Type Here to Get Search Results !

സന്ധ്യ വാർത്തകൾ



◼️ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കൂട്ടര്‍ വഴി തടയുന്നുവെന്നും, ചില പ്രത്യേക തരം വസ്ത്രങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ടെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയാണ്. ചില ശക്തികള്‍ നിക്ഷിപ്തതാത്പര്യത്തോടെ പ്രചരിപ്പിക്കുന്നതാണിതെന്ന് കണ്ണൂരില്‍ നടക്കുന്ന ഗ്രന്ഥശാല പ്രവര്‍ത്തകസംസ്ഥാന സംഗമത്തില്‍ പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു.


◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷാവസ്ഥ. രാഹുലിനൊപ്പം നിരോധനാജ്ഞ ലംഘിച്ച് ഇഡി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത എല്ലാ പ്രവര്‍ത്തകരെയും നേതാക്കളെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യാക്കോസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനെ അടക്കം ഇഡി ഓഫീസിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. പൊലീസ് നടപടിക്കിടെ കെ സി വേണുഗോപാല്‍ കുഴഞ്ഞുവീണു. അറസ്റ്റിലായ കെ സി വേണുഗോപാല്‍ കോവിഡ് മൂലം അവശനായതിനാല്‍ അദ്ദേഹത്തെ ഡോക്ടര്‍മാരെത്തി പരിശോധിച്ചു. ഇഡിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി ഹാജരാകുന്നതിനു മുന്നോടിയായി എഐസിസി ഓഫീസ് പരിസരത്ത് ദില്ലി പോലീസ് കനത്ത സുരക്ഷാ സന്നാഹമൊരുക്കിയിരുന്നു. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചിരുന്നു.


◼️മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ ഗസ്റ്റ്ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രി തളിപ്പറമ്പിലേക്ക് പോകുന്നതിന് മുന്നേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ഇത് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.



◼️സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ ബി ജെ പി ആണെന്ന് പകല്‍ പോലെ വ്യക്തമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെ പി ഇതര സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്നും യെച്ചൂരി വിമര്‍ശിച്ചു.


◼️മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ സമരത്തിനെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന സമരം കലാപമാക്കി മാറ്റരുത്. മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ല. വളഞ്ഞിട്ടാക്രമിക്കാന്‍ നോക്കിയാല്‍ അതിന് വഴങ്ങുന്ന വ്യക്തിയല്ല മുഖ്യമന്ത്രി. ഇടതു മുന്നണി അത് അനുവദിക്കുകയുമില്ല: കറുത്ത മാസ്‌കിന് വിലക്കില്ല. ഭരണത്തെ അസ്ഥിരമാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.


◼️മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്‌ക്ക് ധരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല എന്ന് മന്ത്രി വീണാ ജോര്‍ജ്. അങ്ങനെയൊരു നിര്‍ദ്ദേശം പൊലീസോ മുഖ്യമന്ത്രിയുടെ ഓഫീസോ മുഖ്യമന്ത്രിയോ നല്‍കിയിട്ടില്ല. മാസ്‌ക് ധരിക്കണമെന്ന് പറയുന്ന ആളാണ് മുഖ്യമന്ത്രി. ആരോപണങ്ങള്‍ ഏശുന്നില്ലെന്ന് കണ്ടതോടെയാണ് പുതിയ വിവാദം. തൃശൂരില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ട് കൊടുത്ത സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.



◼️കെ.ടി.ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. കെ.ടി.ജലീലും പൊലീസും ചേര്‍ന്നുണ്ടാക്കിയതാണ് ഗൂഢാലോചന കേസെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ജലീല്‍ അടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് കോടതിയില്‍ മൊഴി നല്‍കിയതിലുള്ള വിരോധമാണ് കേസിന് പിന്നിലെന്നും സ്വപ്ന ആരോപിച്ചു.


◼️കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍ അടക്കമുള്ള 33 തടവുകാരുടെ മോചനത്തില്‍ ഗവര്‍ണ്ണറുടെ തീരുമാനം ഉടന്‍ ഉണ്ടാകും. ആവശ്യപ്പെട്ട വിശദീകരണം നല്‍കിയതിനാല്‍ മോചനത്തില്‍ അനുകൂല തീരുമാനം വരും എന്ന പ്രതീക്ഷയില്‍ ആണ് സര്‍ക്കാര്‍. 33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടിയാണ് ഗവര്‍ണ്ണര്‍ ഫയല്‍ തിരിച്ചയത്. എന്നാല്‍ വിദഗ്ധ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കി.


◼️സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും ശക്തമായി തുടരുകയാണ്. കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് വേണ്ടെന്നു വച്ചു. തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് കറുത്ത മാസ്‌ക്ക് ധരിച്ചവരേയും പ്രവേശിപ്പിച്ചു. കറുത്ത ഷാള്‍ ധരിച്ച് എത്തിയ യുവതിയേയും തടഞ്ഞില്ല.


◼️മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം നമ്പര്‍ ഭീരു ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല . പൊതുജനങ്ങള്‍ക്ക് മാത്രമല്ല, പൊലീസിനും, ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഭീരുവിനായി ഒരുക്കുന്നത്. മുഖ്യമന്ത്രിയെ ഉപദേശകര്‍ ഹൊറര്‍ സിനിമകള്‍ കാണിക്കണം. അല്‍പ്പം ധൈര്യം വെക്കട്ടെയെന്നും ചെന്നിത്തല പരിഹസിച്ചു.


◼️സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുമെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണ്ണ കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമുയര്‍ന്നിട്ടും ഇ ഡി കേസെടുത്തില്ല. എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന് രാഷ്ട്രീയമുണ്ട്. താത്പര്യമുണ്ടെങ്കില്‍ മാത്രമേ കേസെടുക്കൂ എന്ന നിലപാടാണ് ഇഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.


◼️സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി എത്രയും വേഗം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകാന്‍ തയ്യാറാകണം. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ എല്ലാം തുറന്നുപറയുക. എത്രകാലം ജനങ്ങളെ ഭയന്ന് പോകാന്‍ കഴിയുമെന്ന കാര്യം മുഖ്യമന്ത്രി ആലോചിക്കണം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജനങ്ങളെ ഭയന്ന് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.


◼️പൊലീസ് സംരക്ഷണം വേണമെന്ന ഹര്‍ജി പിന്‍വലിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പൊലീസ് സുരക്ഷയ്ക്ക് പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം തങ്ങള്‍ക്ക് പോലും സുരക്ഷയില്ലെന്ന് ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.


◼️ക്രൈം നന്ദകുമാറും താനും സ്വപ്നയും കൊച്ചി പിഡബ്ള്യുഡി റസ്റ്റ് ഹൗസില്‍കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും അഞ്ചു മിനിട്ടു മാത്രം നീണ്ട ഈ കൂടിക്കാഴ്ചയുടെ തീയതി കൃത്യമായി ഓര്‍ക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും ജോര്‍ജ് വ്യക്തമാക്കി.


◼️ജനങ്ങള്‍ എത് വസ്ത്രം ധരിക്കണമെന്ന് പൊലീസ് തീരുമാനിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്ന് എം കെ പ്രേമചന്ദ്രന്‍ എം പി .തമ്പ്രാന്‍ വരുന്നിടത്ത് തമ്പ്രാന് ഇഷ്ടമുള്ള വസ്ത്രമേ ധരിക്കാവു. പിണറായി തമ്പ്രാന് തൊഴിലാളികളോട് പുച്ഛമെന്നും പ്രേമചന്ദ്രന്‍ പരിഹസിച്ചു. ജൂണ്‍ മാസം പകുതി പിന്നിടാറായിട്ടും മെയ് മാസത്തെ ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് ഇന്നു മുതല്‍ തുടങ്ങിയ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍ . സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രേമചന്ദ്രനും കറുത്ത ഷര്‍ട്ടാണ് ധരിച്ചിരുന്നത്.


◼️സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്ന് എച്ച് ആര്‍ ഡി എസ്. കാര്‍ അടക്കം വിട്ടു നല്‍കി സഹായിക്കുന്നത് സ്വപ്ന എച്ച് ആര്‍ ഡി എസ് ജീവനക്കാരി ആയതിനാലാണ്. സര്‍ക്കാരും പൊലീസും സ്വപ്നയെ കെണിയില്‍ പെടുത്തിയതാണെന്നും എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു. സംഘപരിവാര്‍ മാറ്റി നിര്‍ത്തേണ്ടവരല്ല. സംഘപരിവാര്‍ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഫാസിസമാണ്. എല്ലാതരം രാഷ്ട്രീയ വിശ്വാസികളും എച്ച് ആര്‍ ഡി എസിലുണ്ട് എന്നും അജി കൃഷ്ണന്‍ പറഞ്ഞു.


◼️മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേരളം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാം എന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കൊച്ചിയില്‍ വരുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്ന് ഇബ്രാഹിം വ്യക്തമാക്കിയിട്ടുണ്ട്.


◼️യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ, ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റിന് നല്‍കിയ സംരക്ഷണം ഇന്ന് അവസാനിക്കുകയാണ്. യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.


◼️സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. കോടതി കനിയുന്നില്ലെങ്കില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം.


◼️പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ജൂണ്‍ 16-ന് മലപ്പുറത്തെ വനാതിര്‍ത്തി, മലയോരമേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്. 11 പഞ്ചായത്തുകളിലും നിലമ്പൂര്‍ മുനിസിപ്പാലിറ്റി പരിധിയിലുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


◼️തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ നിന്ന് തൊണ്ടിമുതലായ സ്വര്‍ണവും വെള്ളിയും പണവും മോഷണം പോയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ ഡിജിപി തീരുമാനിക്കും.നിലവില്‍ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിയോഗിച്ച സൈബര്‍ സ്റ്റേഷന്‍ ഡിവൈഎസ്പി ശ്യാംലാലിന്റെ നേതൃത്വത്തിലുള്ള സംഘം, ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നതുവരെ ഈ കേസ് അന്വേഷിക്കും. ആര്‍ഡിഒ കോടതിയിലെ വിരമിച്ച സീനിയര്‍ സൂപ്രണ്ട് ആണ് മോഷ്ടാവെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലോക്കല്‍ പൊലീസും ഇക്കാര്യം ശരിവച്ചിരുന്നു.


◼️പാലക്കാട് കൊടുമ്പില്‍ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ ഒളിവിലുള്ള സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഷാജഹാനെ കണ്ടെത്താന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതി സംസ്ഥാനം വിട്ടതായും സംശയമുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഷാജഹാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.


◼️രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി കണക്കുകള്‍. 24 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലെത്തി. എന്നാല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. കേരളത്തിലെ 7 ജില്ലകളിലും മിസോറാമിലെ 5 ജില്ലകളിലും ഉള്‍പ്പടെ ആകെ 17 ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.


◼️പ്രയാഗ് രാജിലെ പൊളിക്കല്‍ നടപടികള്‍ക്ക് പിന്നാലെ കൂടൂതല്‍ ഇടങ്ങളിലേക്ക് ബുള്‍ഡോസറുകളുമായി യുപി സര്‍ക്കാര്‍. നബി വിരുദ്ധ പരാമര്‍ശത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ച 9 ജില്ലകളില്‍ ഇന്നും പൊളിക്കല്‍ തുടരും. പ്രതികളുടെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെയാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം, വീട് പൊളിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് ജാവേദ് അഹമ്മദ് വ്യക്തമാക്കി. എന്നാല്‍ ജാവേദിന്റെ വീട്ടില്‍ നിന്ന് തോക്ക് അടക്കം ആയുധങ്ങള്‍ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. പൊളിക്കലിനെതിരെ പ്രതിഷേധം കനത്തതോടെ, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദില്‍ ഓഗസ്റ്റ് പത്തു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. റാഞ്ചിലും, ഹൗറയിലും കര്‍ഫ്യൂ തുടരുകയാണ്.


◼️കെട്ടിടം പൊളിക്കല്‍ നടപടികളുമായി മുന്നോട്ടു പോകുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ അസദുദ്ദീന്‍ ഒവൈസി . യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദ് ഹൈക്കോടതി ജഡ്ജി ആയിയെന്നും ആരെയും കുറ്റക്കാരനാക്കുമെന്നും വീടുകള്‍ പൊളിക്കുമെന്ന അവസ്ഥയാണെന്നും ഒവൈസി വിമര്‍ശിച്ചു.


◼️കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ14 ദിവസത്തേക്ക് ദില്ലി റോസ് അവന്യൂ കോടതി റിമാന്‍ഡ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ സത്യേന്ദ്ര ജെയിനിന്‍ കഴിഞ്ഞ 14 ദിവസമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലായിരുന്നു. അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പ്പെടാത്ത 1.8 കിലോ സ്വര്‍ണവും 2.85 കോടി രൂപയും രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നല്‍കുന്ന വിവരം.


◼️ബിജെപി നേതാക്കള്‍ നടത്തിയ നബി വിരുദ്ധ പരാമര്‍ശം ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി മാറിയതിനിടെ ഇന്ത്യയിലെ എഴുപതിലധികം സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇസ്രായേലിലെ ഇന്ത്യന്‍ എംബസി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസേര്‍ച്ചിന്റെതുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വെബ്സെറ്റുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ടുകള്‍.


◼️രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയിലുള്ള റെക്കോര്‍ഡ് വീണ്ടും തിരുത്തി. ഇന്ന് വിനിമയത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 78 കടന്നതോടെയാണ് മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി കുറിച്ചത്. ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 78 കടക്കുന്നത്. കഴിഞ്ഞ ദിവസം 77.93 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ന് വീണ്ടും രൂപ മൂല്യത്തകര്‍ച്ച നേരിടുകയായിരുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 36 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ 78.29 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കയിലും പണപ്പെരുപ്പനിരക്ക് ഉയരുകയാണ്.


◼️തുടര്‍ച്ചയായ മൂന്നാംമാസവും ഇന്ത്യയിലെ സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഗോള്‍ഡ് ഇ.ടി.എഫ്) നിക്ഷേപനേട്ടം കുറിച്ചു. ജനുവരിയില്‍ 452 കോടി രൂപയും ഫെബ്രുവരിയില്‍ 248 കോടി രൂപയും നഷ്ടപ്പെട്ട ഗോള്‍ഡ് ഇ.ടി.എഫിലേക്ക് മാര്‍ച്ചില്‍ 205 കോടി രൂപയും ഏപ്രിലില്‍ 1,100 കോടി രൂപയും മേയില്‍ 203 കോടി രൂപയുമെത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് കഴിഞ്ഞ മൂന്നുമാസങ്ങളില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചേക്കേറിയത്. 2022 ജനുവരി-മേയില്‍ സെന്‍സെക്‌സ് 4.6 ശതമാനം നഷ്ടം നേരിട്ടപ്പോള്‍ സ്വര്‍ണം 6.3 ശതമാനം വര്‍ദ്ധിച്ചിരുന്നു. ഗോള്‍ഡ് ഇ.ടി.എഫില്‍ മേയില്‍ പുതുതായി ചേര്‍ക്കപ്പെട്ടത് 2.23 ലക്ഷം പോര്‍ട്ട്ഫോളിയോകളാണ്.


◼️ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറ്റുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ചിത്രത്തില്‍ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൌബിന്റെ കഥാപാത്രം മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റോറിയാണ് ചിത്രം. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക് ഉണ്ട്.


◼️വരുണ്‍ ധവാന്‍, കിയാര അദ്വാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് മെഹ്ത സംവിധാനം ചെയ്ത ജഗ്ജഗ് ജീയോയിലെ വീഡിയോ ഗാനം പുറത്തെത്തി. ദുപ്പട്ട എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയതും സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നതും ഡീസ്ബിയാണ്. ശ്രേയ ശര്‍മ്മയും ഒപ്പം പാടിയിരിക്കുന്നു. അനില്‍ കപൂര്‍, നീതു കപൂര്‍, മനീഷ് പോള്‍, പ്രജക്ത കോലി, ടിസ്‌ക ചോപ്ര, വരുണ്‍ സൂദ്, എല്‍നാസ് നുറൂസ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. റിഷഭ് ശര്‍മ്മ, അനുരാഗ് സിംഗ്, സുമിത് ബതേജ, നീരജ് ഉദ്ധ്വാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അനുരാഗ് സിംഗിന്റേതാണ് കഥ. റിഷഭ് ശര്‍മ്മയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജൂണ്‍ 24ന് ചിത്രം തിയറ്ററുകളിലെത്തും.


◼️പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെ.ടി.എമ്മിന്റെ നെക്സ്റ്റ് ജനറേഷന്‍ മോഡലായ ആര്‍.സി 390 വിപണിയിലെത്തി. 3.13 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളില്‍ തുടങ്ങി. 2014ലാണ് കെ.ടി.എം ആദ്യമായി ആര്‍.സി 390 എന്ന സൂപ്പര്‍ സ്പോര്‍ട്‌സ് ബൈക്ക് പുറത്തിറക്കിയത്. റേസിംഗ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്പന ചെയ്തതാണ് പുത്തന്‍ മോഡല്‍. മോട്ടോര്‍സൈക്കിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പോലെ ഗ്രാന്‍പ്രീയില്‍ മാത്രം കാണുന്ന സവിശേഷതകള്‍ പുത്തന്‍ മോഡലിലുണ്ട്. ലക്വിഡ് കൂള്‍, സിംഗിള്‍ സിലിണ്ടര്‍, 373 സി.സിയാണ് എന്‍ജിന്‍. 13.7 ലിറ്ററാണ് ഇന്ധനടാങ്ക് ശേഷി.


◼️ജീവിതത്തിന്റെ കഠിനകാലങ്ങളില്‍നിന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ കണ്ടെടുത്ത സുന്ദരികളും തന്റേടികളും ശക്തകളുമായ കഥാപാത്രങ്ങള്‍. നിശ്ശബ്ദവും നിഗൂഢവുമായ പെണ്‍വാഴ്വുകളെ മുറുകെപ്പുണരുന്ന കഥകള്‍. 'സ്ത്രീകഥകള്‍'. ഉറൂബ്. എച്ച്ആന്‍ഡ്സി ബുക്സ. വില 140 രൂപ.


◼️കോവിഡ് അണുബാധയ്ക്ക് മാസങ്ങള്‍ക്കു ശേഷം രോഗികളില്‍ മാനസിക പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് അമേരിക്കയിലെ ഒറിഗോണ്‍ സ്റ്റേറ്റ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് അണുബാധ ബാധിച്ചവരില്‍ രോഗബാധയ്ക്ക് നാല് മാസങ്ങള്‍ക്കു ശേഷം മാനസിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മറ്റ് ശ്വാസകോശ അണുബാധകളുണ്ടായവരെ അപേക്ഷിച്ച് 25 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. നാഷണല്‍ കോവിഡ് കോഹര്‍ട്ട് കൊളാബറേറ്റീവില്‍ നിന്നുള്ള 46,610 കോവിഡ് പോസിറ്റീവ് രോഗികളുടെ വിവരങ്ങളാണ് പഠനത്തിനായി വിലയിരുത്തിയത്. കോവിഡ് നിര്‍ണയിച്ച് 21 മുതല്‍ 120 ദിവസം വരെയുള്ളതും 120 മുതല്‍ 365 ദിവസം വരെയുള്ളതും എന്നിങ്ങനെ രണ്ട് കാലയളവിലെ രോഗികളുടെ മാനസികാരോഗ്യ മാറ്റങ്ങളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. കോവിഡ് രോഗികളില്‍ മാനസിക പ്രശ്നമുണ്ടാകാനുള്ള സാധ്യതാ നിരക്ക് 3.8 ശതമാനമായിരിക്കുമ്പോള്‍ മറ്റ് ശ്വാസകോശ അണുബാധ ബാധിച്ചവരില്‍ ഇത് 3 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. രോഗികളില്‍ ഉത്കണ്ഠാ പ്രശ്നങ്ങള്‍, മൂഡ് മാറ്റങ്ങള്‍ എന്നിവയുണ്ടാകാനുള്ള സാധ്യതയും ഗവേഷകര്‍ വിലയിരുത്തി. രോഗികളും ആരോഗ്യ പ്രവര്‍ത്തകരും കൂടുതല്‍ കരുതല്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയാല്‍ മതിയെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 78.08, പൗണ്ട് - 95.49, യൂറോ - 81.83, സ്വിസ് ഫ്രാങ്ക് - 78.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.60, ബഹറിന്‍ ദിനാര്‍ - 207.15, കുവൈത്ത് ദിനാര്‍ -254.55, ഒമാനി റിയാല്‍ - 202.80, സൗദി റിയാല്‍ - 20.81, യു.എ.ഇ ദിര്‍ഹം - 21.26, ഖത്തര്‍ റിയാല്‍ - 21.45, കനേഡിയന്‍ ഡോളര്‍ - 60.81.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad