Type Here to Get Search Results !

അഗ്നിപഥ്' പ്രക്ഷോഭം; രണ്ട് പേര്‍ മരിച്ചു, 12 ട്രെയ്‌നുകള്‍ കത്തിച്ചു, പദ്ധതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് കേന്ദ്രം.പൊലീസ് വെടിവെപ്പില്‍ പതിമൂന്നോളം പേര്‍ക്ക് പരുക്ക്



ന്യൂഡല്‍ഹി: അഗ്നിപഥ് സൈനീക പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തെലങ്കാനയില്‍ പതിനെട്ടുകാരനും ബിഹാറില്‍ നാല്‍പതുകാരനുമാണ് ജീവന്‍ നഷ്ടമായത്. തെലങ്കാനയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വെടിവെപ്പിലാണ് പതിനെട്ടുകാരനായ ദാമോദര രാഗേഷ് കൊല്ലപ്പെട്ടത്. അരക്കെട്ടിന് വെടിയേറ്റ ദാമോദരനെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. പൊലീസ് വെടിവെപ്പില്‍ പതിമൂന്നോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.


ബിഹാറില്‍ പ്രതിഷേധക്കാര്‍ തീയിട്ട ജന്‍സേവ എക്‌സ്പ്രസില്‍ ഉണ്ടായ യാത്രക്കാരനാണ് മരിച്ചത്. ലഖിസാരായിയില്‍ നിന്നുള്ള നാല്‍പ്പതു വയസ്സുകാരന്‍ പുക ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്. അഗ്നിപഥിനെതിരായ പ്രതിക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ പന്ത്രണ്ടോളം ട്രെയിനുകള്‍ അഗ്നിക്കിരയായി. ബിഹാര്‍, തെലുങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം കനത്തത്.


സെക്കന്തരബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ആദ്യം കല്ലുകൾ എറിഞ്ഞു. പിന്നീട് ഹൗറയിലേക്കുള്ള ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, രാജ്‌കോട്ട് എക്‌സ്പ്രസ്, ഫലക്‌നുമ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ അഗ്നിക്കിരയാക്കിയെന്ന് റെയില്‍വേ അധികൃതര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യാത്ര തടസ്സപ്പെടുത്താന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ബൈക്കുകള്‍ എറിഞ്ഞതായും അധികൃതര്‍ കൂട്ടിചേര്‍ത്തു. റെയില്‍വേ പൊലീസ് മുന്നറിയിപ്പില്ലാതെയാണ് തങ്ങള്‍ക്ക് നേരെ വെടി വച്ചതെന്ന് പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട വംശി കൃഷ്ണ റെഡ്ഡി ആരോപിച്ചു.


ബിഹാറില്‍ ആറോളം ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. ലഖിസാരായി, ഫതുവ, ഇസ്ലാംപൂര്‍, ദനാപൂര്‍, കുല്‍ഹാരി എന്നിവിടങ്ങളിലാണ് ട്രെയിനുകള്‍ക്ക് തീയിട്ടത്. ഔറംഗാബാദില്‍ നിരവധി സ്‌കൂള്‍ ബസുകളും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്. ഉപ മുഖ്യമന്ത്രി രേണു ദേവിയുടെയും പ്രസിഡന്റ് സഞ്ജയ് ജെസ്വാളിന്റെയും ചമ്പാരന്‍ ജില്ലയിലെ ബെട്ടിയയിലെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടായി.


ജൂണ്‍ 19 വരെ പതിനഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ അര്‍ധ സൈനീക വിഭാഗത്തെയും വിന്യസിപ്പിച്ചു. അതേസമയം, ആര്‍ജെഡി, ഇടത് പാര്‍ട്ടികള്‍ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad