Type Here to Get Search Results !

ഇടുക്കി ഡാമിൻറെ കഥ


കേരളത്തിൻറെ ഊർജ്ജ ഹൃദയമാണ് ഇടുക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതോൽപാദന കേന്ദ്രം. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം. ബഹുമതികൾക്കപ്പുറം പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് ഇടുക്കി അണക്കെട്ട്ന്. 1932 മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ ജെ ജോണും സുഹൃത്തായ തോമസ് ഇടയാറ്റും ഇടുക്കിയിലെ ഘോര വനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത് എന്നത് ചരിത്രം. ഈ യാത്രയാണ് പിന്നീട് ഇടുക്കി ഡാമിൻറെ പിറവിക്കു കാരണമായത്. മിടുക്കോടെ തലയുയർത്തി നിൽക്കുന്ന ഇടുക്കി ഡാമിൻറെ പിറവിയിൽ ഒരു സ്റ്റുഡിയോക്കും അതിൻറെ ഉടമയായ എം ജെ ഫിലിപ്പ്നും വലിയ പങ്കുണ്ട്. അതോടൊപ്പം ചേർത്തു പറയേണ്ട മറ്റൊരു പേര് കൂടിയുണ്ട്. ആദിവാസിയായ കൊലുമ്പൻ.


ഘോര വനങ്ങളിലൂടെ നടക്കുന്നതിനിടയിലാണ് wj ജോണും സുഹൃത്തും കൊലുമ്പൻ എന്ന ആദിവാസി മൂപ്പനെ കണ്ടുമുട്ടുന്നത്. തുടർന്നങ്ങോട്ടുള്ള യാത്രയിൽ കൊലുമ്പനെയും

അവർ ഒപ്പം കൂട്ടി. അങ്ങനെ അവർ വീണ്ടും മുന്നോട്ടു നടന്നു.കൊലുമ്പൻ ആയിരുന്നു വഴികാട്ടി.കാടും മേടും താണ്ടി പ്രണയാതുരയിൽ ഒരുമിച്ച കുറവന്റെയും കുറത്തിയുടെയും ഐതിഹ്യം ഒക്കെ പറഞ്ഞു കൊടുത്ത് കൊലുമ്പൻ അവരെ ഇടുക്കിയുടെ വശ്യ സൗന്ദര്യത്തിലേക്ക് ആനയിച്ചു. തോമസ് അതെല്ലാം ക്യാമറയിൽ പകർത്തി. ആ സമയം യുഗങ്ങൾക്കപ്പുറം ആരെങ്കിലും തങ്ങളെ ചേർത്തു പിടിക്കും എന്ന പ്രതീക്ഷയിൽ അടിത്തട്ടിലൂടെ കളകളം പാടി ഒഴുകുന്ന പെരിയാറിനെ ലാളിച്ചു കഴിഞ്ഞു കൂടുകയായിരുന്നു കുറവൻമലയും കുറത്തി മലയും.

കൊലുമ്പന്റെ വിവരണവും ഇടുക്കിയുടെ വശ്യമനോഹരതയും ആസ്വദിക്കുന്നതിനിടെ പെരിയാർ നദി ജോണിനെ ആകർഷിച്ചു.


തോളുരുമ്മി നിൽക്കുന്ന കുറത്തിക്കും കുറവനും ഇടയിലൂടെ കുത്തി ഒഴുകി വരുന്ന ആ നദിക്ക് കുറുകെ അണ കെട്ടി വെള്ളം സംബരിച്ചാൽ അതിൽനിന്ന് വൈദ്യുതോല്പാദനം നടത്താൻ സാധിക്കുമെന്ന് ജോൺ കണക്കുകൂട്ടി.


അങ്ങനെ പെരിയാറിന് കുറുകെ അണക്കെട്ട് നിർമിക്കുന്നതിന് സാധ്യതകൾ ചൂണ്ടിക്കാട്ടി അദ്ദേഹം തിരുവിതാംകൂർ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചു. എൻജിനീയറായ സഹോദരന്റെ സഹായത്തോടെയാണ് ജോൺ റിപ്പോർട്ട് തയ്യാറാക്കിയത്. അത് സർക്കാരിന് സമർപ്പിച്ചെങ്കിലും അധികൃതർ അത് കാര്യമാക്കിയില്ല. പെരിയാറിനേയും ചെറുതോണി പുഴയെയും ബന്ധിപ്പിച്ച് ഡാം നിർമ്മിക്കുന്നതിന്റെ സാധ്യതകളെ ചൂണ്ടി പിന്നെയും നിരവധി റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.

ഈ ഡാമിൻറെ കഥ പറയുമ്പോൾ ഇടുക്കിയിലെ ആദ്യ സ്റ്റുഡിയോ ആയ റോയൽ സ്റ്റുഡിയോയേയും അതിന്റെ ഉടമയായ എം ജെ ഫിലിപ്പ്ന്റെയും കഥയും പറയണം.


1935 കാലഘട്ടം ഇടുക്കിയിൽ കുടിയേറ്റം തകൃതിയായി നടക്കുന്ന സമയം എല്ലാവരും കൃഷിയിലേക്ക് തിരിഞ്ഞപ്പോൾ തൊടുപുഴയിലെ എം ജെ ഫിലിപ്പ് എന്ന ഇരുപത്തിരണ്ടുകാരന്റെ മനസ്സിൽ കുടിയേറിയത് ഇടുക്കിയുടെ മനോഹാരിത തന്നെയായിരുന്നു. ആ വശ്യ സൗന്ദര്യം ചിത്രങ്ങൾ ആക്കണം എന്ന ആഗ്രഹത്താൽ അയാൾ ഒരു സ്റ്റുഡിയോ തുടങ്ങാൻ തീരുമാനിച്ചു. എതിർപ്പുകളെ അവഗണിച്ച് തൊടുപുഴയിലെ ഒരു മച്ചിന്റെ പുറത്ത് ഇടുക്കിയുടെ ആദ്യത്തെ സ്റ്റുഡിയോ ആയ റോയൽ സ്റ്റുഡിയോ പ്രവർത്തനം തുടങ്ങി. ഫീൽഡ് ക്യാമറ വെച്ചായിരുന്നു ചിത്രം പകർത്തിയത്. വൈദ്യുതി ഇല്ലാതിരുന്ന കാലമായതിനാൽ കൃത്രിമമായി വെളിച്ചം ഉപയോഗിച്ചാണ് ഫിലിം കഴുകുക. ഇനി ലോയൽ സ്റ്റുഡിയോയും എം ജെ ഫിലിപ്പും ഇടുക്കി ഡാമിൻറെ കഥയിലേക്ക് എത്തുന്നത് എങ്ങനെ എന്ന് നോക്കാം.


ഒരു ദിവസം ഫിലിപ്പിന്റെ സ്റ്റുഡിയോയുടെ പടവുകൾ കയറി ഒരു വിശിഷ്ടാതിഥി എത്തി. മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട്. ഡബ്ല്യു ജെ ജോൺ..കൊളുമ്പനെയും കൂട്ടി നായാട്ട് ന് ഇറങ്ങിയപ്പോൾ തോമസ് പകർത്തിയ ചിത്രങ്ങൾ കഴുകാൻ എത്തിയതായിരുന്നു അദ്ദേഹം. സ്വീകരിച്ചിരുത്തി ഫിലിപ്പ് ചിത്രങ്ങൾ കഴുകാൻ തുടങ്ങി. പച്ചവിരിച്ച് മേലാപ്പ് അണിഞ്ഞു കിടക്കുന്ന ഇടുക്കി. മരങ്ങൾ തോറും ചാടിക്കളിക്കുന്ന കുരങ്ങുകൾ. അരുവികളിൽ വെള്ളം കുടിക്കാനെത്തുന്ന ആനക്കൂട്ടങ്ങൾ. ചെറുകാടുകൾക്കിടയിലൂടെ ഒളിച്ചിരിക്കുന്ന പുള്ളിമാനുകൾ അങ്ങനെ ഇടുക്കിയുടെ വഷ്യ ചാരുത ഓരോ ചിത്രങ്ങളായി വരുന്നതിനിടെ ഒരു ചിത്രം ഫിലിപ്പിന്റെ മനസ്സിൽ ആയത്തിൽ പതിച്ചു .2 മലകൾക്കിടയിലൂടെ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ചിത്രം


കുറവൻ കുറത്തി മലകളെ വെട്ടിമാറ്റി പശ്ചിമഘട്ടത്തിൽ നിന്ന് ഒഴുകിവരുന്ന കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാർന്റെ ചിത്രം.


ആ ചിത്രങ്ങൾ ജോണിന് നൽകിക്കൊണ്ട് ഇരുവരും പിരിഞ്ഞു. പിന്നീട് ജോണും ഫിലിപ്പും ഇടുക്കി ഡാമിൻറെ ചരിത്രത്തിലേക്ക് ഫീൽഡ് ക്യാമറയുമായി പലവട്ടം ഇറങ്ങി. ഭാരമേറിയ തൻറെ ഫീൽഡ് ക്യാമറ തലയിൽ വച്ചു കൊണ്ടാണ് ഫിലിപ്പ് ജോണിനൊപ്പം പെരിയാറിന്റെ ദൃശ്യഭംഗി പകർത്താൻ എത്തിയത്.


ആ വെള്ളച്ചാട്ടത്തിന്റെ പല ആംഗിളുകളിൽ നിന്നുള്ള ചിത്രങ്ങൾ ഫിലിപ്പ് പകർത്തി. പലപ്പോഴും ജോണും തോമസും ഒലുമ്പനും ഫിലിപ്പുമെല്ലാം സംഘങ്ങളായി എത്തി കുറവന്റെയ്യും കുറത്തിയുടെയും മടിത്തട്ടിൽ വിശ്രമിച്ചു. രാവുകൾ പകലാക്കി അവർ അവിടെ താമസിച്ചു.


ഫിലിപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ പലതും ഇടുക്കി അണക്കെട്ട് പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിനൊപ്പം ജോണ് സർക്കാറിന് സമർപ്പിച്ചു. ഡാമിലെ വെള്ളം നിറയുന്നതിനുമുമ്പുള്ള അപൂർവ ചിത്രം പകർത്താൻ സാധിച്ചവരിൽ ഒരാളായിരുന്നു എംജി ഫിലിപ്പ്.


ഇന്നും കെഎസ്ഇബി ഉൾപ്പെടെ ഉപയോഗിക്കുന്ന ചിത്രങ്ങൾ അദ്ദേഹം പകർത്തിയതാണ്. ജോണിന്റെ റിപ്പോർട്ട് സർക്കാർ പരിശോധിച്ചെങ്കിലും അണക്കെട്ട് നിർമിക്കൽ അതീവ ദുർഘടമായ ഒന്നായിരുന്നു. അതീവ ദുർഘടമായ ആ മലയിടുക്കിൽ കൂറ്റൻ അണക്കെട്ടുകൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യകൾ അന്ന് നമുക്ക് ഉണ്ടായിരുന്നില്ല.

മാത്രമല്ല അവിടെ വേണ്ടത് ഒരു ആർച്ച് ഡാം ആയിരിക്കണം എന്നത് മറ്റൊരു പ്രശ്നമായി.ഡാമുകൾ പലതരത്തിൽ ഉണ്ട്. മണ്ണുകൊണ്ടു നിർമ്മിക്കുന്ന എർത്ത് ഡാം. ഭാരം കരുത്തേകുന്ന ഗ്രാവിറ്റി ഡാം.കമാന രൂപത്തിൽ അകത്തേക്ക് തള്ളി നിക്കുന്ന ആർച്ച് ഡാം. എന്നിങ്ങനെ പലതും..

കൂടാതെ അണക്കെട്ട് നിർമിക്കുന്ന ഭൂമിയുടെ പ്രത്തേകത. ഉൾക്കൊള്ളേണ്ട വെള്ളത്തിൻറെ അളവ്, താങ്ങാൻ കഴിയുന്ന മർദ്ദം ഇതെല്ലാം കണക്കിൽ എടുത്താണ് ഏത് തരത്തിലുള്ള ഡാമാണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് അതുവഴി ഒഴുകുന്ന പുഴയെ പണി നടക്കുന്ന സമയത്ത് വഴിതിരിച്ചു വിടുക എന്നത്.കൃത്രിമമായ ഒരു കനാൽ ഉണ്ടാക്കി വെള്ളം ആ വഴിക്ക് തിരിച്ചുവിടുകയാണ് പലയിടത്തും ചെയ്തത്. അങ്ങനെ ആണ്ടുകൾ പലതു കഴിഞ്ഞു 1961ലാണ് ഇടുക്കി ഡാമിനായി രൂപകൽപന തയ്യാറാകുന്നത്. 1963 ൽ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം കിട്ടി. നിർമ്മാണ ചുമതല സംസ്ഥാന വൈദ്യുതി ബോർഡ് ഏറ്റെടുക്കുകയും ചെയ്തു.

കുളമാവ്, ചെറുതോണി, മലയിടുക്കുകളിൽ രണ്ട് സാധാരണ ഗ്രാവിറ്റി ഡാമും കുറവൻ-കുറത്തി മലകളെ ബന്ധിപ്പിച്ച് കൂറ്റൻ ആർച്ച് ഡാമുമാണ് നിർദ്ദേശിച്ചത്. സംഭരണിക്ക് താഴെ ആറ് മീറ്റർ വ്യാസത്തിലും 6000 മീറ്റർ നീളത്തിലുമുള്ള തുരംഗവും മൂലമറ്റത്തെ ഭൂഗർഭ നിലയത്തിൽ സ്ഥിതി ചെയ്യുന്ന 780 മെഗാവാട്ട് വൈദ്യുതി നിലയവും ചേർന്ന രീതിയിലാണ് പദ്ധതി രൂപകല്പന ചെയ്യപ്പെട്ടത്..

കേന്ദ്രത്തിന്റെ അനുമദിക്കു പിന്നാലെ പാരിസ്ഥിതിക അനുമതിയും ലഭിച്ചതോടെ കുത്തി ഒളിക്കുന്ന പെരിയാറിന് കുറുകെ ഡാം നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിൻറെ നീക്കങ്ങൾക്ക് വേഗയതയേറി. ഇതിനായി കാനഡയിലെ എസ്എൻസി കമ്പനിയുടെ സാങ്കേതിക സാമ്പത്തിക സഹായം കൂടി ഉറപ്പാക്കി.

പിന്നീട് കെഎസ്ഇബി സൂപ്രണ്ട് എൻജിനീയർ ഫിലിപ്പോസിന്റെ നേതൃത്വത്തിൽ കേരളം കണ്ട ഏറ്റവും വലിയ വികസന പദ്ധതി ഇടുക്കിയുടെ മാറിൽ ചിറകു വിരിക്കാൻ തുടങ്ങി.

പടുകൂറ്റൻ യന്ത്രസാമഗ്രികളും ആയിരക്കണക്കിന് തൊഴിലാളികളും ഇടുക്കിയിലെ മലമടക്കുകളിൽ തമ്പടിച്ചു. എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും ഉറക്കമൊഴിച്ച് ആ വലിയ അണക്കെട്ട് നിർമിക്കാനുള്ള വിയർപ്പ് ഒഴുക്കി. 839 മീറ്റർ ഉയരമുള്ള കുറവൻ മലയേയും 925 മീറ്റർ ഉയരമുള്ള കുറത്തി മലയേയും ബന്ധിപ്പിക്കുന്നതാണ് കമാന ആകൃതി യിലുള്ള പ്രധാന അണക്കെട്ട്. പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും ഇതിന് അടുത്തുള്ള കിളിവള്ളി തോട്ടിലും വെള്ളം നഷ്ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ട്കൾ നിർമിച്ചു.

ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രീതിയിലുള്ള നിർമ്മാണ രീതിയാണ് സ്വീകരിച്ചത്. നിർമാണത്തിനാവശ്യമായ കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോൾ താപനില കുറയ്ക്കുവാനായി ഐസ് ഉപയോഗിച്ചിരുന്നു.

1973 ൽ സി അച്യുതമേനോൻ മുഖ്യമന്ത്രി ആയിരിക്കെ 554 അടി ഉയരവും 1200 അടി നീളവും ഉള്ള ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം പൂർത്തിയായി. 1974 ഫെബ്രുവരിയിൽ ഡാമിൽ വെള്ളം നിറഞ്ഞു. 75 ൽ ഒക്ടോബറിൽ മൂലമറ്റത്ത് നിന്നും ആദ്യമായി വൈദ്യുതി ഉൽപ്പാദിപ്പിച്ചു കൊണ്ട് പവർഹൗസ് ന്റെ ട്രയൽ ആരംഭിച്ചു.

1976 ഫെബ്രുവരി 12 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഇടുക്കി ഡാം രാഷ്ട്രത്തിന് സമർപ്പിച്ചു. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. 70.5 പിഎംസി വരെയാണ് സംബരിക്കാറുള്ളത്.

780 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ ഉൽപാദന കേന്ദ്രം മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളിൽനിന്ന് 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർഹൗസ് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതനിലയം കൂടിയാണ്.

നാലുപതിറ്റാണ്ടിലേറെയായി ഇടുക്കി ഡാമും പെരിയാറും കേരള ചരിത്രത്തിന്റെ ഭാഗമായി നില കൊള്ളുന്നു. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ മൊത്തം ശേഷിയുടെ മുഖ്യപങ്കും പെരിയാറിലെ ജലത്തിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. ഇടുക്കി അണക്കെട്ടിന് സമീപം വെള്ള പാറയിലെ കൊലുമ്പൻ സമാധി പ്രതിമയുടെ രൂപത്തിൽ വെള്ളായൻ കൊലുമ്പൻ ഇന്നും ഡാമിന് കാവലുണ്ട്.




തങ്ങളുടെ പ്രണയ സ്മാരക ത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ട് രാമക്കൽമേട്ടിൽ കുറവൻ കുറത്തി പ്രതിമയും സഞ്ചാരികളെ ആകർഷിക്കുന്നു. ഇടുക്കിയുടെ ദൃശ്യഭംഗി പകർത്തിയ ഫിലിപ്പ് 1988 ൽ ഓർമചിത്രം ആയി .....

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad