വാഹന ഇലക്ട്രിക്ക് സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ കമ്പനി തയ്യാറാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 204 ബിഎച്ച്പിയും 310 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സ്ഥിരമായ മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോറാണ് പുതിയ ബിവൈഡി അറ്റോ 3യുടെ സവിശേഷത. വെറും 7.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. എസ്യുവിയുടെ ഭാരം 1,680-1,750 കിലോഗ്രാം വരെയാണ്.


◼️സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ സ്വന്തം ഗൃഹപരിസരത്ത് പരീക്ഷിക്കാവുന്ന ഒന്നാണ് തേനീച്ചവളര്‍ത്തല്‍. തേനീച്ചകളെ വളര്‍ത്തുവാന്‍ ആഗ്രഹിക്കുവര്‍ അടിസ്ഥാനപരമായ ചില ഉത്പാദന പരിചരണ സംസ്‌കരണ വസ്തുതകള്‍ മനസ്സിലാക്കിവേണം ഇതിലേക്ക് തിരിയുവാന്‍. ലാഭകരവും കൗതുകകരവുമായ തേനീച്ചവളര്‍ത്തലിനെക്കുറിച്ചുള്ള ഇത്തരം പൊതുവിവരങ്ങളും ശാസ്ത്രീയപാഠങ്ങളുമാണ് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കുമായി ഈ പുസ്തകം പങ്കുവെക്കുന്നത്. 'വീട്ടുവളപ്പിലെ തേനീച്ചവളര്‍ത്തല്‍'. ഗ്രേഷ്യസ് ബഞ്ചമിന്‍. എച്ച് & സി ബുക്സ്. വില 70 രൂപ.


◼️ശ്വാസകോശാര്‍ബുദവുമായി ബന്ധപ്പെട്ട് രണ്ട് തരം ലക്ഷണങ്ങളാണ് രോഗികളില്‍ ഉണ്ടാകുന്നത്. ഒന്ന് നേരിട്ട് ശ്വാസകോശവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. മറ്റൊന്ന് ശ്വാസകോശവുമായി ബന്ധമില്ലാത്ത ലക്ഷണങ്ങളാണ്. ചില ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ രക്തപ്രവാഹത്തിലേക്ക് പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് രണ്ടാമത്തെ തരം ലക്ഷണങ്ങള്‍ക്ക് കാരണാകുന്നത്. ഇവയെ പാരനിയോപ്ലാസ്റ്റിക് സിന്‍ഡ്രോമെന്ന് വിളിക്കുന്നു. ശ്വാസകോശാര്‍ബുദമുള്ള രോഗികളില്‍ 10 ശതമാനം പേരില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നതായാണ് കണക്ക്. കൈ, കാല്‍ വിരലുകളില്‍ ഉണ്ടാകുന്ന സൂചി കുത്തുന്നതു പോലെയുള്ള വേദന, തരിപ്പ്, മരവിപ്പ്, പേശികളുടെ ദൗര്‍ബല്യം, ക്ഷീണം, തലകറക്കം, ആശയക്കുഴപ്പം, ദുര്‍ബലത, പുരുഷന്മാരില്‍ സ്തനങ്ങള്‍ വീര്‍ക്കല്‍, രക്തം കട്ട പിടിക്കല്‍ എന്നിവയെല്ലാം പാരനിയോപ്ലാസ്റ്റിക് സിന്‍ഡ്രോമിന്റെ ഭാഗമായ ലക്ഷണങ്ങളാണെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായ ചുമ, രക്തം ചുമച്ച് തുപ്പല്‍, തുടര്‍ച്ചയായ ശ്വാസംമുട്ടല്‍, വിശദീകരിക്കാനാകാത്ത ഭാരനഷ്ടവും ക്ഷീണവും, ശ്വസിക്കുമ്പോഴും ചുമയ്ക്കുമ്പോഴും വേദന എന്നിവയെല്ലാം ശ്വാസകോശാര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍ ശ്വാസകോശാര്‍ബുദത്തിനുള്ള ഒന്നാമത്തെ കാരണം പുകവലിയാണ്. പുകവലിക്കാരുടെ അടുത്ത് പോയിരുന്ന് പുക ശ്വസിക്കുന്ന സെക്കന്‍ഹാന്‍ഡ് സ്മോക്കിങ്ങും ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 78.04, പൗണ്ട് - 94.97, യൂറോ - 81.70, സ്വിസ് ഫ്രാങ്ക് - 78.89, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.12, ബഹറിന്‍ ദിനാര്‍ - 207.06, കുവൈത്ത് ദിനാര്‍ -254.15, ഒമാനി റിയാല്‍ - 202.69, സൗദി റിയാല്‍ - 20.81, യു.എ.ഇ ദിര്‍ഹം - 21.25, ഖത്തര്‍ റിയാല്‍ - 21.40, കനേഡിയന്‍ ഡോളര്‍ - 60.49.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad