തൃശ്ശൂര്‍: പഴഞ്ഞിയില്‍ മത സൗഹര്‍ദ്ദ സന്ദേശമുയര്‍ത്തി ഒരു വിവാഹം. ക്ഷേത്രത്തിലെ താലികെട്ടിനുശേഷം വധൂവരന്മാന്‍ പഴഞ്ഞി സെന്‍റ് മേരീസ് കത്തീഡ്രലിലെത്തി മാലയിട്ടു.
പഴഞ്ഞി കൈതവളപ്പ് വീട്ടില്‍ കെ.കെ. ശിവദാസന്‍റെയും സബിദയുടെയും മകള്‍ ശാശ്രയയും കോലളമ്ബ് കൊട്ടിലിങ്ങല്‍ വാസുവിന്‍റെയും കല്ലുവിന്‍റെയും മകന്‍ വൈശാഖുമാണ് ക്ഷേത്രത്തില്‍ താലി കെട്ടി പള്ളിയിലെത്തി മാലയിട്ടത്.
പഴഞ്ഞി പെരുന്നാള്‍ റാസയില്‍ ശിവദാസന്‍ വര്‍ഷങ്ങളായി കുത്തുവിളക്കെടുക്കാറുണ്ട്. മകളുടെ വിവാഹത്തിന് പള്ളിയിലെത്തി മാലയിടമെന്ന ആഗ്രഹം ശിവദാസന്‍ ഓര്‍ത്തഡോക്സ് സഭ കുന്നംകുളം സഹായ മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസിനെ അറിയിച്ചു. സഹായമെത്രാപ്പോലീത്തയുടെ അനുമതി ലഭിച്ചതോടെയാണ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെത്തി വരണമാല്യം ചാര്‍ത്താന്‍
വഴിയൊരുങ്ങിയത്.
കൈതവളപ്പ് കുടുംബ ക്ഷേത്രത്തിലായിരുന്നു വിവാഹം. തുടര്‍ന്ന് പള്ളിയിലേക്ക് വധൂവരന്മാരെത്തി. ഇരുവരെയും ആശിര്‍വദിക്കാന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എത്തിയിരുന്നു വികാരി ഫാ. സഖറിയ കൊള്ളന്നൂര്‍, സഹ വികാരി ഫാ. തോമസ് ചാണ്ടി എന്നിവരും ചടങ്ങിനെത്തിയിരുന്നു. ശിവദാസന്‍റെ കുടുംബത്തിന് പഴഞ്ഞി പള്ളിയുമായുള്ള ബന്ധം ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പങ്കുവച്ചു. വധൂവരന്മാര്‍ക്ക് മാലയും ബൊക്കയും ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കൈമാറി.